സംസ്ഥാനത്ത് മഴ കടുത്തതിനൊപ്പം വിവിധതരം പനികളും പിടിമുറുക്കുന്നുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, വൈറൽ ഫീവർ തുടങ്ങിയവ ബാധിച്ച് ആശുപത്രികളിലെത്തുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. എച്ച്1എൻ1 സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. ഇതിനിടെ മലപ്പുറം പൊന്നാനി സ്വദേശി സൈഫുന്നീസ ഇന്ന്(ബുധനാഴ്ച) കുന്നംകുളത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു. രോ​ഗം മൂർച്ഛിച്ചതിനേത്തുടർന്ന് ഞായറാഴ്ചയാണ് സൈഫുന്നീസയെ കായംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ സാഹചര്യത്തിൽ രോ​ഗപ്പർച്ചയേക്കുറിച്ചും പ്രതിരോധത്തേക്കുറിച്ചും അറിഞ്ഞിരിക്കണം. 

To advertise here,

എന്താണ് എച്ച്1 എന്‍1?

ഇന്‍ഫ്‌ളുവന്‍സ വിഭാഗത്തില്‍പ്പെട്ട വൈറസ് പനിയാണ് എച്ച്1 എന്‍1. വായുവിലൂടെ പകരുന്ന വൈറസാണിത്. സാധാരണ വൈറല്‍ പനിക്കു സമാനമാണ് എച്ച്1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍. ചില സാഹചര്യങ്ങളില്‍ 100 ഡിഗ്രിക്കു മുകളില്‍ പനി വരാം. കൂടാതെ ചുമ, തൊണ്ടവേദന, ശ്വാസതടസം, ചുമയ്ക്കുമ്പോള്‍ രക്തം തുപ്പുന്ന അവസ്ഥ, ശരീരവേദന, ഛര്‍ദ്ദി  എന്നിവ ഉണ്ടാകുന്നു. പനി ബാധിച്ച 10 ശതമാനം ആളുകളില്‍ ശക്തമായ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഇവരില്‍ അസാധാരണമായ പനി, ശ്വാസംമുട്ടല്‍ എന്നിവയൊക്കെ കാണാന്‍ സാധിക്കും. എന്നാല്‍ മറ്റുള്ളവരില്‍ ലക്ഷണങ്ങള്‍ വളരെ സാധാരണമാണ്. രോഗത്തിന് ഫലപ്രദമായ ചികിത്സ നിലവില്‍ വൈദ്യശാസ്ത്രത്തിലുണ്ട്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം. രോഗികള്‍ പരിപൂര്‍ണ്ണ വിശ്രമം എടുക്കുക. പനിയുള്ളവര്‍ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ പോകാതിരിക്കുകയും വീട്ടില്‍ തന്നെ വിശ്രമിക്കുകയും വേണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കൂടെക്കൂടെ കഴുകുന്നത് രോഗം പകരാനുള്ള സാധ്യത കുറയ്ക്കും. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, കരള്‍- വൃക്കരോഗങ്ങള്‍ തുടങ്ങിയവ ഉള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്നു കഴിക്കുക. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗം വ്യാപിക്കാം അതിനാല്‍ അതീവ ജാഗ്രത പാലിക്കുക. യാത്രചെയ്യുന്നതും പൊതുസ്ഥലങ്ങളില്‍ പോകുന്നതും പനി മാറുന്നതു വരെ ഒഴിവാക്കുക. 

ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

മരുന്നുകള്‍

വൈറസിനെ നശിപ്പിക്കുന്ന ഒസള്‍ട്ടാമിവിര്‍ എന്ന മരുന്നാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. അസുഖം ബാധിച്ച ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ രോഗപ്രതിരോധത്തിനും ഈ മരുന്ന് നല്‍കാറുണ്ട്. ചികിത്സയ്ക്കായി അഞ്ചുദിവസത്തേക്കും പ്രതിരോധത്തിനായി 10 ദിവസത്തേക്കുമാണ് മരുന്ന് നല്‍കുന്നത്. ഡോക്ടറുടെ നിര്‍ദേശപ്രകാരംമാത്രം ഉപയോഗിക്കണം.

പ്രതിരോധം എങ്ങനെ?

വീടുകളില്‍

  •  രോഗലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം വൈദ്യസഹായം തേടണം.
  •  രോഗലക്ഷണങ്ങള്‍ കുറയുന്നതുവരെ വീടുകളില്‍ത്തന്നെ തുടരണം. യാത്രകളുംമറ്റും ഒഴിവാക്കുക.
  •  വീട്ടിലുള്ള മറ്റുള്ളവരുമായും പുറത്തുള്ളവരുമായുള്ള സമ്പര്‍ക്കം കഴിവതും കുറയ്ക്കുക
  •  കൈകള്‍ വൃത്തിയായി കഴുകുക. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ഓരോ തവണയും കൈകഴുകാന്‍ മറക്കരുത്.
  •  രോഗബാധിത മേഖലകളിലേക്കുള്ള യാത്രകളും രോഗം ബാധിച്ചവരെ സന്ദര്‍ശിക്കുന്നതും പറ്റുമെങ്കില്‍ ഒഴിവാക്കുക.
  •  ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മുഖവും കവര്‍ചെയ്യുക. രോഗാണുക്കള്‍ പകരാതിരിക്കാന്‍ ഇത് സഹായിക്കും.
  •  ആരോഗ്യവകുപ്പിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക
  • ഗുരുതരമായ അസുഖത്തിന്റെ ലക്ഷണങ്ങള്‍ രോഗിയില്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുക
  •  അപകടസാധ്യത കൂടുതലുള്ള ആളുകള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുക.

സ്‌കൂളുകളില്‍

  • രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യമുണ്ടായാല്‍ സ്‌കൂള്‍ അസംബ്ലി അത്യാവശ്യമുള്ളപ്പോള്‍മാത്രം നടത്തുക
  • കുട്ടികളില്‍ രോഗലക്ഷണങ്ങളുണ്ടോ എന്ന് അധ്യാപകര്‍ ശ്രദ്ധിക്കണം
  • അധ്യാപകര്‍ക്കോ മറ്റുജീവനക്കാര്‍ക്കോ അസുഖം വന്നാല്‍ വീട്ടില്‍ത്തന്നെയായിരിക്കാന്‍ ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളവര്‍ സ്‌കൂളുകളില്‍ പോകരുത്
  • കുട്ടികള്‍ കൈ വൃത്തിയായി കഴുകുന്നത് ശീലമാക്കണം
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്ക്കാൻ പഠിപ്പിക്കണം
  •  ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കണം. കുട്ടികള്‍ക്ക് വായിക്കാന്‍ ചെറിയ ലീഫ് ലെറ്റുകള്‍ കൊടുക്കണം