കണ്ണൂര്‍: ജൂണ്‍മുതല്‍ ഒക്ടോബര്‍വരെയുള്ള മഴക്കാലമാണ് കൂടുതല്‍ പേര്‍ക്ക് പാമ്പുകടിയേല്‍ക്കുന്നത്. ബുധനാഴ്ച പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ചെങ്ങളായി കൊയ്യത്തെ തൊഴിലുറപ്പ് തൊഴിലാളി തിരുമംഗലത്ത് മാധവി (69) മരിച്ചിരുന്നു.

To advertise here,

തൊഴിലുറപ്പ് ജോലിയുടെ ഭാഗമായി കാടുവെട്ടിത്തെളിക്കുന്നതിനിടെ അണലിയുടെ കടിയേല്‍ക്കുകയായിരുന്നു. മഴക്കാലത്ത് ഇത്തരത്തില്‍ തൊഴിലാളികള്‍ക്കുള്‍പ്പെടെ പാമ്പുകടിയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. കാടുവെട്ടിത്തെളിക്കുമ്പോള്‍ നീളത്തിലുള്ള വടി ഉപയോഗിച്ച് കാടുള്ള ഭാഗത്ത് തട്ടിനോക്കണം. 

വീടിനോട് ചേര്‍ത്തുവെച്ചിട്ടുള്ള ചെടിച്ചട്ടികള്‍, തൊണ്ട്, ചിരട്ട, വിറക് ഇവ സൂക്ഷിക്കുന്ന ഇടങ്ങളില്‍ പാമ്പുകള്‍ക്ക് ഇഷ്ടമേറെയായതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തുവേണം ഈ സ്ഥലങ്ങളില്‍ ഇടപെടലുകള്‍ നടത്താന്‍. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകളെയും ഈ അവസരങ്ങളില്‍ ശ്രദ്ധിക്കണം. പാമ്പുകളെ പൂച്ചകള്‍ എടുത്തുകൊണ്ടുവന്ന് വീട്ടിനുള്ളിലെ കിടക്കയ്ക്ക് മുകളിലോ അടുക്കളഭാഗങ്ങളിലോ കൊണ്ടിട്ടേക്കാം.

മുന്‍കരുതല്‍ വേണം

  • വീടും പരിസരവും സദാ വൃത്തിയായി സൂക്ഷിക്കുക. മുറ്റം, നടപ്പുവഴി എന്നിവിടങ്ങളില്‍നിന്ന് കാടുപടലങ്ങളും ചപ്പുചവറുകളും നീക്കുക. 
  • ഭക്ഷണാവശിഷ്ടങ്ങള്‍ ശരിയായി സംസ്‌കരിക്കുക. വലിച്ചെറിയുന്ന ഭക്ഷ്യാവശിഷ്ടങ്ങള്‍ എലികളെ ആകര്‍ഷിക്കും. എലിയുടെ സാന്നിധ്യം പാമ്പുകളെ നമുക്കടുത്തേക്കെത്തിക്കും. 
  • കെട്ടിടത്തിനു മുകളിലേക്ക് വളര്‍ന്നുനില്‍ക്കുന്ന മരങ്ങളുടെ കൊമ്പുകള്‍ നീക്കം ചെയ്യണം. ജനല്‍, എയര്‍ഹോള്‍ എന്നിവയിലേക്ക് എത്താത്ത വിധം വള്ളിച്ചെടികള്‍ വെട്ടിനിര്‍ത്തണം. 
  • ഡ്രെയിനേജ് പൈപ്പുകള്‍ ശരിയായി മൂടി സംരക്ഷിക്കണം. തുറന്ന പൈപ്പുകളിലൂടെ പാമ്പുകള്‍ കെട്ടിടത്തിലേക്കു പ്രവേശിക്കാം. 
  • വാതിലിനു താഴെയുള്ള ഇടുങ്ങിയ വിടവിലൂടെ പാമ്പുകള്‍ കടക്കാത്തെ ശ്രദ്ധിക്കണം. 
  • രാത്രിയില്‍ വെളിച്ചമില്ലാതെ സഞ്ചരിക്കുന്നത് ഒഴിവാക്കണം. 
  • വീടിന് പുറത്തുവെച്ച ഷൂ, ചെരിപ്പ്, ഹെല്‍മറ്റ് എന്നിവ ധരിക്കുമ്പോള്‍ അതിനുള്ളില്‍ ചെറിയ പാമ്പുകളോ മറ്റു ജീവികളോ ഇല്ലെന്ന് ഉറപ്പുവരുത്തണം. 

പാമ്പിന്‍വിഷം
ഇന്ത്യയില്‍ കാണപ്പെടുന്ന നൂറുകണക്കിന് പാമ്പുകളില്‍ വളരെക്കുറച്ചെണ്ണത്തിന് മാത്രമേ വിഷമുള്ളൂ. മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, അണലി (റസല്‍സ് വൈപ്പര്‍), ചുരുട്ടമണ്ഡലി (സോ സ്‌കെയില്‍ഡ് വൈപ്പര്‍) എന്നീ നാലുതരം വിഷപ്പാമ്പുകളുടെ കടിമൂലമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇവയെപ്പോലെ തോന്നുന്ന മറ്റുചില പാമ്പുകളുമുണ്ട്.

വിവിധതരം രാസവസ്തുക്കളുടെ ഒരു സങ്കീര്‍ണമിശ്രിതമാണ് വിഷം. രക്തത്തെ ബാധിക്കുന്ന വിഷം (ഹീമോടോക്‌സിന്‍), നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷം (ന്യൂറോടോക്‌സിന്‍) എന്നിവയാണ് പ്രധാനതരം വിഷങ്ങള്‍. പേശികളെയും (മയോടോക്‌സിന്‍) ഹൃദയത്തെയും (കാര്‍ഡിയോടോക്‌സിന്‍) ബാധിക്കുന്ന വിഷങ്ങളുമുണ്ട്. വിഷപ്പാമ്പിന്റെ കണ്ണിനു പിറകിലായാണ് ഉമിനീര്‍ഗ്രന്ഥിക്ക് വ്യതിയാനം സംഭവിച്ച വിഷഗ്രന്ധി സ്ഥിതിചെയ്യുന്നത്.

പാമ്പുകടിയേറ്റാല്‍

  • ആരുടെയെങ്കിലും സഹായം അഭ്യര്‍ഥിക്കുക. കടിയേറ്റ ഭാഗം ഹൃദയത്തിനെക്കാള്‍ താഴെ ആയിരിക്കാന്‍ ശ്രദ്ധിക്കുക. വിഷം പ്രധാന അവയവങ്ങളില്‍ എത്തുന്നത് വൈകിക്കാന്‍ ഇത് വഴി സാധിക്കും.
  • പരിഭ്രമിക്കരുത്, ഓടരുത്. അപ്പോള്‍ ശരീരത്തിലെ രക്തചംക്രമണം വേഗത്തിലായി ഹൃദയം, വൃക്ക, തലച്ചോര്‍ എന്നിവിടങ്ങളില്‍ വിഷം പെട്ടെന്ന് എത്തിച്ചേരും.
  • കടിയേറ്റ ഭാഗം അനക്കാതിരിക്കുക. യാതൊരു കാരണവശാലും മുറുക്കമുള്ള കെട്ടിട്ട് ആ ഭാഗത്തെ രക്തസഞ്ചാരം ഇല്ലാതാക്കരുത്. മുറിവില്‍നിന്നുമുള്ള രക്തപ്രവാഹമുണ്ടെകില്‍ മുറിവ് വൃത്തിയുള്ള തുണികൊണ്ട് കെട്ടാം.
  • മദ്യപിക്കുകയോ പുകവലിക്കുകയോ ആഹാരം കഴിക്കുകയോ ചെയ്യരുത്. വിഷം വളരെ പെട്ടെന്ന് രക്തത്തില്‍ കലരാന്‍ ഇത് കാരണമാകും. മുറിവില്‍നിന്ന് രക്തം വായകൊണ്ട് വലിച്ചെടുത്ത് തുപ്പിക്കളയാന്‍ ശ്രമിക്കരുത്. വിഷം വലിച്ചെടുക്കുന്ന വ്യക്തിക്ക് വിഷബാധ ഏല്‍ക്കാം.
  • മുറിവില്‍ ഐസ് ഉപയോഗിക്കാന്‍ പാടില്ല. ദോഷഫലം മാത്രമേ ഉണ്ടാക്കുകയുള്ളൂ. ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ഇലകളോ വെച്ചുകെട്ടാനോ കഴിക്കാനോ പാടില്ല. ആവശ്യമായ ചികിത്സ പെട്ടെന്ന് കൊടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. കഴിയുന്നത്ര വേഗം ആശുപത്രിയില്‍ എത്തിക്കുക. വിഷപ്പാമ്പിന്റെ കടിക്കുള്ള ചികിത്സ ആന്റി സ്‌നേക്ക് വെനം മാത്രമാണ്.

എഎസ്‌വി
പാമ്പുകളുടെ വിഷം കുതിരയില്‍ കുത്തിവെച്ച് വിഷത്തിനെതിരേയുണ്ടാവുന്ന ആന്റിബോഡികള്‍ രക്തത്തില്‍നിന്ന് വേര്‍തിരിച്ചെടുത്ത് ശുദ്ധീകരിച്ചാണ് ആന്റി സ്‌നേക്ക് വെനം-എഎസ്വി നിര്‍മിക്കുന്നത്. നാല് പാമ്പുകളുടെ വിഷത്തിനെതിരേ പ്രവര്‍ത്തിക്കുമെന്നതിനാല്‍ പോളിവലന്റ് ആന്റി സ്‌നേക്ക് വെനം എന്നാണ് മരുന്നിനെ വിളിക്കുന്നത്.