തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച പാർശ്വഫലങ്ങളില്ലാത്ത പുതിയ കൊറോണറി സ്റ്റെന്റ് ഉടൻ വിപണിയിലെത്തും. ഹൃദയരക്തക്കുഴലുകളിലെ തടസ്സങ്ങൾ നീക്കാൻ സ്റ്റെന്റുകൾ ഘടിപ്പിക്കുന്ന രോഗികളിൽ കാണപ്പെടുന്ന പാർശ്വഫലങ്ങൾ പഠിച്ച് ഇവ പൂർണമായും ഒഴിവാക്കുന്ന രീതിയിലാണ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ ബയോമെഡിക്കൽ വിഭാഗം ചിത്ര കോർ, ചിത്ര ടിൻ എന്നീ സ്റ്റെന്റുകൾ വികസിപ്പിച്ചത്.
നിലവിൽ ലഭ്യമായ സ്റ്റെന്റുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയുള്ളതാണ് ചിത്ര കോർ. ചിത്ര ടിൻ ആഗോളതലത്തിലെ പുതിയ സംരംഭമാണ്. കോഴിക്കോട് ആസ്ഥാനമായ ഇൻവാസീവ് ടെക്‌നോളജീസാണ് ശ്രീചിത്രയ്ക്കുവേണ്ടി ഇവ നിർമിക്കുന്നത്.
സ്റ്റെന്റ് പ്ലാറ്റ്‌ഫോം അതിനുമുകളിൽ പോളിമർ കോട്ടിങ് എന്ന രീതിയിലുള്ള സ്റ്റെന്റുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇവ ഘടിപ്പിക്കുന്ന ഒരുവിഭാഗം ആളുകളിൽ രക്തക്കുഴലുകൾ വീണ്ടും ഇടുങ്ങി രക്തയോട്ടം തടസ്സപ്പെടുന്ന അവസ്ഥയായ റെസ്‌റ്റെനോസിസ്, സ്റ്റെന്റിന്റെ ഭാഗത്ത് രക്തം കട്ടപിടിച്ച് രക്തക്കുഴൽ അടയുന്ന ലേറ്റ് സ്റ്റെന്റ് ത്രോംബോസിസ് എന്നിവയുണ്ടാകും. സ്റ്റെന്റിനുള്ളിലെ നിക്കൽ അയോൺ പുറത്തുവരുന്നത്, ആവരണംചെയ്തിരിക്കുന്ന പോളിമറിന്റെ സാന്നിധ്യം, സ്റ്റെന്റ് വികസിക്കുമ്പോൾ റൊട്ടേറ്റ് ചെയ്യുന്നതുമൂലം രക്തധമനികളിൽ തട്ടി പരിക്കേൽക്കുന്നത് എന്നിവയാണിതിനു കാരണം. ധമനികളിലെ പരിക്ക് പരിഹരിക്കാൻ സ്റ്റെന്റിന്റെ ഡിസൈൻ, നിർമാണവസ്തുക്കൾ, നിർമാണരീതി എന്നിവ ക്രമീകരിക്കണമായിരുന്നു. ഇത്തരത്തിൽ ശ്രീചിത്ര വികസിപ്പിച്ച പുതിയ സാങ്കേതികവിദ്യയനുസരിച്ചുള്ളതാണ് ചിത്ര കോർ. ഇതിന് രണ്ട് പേറ്റന്റുകളും ലഭിച്ചു.
രക്തക്കുഴലുകൾ വീണ്ടും ഇടുങ്ങുന്നതും സ്റ്റെന്റിന്റെ ഭാഗത്ത് രക്തം കട്ടപിടിക്കുന്നതും ഒഴിവാക്കാൻ സ്റ്റെന്റുകളിൽ പോളിമർ കോട്ടിങ് ഉപയോഗിക്കാതിരിക്കുകയാണ് വേണ്ടത്. ഇതിനായി സ്റ്റെന്റിനു മുകൾഭാഗത്ത് പോളിമറിനു പകരം െസറാമിക് കോട്ടിങ്ങായ ടൈറ്റാനിയം നൈട്രൈഡ് കോട്ടിങ് നൽകി നിർമിച്ചതാണ് ചിത്ര ടിൻ. ലോകത്തിലെ ആദ്യ സാങ്കേതികവിദ്യയാണിതെന്ന് ശ്രീചിത്ര അധികൃതർ പറഞ്ഞു.
ചിത്ര കോറിന് കേന്ദ്രസർക്കാരിന്റെ നിർമാണ ലൈസൻസ് ലഭിച്ചു. രണ്ടുമാസത്തിനുള്ളിൽ ഇത് വിപണിയിലെത്തും. ചിത്ര ടിൻ ശ്രീചിത്രയിലെ പരീക്ഷണങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ആഗോളതലത്തിലെ പുതിയ സാങ്കേതികവിദ്യയായതിനാൽ വിദേശത്ത് ഉൾപ്പെടെ ഇതിനു തുടർപരീക്ഷണങ്ങൾ വേണ്ടിവരും.
ശ്രീചിത്ര മെഡിക്കൽ ഡിവൈസ് എൻജിനിയറിങ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ എൻ.എൻ. സുഭാഷ്, കോ-പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സി.വി.മുരളീധരൻ, കാർഡിയോളജി വിഭാഗം സീനിയർ പ്രൊഫസർ ഡോ. എസ്. ഹരികൃഷ്ണൻ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പദ്ധതിക്കു നേതൃത്വം നൽകിയത്.
Content Highlights: Sree Chitra Institute developed side-effect-free coronary stents named Chitra Kor and Chitra Tin., Chitra Kor uses modified design to prevent blood vessel injury and clotting, receiving manufacturing license.
Published: 17 Aug 2026, 10:40 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented