പലപ്പോഴും ഏറെ വൈകി തിരിച്ചറിയുന്ന രോഗങ്ങളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് അർബുദം. വ്യാപിക്കുന്നവേളയിലാണ് പലപ്പോഴും കണ്ടെത്തുന്നത്. പുരുഷന്മാരിൽ മൂത്രസഞ്ചിക്ക് താഴെ മൂത്രനാളിക്കുഴലിനെ ആവരണംചെയ്യുന്ന 20 മുതൽ 30 ഗ്രാംവരെ ഭാരമുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. പുരുഷന്മാരിൽ കൂടുതൽ കണ്ടുവരുന്ന അർബുദബാധകളിലൊന്നാണിത്. ഇപ്പോഴിതാ, പ്രോസ്റ്റേറ്റ് അർബുദവുമായി ബന്ധപ്പെട്ട ശ്രദ്ധിക്കേണ്ട കാര്യങ്ങളേയും പ്രധാന ലക്ഷണങ്ങളേയും കുറിച്ച് സംസാരിക്കുകയാണ് ബെംഗളൂരുവിലെ അപ്പോളോ ആശുപത്രിയിലെ യൂറോ ഓങ്കോളജി ആൻഡ് റോബോട്ടിക് സർജറി കൺസൾട്ടൻ്റായ ഡോ. രവിചന്ദ്രൻ കെ. രോഗം നിയന്ത്രിക്കാനോ പൂർണ്ണമായി ഭേദമാക്കാനോ സഹായിച്ചേക്കാവുന്ന ചികിത്സാ രീതികളെക്കുറിച്ചും ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
ലക്ഷണങ്ങൾ
പലപ്പോഴും ആദ്യഘട്ടത്തിൽ എടുത്തുപറയാനാകുന്ന ലക്ഷണങ്ങൾ പ്രോസ്റ്റേറ്റ് കാൻസറിന് ഇല്ല എന്നാണ് ഡോക്ടർ പറയുന്നത്. എന്നാലും, ഏറ്റവും സാധാരണയായി കാണുന്ന ലക്ഷണങ്ങളിൽ ഒന്നാണ് മൂത്രസംബന്ധമായ പ്രശ്നങ്ങൾ. രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കുക, മൂത്രപ്രവാഹം കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുക, വേദനാജനകമായ അല്ലെങ്കിൽ പുകച്ചിലോടുകൂടിയ മൂത്രമൊഴിക്കൽ എന്നിവ പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണങ്ങളാകാൻ സാധ്യതയുണ്ട്. മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം, അടിവയറ്റിലോ, ഇടുപ്പിലോ, അല്ലെങ്കിൽ നടുവിലോ വേദനയും അസ്വസ്ഥതയും ഉണ്ടെങ്കിലും ഒരു ഡോക്ടറെ കാണുന്നതാണ് ഉചിതം.
ചികിത്സ
1. ശസ്ത്രക്രിയ
പ്രോസ്റ്റേറ്റ് ഗ്രന്ഥി, സെമിനൽ വെസിക്കിളുകൾ, ലിംഫ് നോഡുകൾ എന്നില പൂർണമായും നീക്കം ചെയ്യുന്നതാണ് റാഡിക്കൽ പ്രോസ്റ്റേറ്റ്ക്ടമി(Radical Prostatectomy). എന്നാൽ, റോബോട്ടിന്റെ സഹായത്തോടെയുള്ള റോബോട്ട് അസിസ്റ്റഡ് ശസ്ത്രക്രിയയാണ് നിലവിൽ ലഭ്യമായതിൽ വെച്ചുള്ള ഏറ്റവും മികച്ച ചികിത്സാരീതി എന്നാണ് ഡോക്ടർ പറയുന്നത്. അതേസമയം, മൂത്രം നിയന്ത്രിക്കാനാവാതെ ഇരിക്കുക(urinary incontinence), ലൈംഗിക ശേഷിക്കുറവ് (erectile dysfunction) എന്നിവ ശസ്ത്രക്രിയയുടെ അപകടസാധ്യതകളാണ്.
2. ഹോർമോൺ തെറാപ്പി (Androgen Deprivation Therapy)
ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം നിയന്ത്രിക്കുക എന്നതാണ് ഹോർമോൺ തെറാപ്പിയുടെ പ്രധാന ലക്ഷ്യം. അപകടസാധ്യതയുള്ളതോ ഗുരുതുരമായതോ ആയ രോഗികളിൽ റേഡിയേഷനൊപ്പവും ഇത് ചെയ്യാറുണ്ട്. ക്ഷീണം, തളർച്ച, എല്ലുകൾക്ക് ബലക്ഷയമുണ്ടാകാനുള്ള സാധ്യത, മെറ്റബോളിക് മാറ്റങ്ങൾ എന്നീ പാർശ്വഫലങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.
3. കീമോതെറാപ്പി
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കാണ് കീമോതെറാപ്പ് ആവശ്യമായി വരിക. ഡോസെറ്റാക്സെൽ (docetaxel), കബാസിറ്റാക്സെൽ (cabazitaxel) എന്നീ മരുന്നുകൾ രോഗം പടരുന്നത് പതുക്കെയാക്കുമെന്ന് നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
Content Highlights: Learn about prostate cancer symptoms like urinary problems & treatment options
Published: 16 Jun 2025, 08:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented