2050-ഓടെ 130 കോടിയിലധികം പേർക്ക് പ്രമേഹമുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടന (WHO)യും ലാൻസെറ്റ് കമ്മീഷൻ ഓൺ ഡയബറ്റിസും പ്രവചിക്കുന്നത്. അതായത് എട്ടിൽ ഒരാൾക്ക് പ്രമേഹമുണ്ടാകുമെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, വർധിച്ച പൊണ്ണത്തടി എന്നിവ ഇതിന് പ്രധാന കാരണങ്ങളാണ്.

To advertise here,

രോഗം ഗുരുതരമാകുന്നതുവരെ പലർക്കും പ്രമേഹമുണ്ടെന്ന് അറിയാറില്ല. അതുകൊണ്ടാണ് ആദ്യകാല ലക്ഷണങ്ങൾ പ്രധാനപ്പെട്ടതാകുന്നത്. പ്രമേഹം പൂർണ്ണമായി വരുന്നതിന് മുൻപ് മുന്നറിയിപ്പ് നൽകുന്ന ചില ലക്ഷണങ്ങൾ ഉണ്ടാകും. ഇവ അവഗണിച്ചാൽ, ഹൃദയം, വൃക്കകൾ, ഞരമ്പുകൾ, കണ്ണുകൾ എന്നിവയെ ബാധിക്കുന്ന ഗുരുതരമായ സങ്കീർണതകളിലേക്ക് രോഗം നിശ്ശബ്ദമായി നയിക്കാവുന്നതാണ്. രോഗം നേരത്തെ കണ്ടെത്താനും സമയബന്ധിതമായി ഇടപെടാനും അവഗണിക്കരുതാത്ത പ്രമേഹത്തിന്റെ ആദ്യഘട്ട ലക്ഷണങ്ങൾ പരിശോധിക്കാം.

ക്ഷീണം

എപ്പോഴും ക്ഷീണം തോന്നുന്നത് പല രോഗങ്ങളുടെയും ഒരു പ്രധാനപ്പെട്ട ലക്ഷണമാണ്. ആവശ്യത്തിന് വിശ്രമിച്ചിട്ടും നിങ്ങൾക്ക് അസാധാരണമായി ക്ഷീണം തോന്നുന്നുവെങ്കിൽ അത് പ്രീ ഡയബറ്റിസിൻ്റെ സൂചനയായിരിക്കാം. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ഊർജ്ജത്തിനായി ഗ്ലൂക്കോസ് ഉപയോഗിക്കാനുള്ള ശരീരത്തിൻ്റെ കഴിവിനെ ബാധിക്കുന്നതാണ് ഇതിന് കാരണം. വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടുന്നെങ്കിൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.

അമിതമായ ദാഹം

പ്രീ ഡയബറ്റിസിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് അമിതമായി ദാഹം അനുഭവപ്പെടുന്നത്. രാവിലെ ഉണരുമ്പോൾ തൊണ്ട വരളുന്നതായി തോന്നാം. ഇത് നിർജ്ജലീകരണത്തിന്റെ സൂചനയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കാരണം രാത്രിയിൽ കൂടെക്കൂടെ മൂത്രമൊഴിക്കാൻ കാരണമാകും. അതിന്റെ ഫലമായി ഉണരുമ്പോൾ ദാഹം അനുഭവപ്പെടാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ, അധികമുള്ള പഞ്ചസാരയെ പുറന്തള്ളാൻ വൃക്കകൾക്ക് കൂടുതൽ പ്രവർത്തിക്കേണ്ടി വരുന്നു. ഇത് ശരീരത്തിൽ നിന്ന് കൂടുതൽ ജലാംശം വലിച്ചെടുക്കുകയും നിർജ്ജലീകരണത്തിനും ദാഹത്തിനും കാരണമാവുകയും ചെയ്യുന്നു.

ഇടയ്ക്കിടെ മൂത്രമൊഴിക്കുക

രാത്രിയിൽ ഒന്നിലധികം തവണ മൂത്രമൊഴിക്കാൻ നിങ്ങൾ എഴുന്നേൽക്കാറുണ്ടെങ്കിൽ ശ്രദ്ധവേണം. പ്രീ ഡയബറ്റിസ് ഉള്ളവർക്ക് രാത്രിയിൽ കൂടെക്കൂടെ മൂത്രമൊഴിക്കേണ്ടി വരുന്ന അവസ്ഥ സാധാരണമാണ്. ചിലർ രാത്രിയിൽ പലതവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കാറുണ്ട്. ചിലപ്പോൾ, ഉണർന്ന് അൽപ്പംകഴിയുമ്പോഴും ഇവർക്ക് മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാകുന്നു.

ഇരുണ്ട ചർമം

ശരീരം പ്രമേഹത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ ഏറ്റവും വലിയ ലക്ഷണങ്ങളിൽ ഒന്നാണ് കക്ഷത്തിലും കഴുത്തിന് പിന്നിലും ചർമ്മം ഇരുണ്ടുപോകുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. അകാന്തോസിസ് നൈഗ്രിക്കൻസ് എന്നാണ് ഈ അവസ്ഥയെ പറയുന്നത്. കഴുത്ത്, കക്ഷം, അല്ലെങ്കിൽ തുടയിടുക്ക് എന്നിവിടങ്ങളിൽ ഇരുണ്ട പാടുകളും പ്രത്യക്ഷപ്പെട്ടേക്കാം. ഇൻസുലിൻ പ്രതിരോധത്തിൻ്റെ സൂചനയായ ഈ ലക്ഷണം ഒരു കാരണവശാലും അവഗണിക്കരുത്.

ശരീരഭാരത്തിലെ വ്യത്യാസം

പ്രീഡയബറ്റിസ് ഉള്ളവർക്ക് ശരീരഭാരം കുറയാൻ സാധ്യതയുണ്ട്. ചിലരുടെ കാര്യത്തിൽ ഇത് വർധിക്കാനും സാധ്യതയുണ്ട്. ഭക്ഷണക്രമത്തിലോ ജീവിതശൈലിയിലോ യാതൊരു മാറ്റവും വരുത്താതെ ശരീരഭാരത്തിൽ വ്യത്യാസം വരുന്നെങ്കിൽ ശ്രദ്ധിക്കണം.

 

(മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ മറ്റ് രോഗങ്ങളുടെ ഭാഗമായുമുണ്ടായേക്കാം. ഒരു വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്)