ന്യൂയോര്‍ക്ക്: പ്രായംചെന്നവരില്‍ വര്‍ധിച്ചുവരുന്ന അര്‍ബുദബാധയെ പ്രതിരോധിക്കുകയെങ്ങനെയെന്ന് തലപുകയ്ക്കുകയാണ് ഏറെക്കാലമായി ശാസ്ത്രലോകം. അതിനുവേണ്ട പ്രധാനകാര്യം അവരുടെ രോഗപ്രതിരോധസംവിധാനത്തെ ഉത്തേജിപ്പിക്കുകയല്ല, സംയമനത്തോടെ നിര്‍ത്തുകയാണെന്ന് കണ്ടെത്തിയിരിക്കുന്നു ന്യൂയോര്‍ക്കിലെ മൗണ്ട് സിനായ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡോ. മിരിയം മെരാഡും സംഘവും.

To advertise here,

പ്രായംചെല്ലുമ്പോള്‍ (ഏജിങ്) ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന് ശേഷികുറയും. രോഗാണുക്കളാലോ പരിക്കുപറ്റിയോ അല്ലാതെത്തന്നെ വീക്കം, നീര്‍ക്കെട്ട് പോലുള്ള പലതരത്തിലുള്ള ഇന്‍ഫ്‌ളമേഷനും സ്ഥിരമായി അവരിലുണ്ടാകും. ഈ അവസ്ഥയെയാണ് 'ഇന്‍ഫ്‌ളമേജിങ്' (ഇന്‍ഫ്‌ളമേഷന്‍+ഏജിങ്) എന്ന് പേരിട്ടുവിളിക്കുന്നത്. ഇന്‍ഫ്‌ളമേജിങ് ആരോഗ്യമുള്ള കലകളെ നശിപ്പിക്കുകയും അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ വേഗത്തിലാക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

ചെറുപ്പക്കാരുടേതിനെ അപേക്ഷിച്ച് വയോജനങ്ങളിലെ രോഗപ്രതിരോധകോശങ്ങള്‍ (വെളുത്ത രക്താണുക്കള്‍) വളരെ വിചിത്രമായാണ് പെരുമാറുന്നത്. അര്‍ബുദത്തിനുനേരേ പൊരുതുന്നതിനുപകരം വീക്കമുള്ള ചുറ്റുപാടുണ്ടാക്കി ഇവ അര്‍ബുദകോശങ്ങള്‍ക്ക് പെരുകാനുള്ള സാഹചര്യമുണ്ടാക്കും.

ബാക്ടീരിയ, വൈറസ് പോലുള്ള രോഗകാരികളെ വിഴുങ്ങിനശിപ്പിക്കുന്ന (ഫാഗോസൈറ്റോസിസ്) വെളുത്ത രക്താണുക്കളാണ് മാക്രോഫേജസ്. പ്രായംചെല്ലുന്തോറും ഇവ അര്‍ബുദത്തെ പിന്തുണയ്ക്കുന്ന കോശങ്ങളായിമാറുന്നു.

പൊതുവേ, അര്‍ബുദചികിത്സയില്‍ രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തുന്ന മാര്‍ഗങ്ങളാണ് അവലംബിക്കാറ്. എന്നാല്‍, പ്രായംചെന്നവരുടെ രോഗപ്രതിരോധസംവിധാനത്തെ ദുര്‍ബലപ്പെടുത്താതെ ദോഷകരമായ അണുബാധകളെ തടയുക എന്നതാണ് ഗവേഷകരുടെ ലക്ഷ്യം. ഇന്‍ഫ്‌ളമേജിങ്ങിനെ പ്രതിരോധിക്കാന്‍ വാതത്തിനും മറ്റുമുപയോഗിക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകള്‍ ഫലപ്രദമായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

ഇവ അന്‍പതുവയസ്സിന് മുകളിലുള്ളവരില്‍ ട്യൂമര്‍ വളര്‍ച്ച ഇല്ലാതാക്കുകയോ അല്ലെങ്കില്‍ മന്ദീഭവിപ്പിക്കുകയോ ചെയ്യുമെന്നാണ് കണ്ടെത്തല്‍. വയോജനങ്ങളുടെ അര്‍ബുദചികിത്സയിലുള്‍പ്പെടുത്താമോ എന്നറിയാന്‍ അനകിന്റ, ജെഎകെ ഇന്‍ഹിബിറ്റേഴ്സ് തുടങ്ങിയ മരുന്നുകള്‍ ക്ലിനിക്കല്‍ പരീക്ഷണത്തിലാണ്. പഠനം വോള്‍സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ചു.