ശീതളപാനീയങ്ങൾ, പാക്കറ്റ് ജ്യൂസുകൾ, എനർജി ബൂസ്റ്ററുകൾ തുടങ്ങി മധുരം കലർന്ന പാനീയങ്ങൾ പല രൂപത്തിൽ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. എന്നാൽ, സ്ഥിരമായി ഇത്തരത്തിൽ മധുരമടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് വലിയ അപകടത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പാണ് പുതിയ പഠനങ്ങൾ നൽകുന്നത്.
ഈ പാനീയങ്ങളിൽ കാണപ്പെടുന്ന ഗ്ലൂക്കോസ്-ഫ്രക്റ്റോസ് മിശ്രിതം വൻകുടലിൽ അർബുദം പടരാൻ കാരണമാകുമെന്ന് ഗവേഷകർ കണ്ടെത്തി. നേച്ചർ മെറ്റബോളിസം എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മുതിർന്നവർക്ക് പുറമെ കുട്ടികളും ഈ പാനീയങ്ങൾ ഉപയോഗിക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും ആശങ്കാജനകമായ കാര്യം.
മിക്ക മധുര പാനീയങ്ങളും ഗ്ലൂക്കോസിന്റെയും ഫ്രക്ടോസിന്റെയും സംയോജനം ഉപയോഗിച്ചാണ് നിർമിക്കുന്നത്. അവയുടെ സംയോജനമാണ് ഏറ്റവും മാരകമായ അപകടസാധ്യത ഉയർത്തുന്നതെന്ന് പഠനം പറയുന്നു. ഗ്ലൂക്കോസോ ഫ്രക്ടോസോ മാത്രമായി ഉപയോഗിച്ചപ്പോൾ ഈ പ്രശ്നം കണ്ടിരുന്നില്ല. എന്നാൽ, ഈ മിശ്രിതവുമായി സമ്പർക്കത്തിൽ വരുമ്പോൾ കാൻസർ കോശങ്ങൾ കൂടുതൽ ചലനക്ഷമമാവുന്നു. കൂടാതെ, വൻകുടലിൽ നിന്ന് കാൻസർ കരളിലേക്ക് അതിവേഗം പടരുന്നതായും ഗവേഷകർ നിരീക്ഷിച്ചു.
മലാശയ അർബുദത്തെക്കുറിച്ച്
വന്‍കുടലിന്റെ അവസാനഭാഗം മുതല്‍ മലദ്വാരം വരെയുള്ള ഭാഗത്ത്, മലാശയ ഭിത്തിയില്‍ മുന്തിരിക്കുലയുടെ ആകൃതിയില്‍ പ്രത്യക്ഷപ്പെടുന്ന പോളിപ്പുകള്‍ (polip) ആയാണ് ഈ ട്യൂമറുകളുടെ തുടക്കം. ഇവ പിന്നീട് അര്‍ബുദകാരികളായി (കാന്‍സറസ്) മാറുകയാണ് ചെയ്യുക. സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണശീലം അവലംബിച്ചും ചിട്ടയായ വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിച്ചു നിർത്തിയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിച്ചും മലാശയ അര്‍ബുദത്തിനുള്ള സാധ്യത കുറയ്ക്കാനാവും.
മലബന്ധം, ഡയറിയ തുടങ്ങിയവ അടിക്കടി അനുഭവപ്പെടുക, മലത്തിൽ രക്തത്തിന്റെ സാന്നിധ്യം, വയറിൽ സ്ഥിരമായുള്ള വേദനയും അസ്വസ്ഥതയും അമിതക്ഷീണം, വണ്ണംപെട്ടെന്നു കുറയൽ തുടങ്ങിയവ ലക്ഷണങ്ങളാണ്.
ഏറ്റവും ഫലപ്രദമായ പ്രതിരോധമാര്‍ഗം ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുകയാണ്. ഇതിനൊപ്പം ബീഫ്, പന്നിയിറച്ചി തുടങ്ങിയവയും സംസ്‌കരിച്ച മാംസവിഭവങ്ങളും ഒഴിവാക്കുകയും വേണം. ശരീരത്തിന്റെ അരക്കെട്ടു ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് മലാശയ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്ന ഘടകങ്ങളിലൊന്നാണ്. പൊതുവെ അമിതവണ്ണം കുറയ്ക്കാനുള്ള വ്യായാമത്തിനൊപ്പം അടിവയര്‍ ഭാഗത്തെ കൊഴുപ്പ് കുറയ്ക്കാനുള്ള പ്രത്യേക വ്യായാമങ്ങളും അവലംബിക്കണമെന്ന് അര്‍ത്ഥം. ദീര്‍ഘകാലമായി തുടരുന്ന പുകവലിയാണ് മറ്റൊരു അപകട സാധ്യതാ ഘടകം. പുകവലി മലാശയ കാന്‍സറിനു മാത്രമല്ല, ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെ മറ്റ് അര്‍ബുദങ്ങള്‍ക്കു കൂടി വഴിവയ്ക്കുമെന്നതും ശ്രദ്ധിക്കുക.
അപകടസാധ്യതാ ഘടകങ്ങൾ
മലാശയ അർബുദത്തിലേക്ക് നയിക്കുന്ന കൃത്യമായ കാരണങ്ങൾ വ്യക്തമല്ലെങ്കിലും ചുവടെ നൽകിയിരിക്കുന്ന ഘടകങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നവയാണ്.
- പ്രായം അമ്പതിന് മുകളിൽ
- രക്തബന്ധത്തിലുള്ളവരിൽ മലാശയ അർബുദം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ
- ക്രോൺസ് ഡിസീസ്
- സംസ്കരിച്ച മാംസങ്ങളുടെ അമിതോപഭോഗവും ഡയറ്റിൽ നാരുകളടങ്ങിയ ഭക്ഷണം കുറയുന്നതും
- ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നത്
- പുകവലിയും മദ്യപാനവും
- അമിതവണ്ണവും പ്രമേഹവും
Content Highlights: Sugary Drinks Linked to Increased Colon Cancer Risk: New Study
Published: 21 Sept 2025, 06:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented