ഉറക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നവരാണ് പലരും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വർക്കൗട്ട് മുടക്കാതിരിക്കുകയുമൊക്കെ ചെയ്താലും ഉറക്കത്തിന്റെ കാര്യത്തിൽ ആ ചിട്ടയുണ്ടാകില്ല. ഫലമോ നിരവധി ആരോഗ്യപ്രശ്നങ്ങൾ പിന്നാലെവരും. ഉറക്കക്കുറവുള്ളവരിൽ പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ, കാൻസർ, ഹൃദ്രോഗം എന്നുതുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. ഇതുകൂടാതെ ഉറക്കം കുറയുന്നത് പ്രത്യുത്പാ ദനശേഷിയേയും സാരമായി ബാധിക്കുമെന്ന് പറയുകയാണ് ഗൈനക്കോളജിസ്റ്റായ ഡോ. അഞ്ജലി കുമാർ.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഡോ. അഞ്ജലി ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. പൊതുവേ പ്രത്യുപാദനത്തെ ബാധിക്കുന്ന ഘടകങ്ങളുടെ കൂട്ടത്തിൽ ആഹാരത്തേയും വ്യായാമത്തേയുമാണ് കൂടുതലും കണക്കാക്കാറുള്ളതെങ്കിലും അതിനേക്കാളൊക്കെ പ്രധാനമാണ് ഉറക്കം എന്നുപറയുകയാണ് അഞ്ജലി.
വൈകിയുള്ള ഉറക്കം വളരെയധികം സാധാരണവൽക്കരിക്കപ്പെട്ട സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന് അഞ്ജലി പറയുന്നു. ഉറക്കം വൈകുന്നത് ആർത്തവത്തേയും ഓവുലേഷനേയും പ്രത്യുത്പാദനത്തേയും ബാധിക്കും. ഉറക്കത്തിന്റെ സമയം സ്ഥിരമായി മാറുന്നതിനനുസരിച്ച് ഹോർമോൺ അസന്തുലിതാവസ്ഥയും ഉണ്ടാകും. ആഴത്തിലുള്ള ഉറക്കം ലഭിക്കുമ്പോഴാണ് ഓവുലേഷൻ ഹോർമോണായ LH പുറത്തുവിടുക. എന്നാൽ ഉറക്കക്കുറവ് നേരിടുമ്പോൾ ഈ ഹോർമോൺ പുറത്തുവിടുന്നതിൽ വ്യത്യാസം ഉണ്ടാവുകയും ഓവുലേഷൻ, ആർത്തവം തുടങ്ങിയവ വൈകുകയും ഗർഭധാരണത്തിന് തടസ്സം നേരിടുകയും ചെയ്യും.
പുരുഷന്മാരിൽ ഉറക്കക്കുറവ് ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ കുറയുന്നതിനും ബീജചലനശേഷി കുറയുന്നതിനും കാരണമാകുമെന്നും ഡോ. അഞ്ജലി പറയുന്നു. ചെറിയതോതിലുള്ള ഉറക്കക്കുറവുപോലും ബീജോത്പാദനത്തെ വിപരീതമായി ബാധിക്കും. ഇതുകൂടാതെ ഇൻസുലിൻ പ്രതിരോധം, ശരീരത്തിൽ വീക്കമുണ്ടാവുക, സമ്മർദം കൂടുക എന്നിവയ്ക്കും ഉറക്കക്കുറവ് കാരണമാകും. ഇവയെല്ലാം പ്രത്യുത്പാദനത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.
പ്രത്യുത്പാദനശേഷി എന്നത് പ്രായം, ശരീരഘടന എന്നിവ മാത്രം വെച്ച് അളക്കേണ്ട കാര്യമല്ലെന്നും ഉറക്കക്കുറവും വലിയപങ്ക് വഹിക്കുന്നുണ്ടെന്നും ഡോ. അഞ്ജലി കൂട്ടിച്ചേർക്കുന്നു. സുഖകരമായ ഉറക്കം ലഭ്യമാക്കുക എന്നത് ജീവിതത്തിലെ ലക്ഷ്വറിയല്ലെന്നും മറിച്ച് പ്രത്യുത്പാദനശേഷിയിൽ അത്യാവശ്യമായ ഘടകമാണെന്നും ഡോ. അഞ്ജലി പറയുന്നുണ്ട്.
ആരോഗ്യകരമായ ഉറക്കത്തിനായി ചില ടിപ്സ്
- പ്രകാശം ഉറക്കത്തെ വിപരീതമായി ബാധിക്കും. ഉറക്കത്തിന് സഹായകമാകുന്ന മെലാടോണിൻ എന്ന രാസപദാർഥം ശരീരത്തിൽ ഉത്‌പാദിപ്പിക്കുവാൻ പ്രകാശം തടസ്സമാകും എന്ന് മറക്കരുത്.
- ലൈറ്റ് ഓഫ് ചെയ്തുവെങ്കിലും ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടുമുൻപ് വരെയുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം കൊണ്ടും നേരത്തെ സൂചിപ്പിച്ച പ്രശ്നം ഉണ്ടാകാം. ഉറങ്ങുന്നതിന് ചുരുങ്ങിയത് മുക്കാൽ മണിക്കൂർ മുൻപെങ്കിലും ഫോൺ ഉപയോഗം അവസാനിപ്പിക്കുക.
- ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്. ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് കൊണ്ട് രാത്രി ഉപയോഗം ഒഴിവാക്കുക. പകരം ആവശ്യത്തിന് മധുരം ചേർത്ത് ഇളം ചൂടുള്ള പാലിൻ വെള്ളം ഉപയോഗിക്കാം.
- ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരുപാട് വെള്ളം കുടിക്കരുത്. ഉറക്കം മുറിഞ്ഞു പോകുന്നത് ഒഴിവാക്കാം.
- രാത്രി ഭക്ഷണം നേരത്തെ കഴിക്കുക. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പുളിച്ചുതികട്ടൽ, അസിഡിറ്റി എന്നിവ മൂലം ഉറക്കം നഷ്ടപ്പെടാതിരിക്കാൻ ഇത് പ്രയോജനപ്പെടും.
- ദഹിക്കാൻ എളുപ്പമുള്ള ലഘുവായ ആഹാരം അത്താഴത്തിന് തിരഞ്ഞെടുക്കാം. വറുത്തതും, പൊരിച്ചതും, മസാല ചേർത്ത് അളവിൽ കൂടുതലും, ദഹിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ആഹാരം അത്താഴത്തിന് ഉപയോഗിക്കരുത്.
- തൈര്, പുളിയുള്ള പഴങ്ങൾ (ഓറഞ്ച്, മുസംബി, മുന്തിരി, പൈനാപ്പിൾ) പപ്പടം, കോഴിമുട്ട, മത്സ്യം, മാംസം, അച്ചാർ, കിഴങ്ങുവർഗങ്ങൾ എന്നിവ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക.
- ഉറങ്ങുന്നതിനു മുൻപ് ഇഷ്ടമുള്ള മൃദുവായ സംഗീതം കേൾക്കുകയോ ഇഷ്ടമുള്ള പുസ്തകം വായിക്കുകയോ ചെയ്ത് മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക.
Content Highlights: The Overlooked Factor in Reproductive Health: How Sleep Deprivation Impacts Fertility
Published: 19 Jan 2026, 06:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented