ആഹാരം കഴിച്ചതിനുശേഷം വയറുവീർക്കുന്നുവെന്ന് പരാതിപ്പെടുന്നവരുണ്ട്. ദഹനം സുഗമമാക്കുകയും തടസ്സപ്പെടുത്തുകയുമൊക്കെ ചെയ്യുന്നതിൽ ഭക്ഷണത്തിന് വലിയ പങ്കാണുള്ളത്. ഭക്ഷണം കഴിച്ചതിനുശേഷം വയറുവീർക്കുക, നെഞ്ചെരിച്ചിൽ, അമിതമായ ഭാരം തോന്നുക തുടങ്ങിയ ദഹന പ്രശ്നങ്ങൾ ഇന്ന് സർവ്വസാധാരണമാകുന്നതിന് പിന്നിലെ കാരണങ്ങളേക്കുെറിച്ച് പങ്കുവെക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ സൗരഭ് സേഥി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സൗരഭ് സേഥി ചില ഭക്ഷണങ്ങൾ എങ്ങനെ ദഹനത്തെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
വയറുവീർക്കാൻ കാരണമാകുന്ന പ്രധാന ഭക്ഷണമായി ഡോ.സൗരഭ് പറയുന്നത് വറുത്ത ഭക്ഷണങ്ങളാണ്. ഇവ കുടലിനെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുകയും വയറുവീർക്കാൻ കാരണമാവുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു. വറുത്ത ഭക്ഷണങ്ങൾ ശരീരത്തിന്റെ ദഹനം തടസ്സപ്പെടുത്തും. ഭക്ഷണം വയറ്റിൽ നിന്ന് കുടലിലേക്ക് നീങ്ങുന്ന പ്രക്രിയ മന്ദഗതിയിലാവുകയും ഇതുവഴി ഭക്ഷണം വയറ്റിലും കുടലിലും കൂടുതൽ നേരം നിലനിൽക്കുകയും വയറുവീർത്തതായി തോന്നുകയും ചെയ്യുമെന്ന് ഡോ.സൗരഭ് പറയുന്നു.
ഇത് വയറുവീർക്കുന്നതിനൊപ്പം ഭാരം അനുഭവപ്പെടുക, ആസിഡ് റിഫ്ലക്സ് തുടങ്ങിയവയിലേക്കും നയിക്കുമെന്ന് അദ്ദേഹം പറയുന്നു. പതിവായി വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് കുടലിലെ സൂക്ഷ്മാണുക്കളെ പ്രതികൂലമായി ബാധിക്കും. ഭക്ഷണ ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ദഹനപ്രക്രിയ സുഗമമാക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.
വറുത്തതും പൊരിച്ചതുമായ സ്നാക്കുകൾക്ക് പകരം ബേക്ക് ചെയ്തവയോ. ഗ്രിൽ ചെയ്തവയോ, എയർ ഫ്രൈയറിൽ തയ്യാറാക്കിയവോ ഉപയോഗിക്കുന്നതാണ് ഗുണകരമെന്നും അദ്ദേഹം പറയുന്നുണ്ട്.
ദഹനം സുഗമമാക്കാൻ ചില ടിപ്സ്
- ദഹനത്തിന് ശരീരത്തിൽ ജലാംശം നിലനിൽക്കേണ്ടത് അത്യാവശമാണ്. ധാരാളം വെള്ളം കുടിക്കുന്നതുവഴി ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും കഴിയും.
- ഇഞ്ചിയും മഞ്ഞളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇവ ദഹനത്തെ ഉത്തേജിപ്പിക്കുകയും കുടലിന്റെ പ്രശ്‌നങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്നു. സൂപ്പുകൾ, കറികൾ എന്നിവയിൽ ഇവ രണ്ടും കൂടുതലായി ചേർക്കാൻ ശ്രദ്ധിക്കാം. ഇടയ്ക്കിടയ്ക്ക് ജിഞ്ചർ ടീ കുടിക്കുന്നതും നല്ലതാണ്.
- നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് മറ്റൊരു സംഗതി. ഇവ ദഹനത്തെ ഉത്തേജിപ്പിക്കുകയും മലവിസർജനം കൃത്യമാകാൻ സഹായിക്കുകയും ചെയ്യും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവയാണ് ആരോഗ്യകരമായ കുടലിുനെ പരിപോഷിപ്പിക്കുന്ന ഏതാനും ഭക്ഷണസാധനങ്ങൾ.
- പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് മറ്റൊന്ന്. ഇത് കുടലിലെ ബാക്ടീരിയയുടെ പ്രവർത്തനത്തിന് നല്ലതാണ്. യോഗർട്ട്, കെഫീർ മുതലായവയിൽ പ്രോബയോട്ടിക് ധാരാളമായി അടങ്ങിയിട്ടുണ്ട്.
- കട്ടിയുള്ളതും എണ്ണയിൽ വറുക്കുന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇവ ദഹനവ്യവസ്ഥയെ മന്ദഗതിയിലാക്കും. മാത്രമല്ല, സംസ്‌കരിച്ച ഭക്ഷണങ്ങളിൽ നാരുകളും പോഷകങ്ങളും കുറവുമാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനായി ഇവ ഭക്ഷണത്തിൽനിന്ന് പരമാവധി ഒഴിവാക്കൂ.
- ശരിയായ ദഹനത്തെ പരിപോഷിപ്പിക്കാനായി ഭക്ഷണം ശ്രദ്ധയോടെ കഴിക്കാൻ ശീലിക്കുക. ഇത് ഭക്ഷണം ശരിയായ രീതിയിൽ വിഘടിപ്പിക്കാൻ ശരീരത്തെ സഹായിക്കും. സാവധാനത്തിലും ശ്രദ്ധയോടെയും ചവച്ചരച്ച് ആസ്വദിച്ച് വേണം കഴിക്കാൻ. ദഹനം തടസ്സപ്പെടാതിരിക്കാനായി ഭക്ഷണം കാണുമ്പോൾ ടിവിയോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ കാണുന്നത് ഒഴിവാക്കുക.
- ദഹനനാളത്തിലെ പേശികളെ ഉത്തേജിപ്പിക്കാനായി യോഗയിലോ നടത്തത്തിലോ മറ്റെന്തെങ്കിലും ശാരീരിക വ്യായാമങ്ങളിലോ മുഴുകാൻ ശ്രദ്ധിക്കുക. ശാരീരികമായി സജീവമായിരിക്കുന്നത് ദഹനം സുഗമമാക്കും.
- മാനസികസമ്മർദം ദഹനത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ, സമ്മർദനില നിയന്ത്രിച്ചുനിർത്തേണ്ടത് പ്രധാനമാണ്. മെഡിറ്റേഷൻ, ശ്വസനവ്യായാമങ്ങൾ തുടങ്ങിയ ഹോബികൾ ശീലിക്കുന്നത് മനസ്സിന്റെ ശാന്തത നിലനിർത്താൻ സഹായിക്കും.
- ഒരോരുത്തരുടേയും ശരീരത്തിന്റെ ആവശ്യങ്ങളനുസരിച്ച് മാറ്റങ്ങൾ വരുത്തണം. എന്നിട്ടും ദഹനസംബന്ധമായ പ്രശ്‌നങ്ങൾ തുടരുന്നുണ്ടെങ്കിൽ, വ്യക്തിഗത ഉപദേശത്തിനായി ഒരു ഹെൽത്ത്‌കെയർ സ്‌പെഷ്യലിസ്റ്റിനെ സമീപിക്കുന്നതാണ് ഉത്തമം.
Content Highlights: Fried foods slow down the movement of food from the stomach to the intestines., Bloating, acid reflux, and heavy sensations are common symptoms of poor digestion.,
Published: 16 May 2026, 08:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented