നിപ വൈറസിന്റെ മൂന്നു ജീനുകള്‍ ജനിതക എന്‍ജിനിയറിങ് വഴി സംയോജിപ്പിച്ച് രാജ്യത്താദ്യമായി രോഗവ്യാപന ശേഷിയില്ലാത്ത നിപ വൈറസ് കണങ്ങള്‍ കേരളത്തിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. മരണനിരക്ക് വളരെക്കൂടുതലായ നിപയ്‌ക്കെതിരേ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിലേക്കും വൈറസിനെ പ്രതിരോധിക്കുന്ന മോണോക്ലോണല്‍ ആന്റിബോഡി നിര്‍മിക്കുന്നതിലേക്കും അതു കാര്യക്ഷമമാണോയെന്നു പരിശോധിക്കുന്നതിലേക്കും വഴിതുറക്കാവുന്ന നിര്‍ണായക നേട്ടമാണിത്.

To advertise here,

തിരുവനന്തപുരം തോന്നയ്ക്കലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലെ (ഐ.എ.വി.) ശാസ്ത്രജ്ഞരാണ് ഈ നേട്ടം കൈവരിച്ചത്.

മോണോക്ലോണല്‍ ആന്റിബോഡി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗവേഷണം നടന്നത്. ബയോസേഫ്റ്റി ലെവല്‍-4 (ബി.എസ്.എല്‍-4) ഉള്ള ലാബുകളിലേ നിപ വൈറസ് സംബന്ധിച്ച പഠനങ്ങള്‍ നടത്താനാകൂ. ഇത് പുണെയില്‍ മാത്രമേയുള്ളൂ. ഇത്തരം ലാബുകള്‍ അധികമില്ലാത്തത് നിപ വൈറസിനെതിരേയുള്ള ആന്റിവൈറല്‍ മരുന്നുകളുടെയും മോണോക്ലോണല്‍ ആന്റിബോഡികളുടെയും ഗവേഷണത്തിനു തടസ്സമാണ്.

ഇപ്പോള്‍ വികസിപ്പിച്ച പുതിയ വൈറസ് കണങ്ങള്‍ക്ക് രോഗവ്യാപന ശേഷിയില്ലാത്തതിനാല്‍ ബയോസേഫ്റ്റി ലെവല്‍-2 ഉള്ള ലാബുകളിലും ഗവേഷണം നടത്താമെന്നതാണ് ഏറ്റവുംവലിയ നേട്ടമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. മോഹനന്‍ വലിയവീട്ടില്‍ പറഞ്ഞു. ഇതോടെ ഗവേഷണം കൂടുതല്‍ വ്യാപകമാക്കാനാകും. വൈറസ് കണങ്ങള്‍ ഉപയോഗിച്ചുള്ള നിപ വാക്‌സിന്റെ വികസനത്തിലേക്കു വഴിതുറക്കുന്നതാകും ഈ ഗവേഷണങ്ങള്‍.

ഡോ. ആരതി രാജന്‍, അനുജ എസ്. നായര്‍, വിനോദ് സോമന്‍പിള്ള, ഡോ. ബിനോദ് കുമാര്‍, ഡോ. അനുപമ ആര്‍. പൈ, ബിമിതാ ബെന്നി എന്നിവരായിരുന്നു സംഘാംഗങ്ങള്‍. രണ്ടുവര്‍ഷത്തോളംനീണ്ട പരീക്ഷണങ്ങളാണ് നിപ വൈറസ് ഗവേഷണത്തിനു വലിയ നേട്ടമാകുന്ന കണ്ടെത്തലിലേക്കു നയിച്ചത്. ഇത് പ്രശസ്ത രാജ്യാന്തര ജേണലായ സെല്‍ പ്രെസ് പബ്ലിക്കേഷന്റെ 'ഹെലിയോണി'ല്‍ പ്രസിദ്ധീകരിച്ചു.