മധ്യപ്രദേശിലും രാജസ്ഥാനിലും സംഭവിച്ചതിനു പിന്നിലെ കാരണമെന്താണ്? മരുന്നുപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?

ജലദോഷത്തിനും ചുമയ്ക്കും ചികിത്സ തേടിയെത്തിയ കുരുന്നുകൾ. കഫ് സിറപ്പ് കഴിച്ചതിനു പിന്നാലെ മരണത്തിലേക്ക്. ഒന്നും രണ്ടുമല്ല പതിന്നാല് കുഞ്ഞുങ്ങളാണ് കോൾഡ്രിഫ് എന്ന കഫ് സിറപ്പ് കഴിച്ചതിനു പിന്നാലെ മധ്യപ്രദേശിലും രാജസ്ഥാനിലും മരിച്ചത്. ഭൂരിഭാഗവും അഞ്ചുവയസ്സിനു താഴെയുള്ളവർ. സുരക്ഷിതത്വം തെളിയിക്കാനായി മരുന്ന് കുടിച്ചുകാണിച്ച ഡോക്ടർ മണിക്കൂറുകളോളം അബോധാവസ്ഥയിലുമായി. ഇന്നും ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ വാങ്ങി സ്വയം ചികിത്സ നടത്തുന്നവർക്ക് ഈ കുരുന്നുകളുടെ മരണവാർത്തകൾ ഒരു മുന്നറിയിപ്പാണ്. കഫ് സിറപ്പുകൾ അപകടകാരികളാണോ? മധ്യപ്രദേശിലും രാജസ്ഥാനിലും സംഭവിച്ചതിനു പിന്നിലെ കാരണമെന്താണ്? മരുന്നുപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ‘നമ്മുടെ ആരോഗ്യം’ ചീഫ് എഡിറ്ററും ശിശുചികിത്സാ വിദഗ്ധനുമായ ഡോ. എം. മുരളീധരൻ.
ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച കോൾഡ്രിഫ് എന്ന കഫ് സിറപ്പ് മധ്യപ്രദേശിലും രാജസ്ഥാനിലും നിരവധി കുഞ്ഞുങ്ങളുടെ ജീവനെടുത്തിരിക്കുകയാണ്. കഫ് സിറപ്പുകളുടെ സുരക്ഷിതത്വത്തേക്കുറിച്ച് ആശങ്കപ്പെടുന്നവർ ഏറെയുണ്ട്. കഫ് സിറപ്പുകളുടെ ഉപയോഗത്തിൽ എത്രത്തോളം കരുതൽ വേണം?
കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് രാജസ്ഥാനിലും മധ്യപ്രദേശിലുമായി പതിനേഴ് കുട്ടികളാണ് വൃക്ക തകരാറിലായി മരിച്ചത്. ഡെക്സ്ട്രോമെതോർഫാൻ, ഡൈഎതിലീൻ ഗ്ലൈക്കോൾ (Diethylene glycol (DEG) തുടങ്ങിയ കെമിക്കലുകൾ ചേർന്നാണ് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതെന്ന പഠനങ്ങൾ കാണിക്കുന്നു. പ്രത്യേകിച്ച് ഡിഇജി എന്നു വിളിക്കുന്ന ഡൈഎതിലീൻ ഗ്ലൈക്കോളിന്റെ അളവ് കോൾഡ്രിഫ് എന്ന കഫ് സിറപ്പിൽ കൂടുതലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇവ അടങ്ങാത്ത ധാരാളം ചുമ മരുന്നുകളുണ്ട്.
മറ്റൊരു പ്രധാന കാര്യം വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലോ മെഡിക്കൽ മാന്വലുകളിലോ ചുമ മരുന്നുകളേക്കുറിച്ച് പരാമർശങ്ങളേയില്ല എന്നതാണ്. പക്ഷേ, അവ ധാരാളം എഴുതിപ്പോവുന്നുമുണ്ട്. കേന്ദ്രസർക്കാരിന്റെ ഡ്രഗ് കൺട്രോൾ ഓർഗനൈസേഷൻ കോമ്പിനേഷൻ ഡ്രഗ്സ് ഉണ്ടാക്കാനുള്ള അനുമതി തന്നെ നിർത്തലാക്കിയിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തിന് അനുമതി നൽകാനാവും. അത്തരത്തിൽ പഴുതുകൾ കണ്ടെത്തി മറികടന്നാണ് പലയിടങ്ങളിലും ഫിക്സഡ് ഡ്രഗ് കോമ്പിനേഷൻ ഉണ്ടാക്കപ്പെടുന്നത്. ഇവ ധാർമികമല്ലെന്ന് മാത്രമല്ല തൊണ്ണൂറ് ശതമാനത്തിനും ശാസ്ത്രീയ നീതീകരണവുമില്ല.
കുട്ടികൾ കഴിച്ച കഫ് സിറപ്പുകളുടെ 19 സാംപിളുകൾ ശേഖരിച്ച് പത്തെണ്ണം പരിശോധിച്ചതിൽ ഒൻപതും നിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. അതേസമയം, കോൾഡ്രിഫ് സിറപ്പിൽ അനുവദനീയമായ അളവിലധികം ഡിഇജി എന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് എങ്ങനെയാണ് അപകടകാരിയാകുന്നത്..?
ഡിഇജിയുടെ അടിസ്ഥാന സ്വഭാവം തന്നെ നെഫ്രോടോക്സിക് എന്നതാണ്. അതായത് വൃക്കയ്ക്ക് തകരാറുണ്ടാക്കുന്നവ. ഡിഇജിയുടെ ബൈപ്രൊഡക്റ്റായി ശരീരത്തിലുണ്ടാകുന്നത് ഡൈഗ്ലൈക്കോളിക് ആസിഡ് ആണ്. ഇത് നേരിട്ട് നെക്രോസിസ് എന്ന അവസ്ഥയിലേക്ക് നയിക്കും. മൂത്രം പോവാത്ത പ്രശ്നമുണ്ടാവുകയും ഗുരുതരമായി മരണകാരണമാവുകയും ചെയ്യും.
കഫ് സിറപ്പുകളിൽ മരുന്നു കമ്പനിക്കാർ ഡിഇജി ചേർക്കുന്നത് ലാഭത്തിനുവേണ്ടിയാണ്. മരുന്നുകൾ കഴിക്കുമ്പോൾ കുടലിൽ അസ്വസ്ഥത ഉണ്ടാക്കാതിരിക്കാൻ ഗ്ലിസറിൻ എന്നുപറയുന്ന ഡിമൾസെന്റ് ചേർക്കും. ചില മരുന്ന് കമ്പനികൾ ലാഭം വർധിപ്പിക്കുന്നതിനായി വിലകുറഞ്ഞതും എന്നാൽ വിഷാംശമുള്ളതുമായ ഡൈഎതിലീൻ ഗ്ലൈക്കോൾ ഉപയോഗിക്കുന്നു. ഈ രാസവസ്തു ശരീരത്തിലെത്തിയാൽ വൃക്കകളെ (കിഡ്നി) ഗുരുതരമായി ബാധിക്കുകയും അവയുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമാവുകയും ചെയ്യുന്നു. ഇതാണ് കുട്ടികളുടെ മരണത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകം.
സെൻട്രൽ ഡി.ജി.എച്ച്.എസിന്റെ നിർദേശപ്രകാരം രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ഡോക്ടർമാർ ചുമയ്ക്കുള്ള സിറപ്പ് പ്രിസ്ക്രൈബ് ചെയ്യരുത്. എന്തുകൊണ്ടാണ് രണ്ടുവയസ്സിനു താഴെയുള്ളവരിൽ കരുതലും നിയന്ത്രണങ്ങളും കൂടുതലുള്ളത്?
രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് കൊടുക്കരുതെന്ന് പറയുന്നത് അവരുടെ വൃക്കയെ പെട്ടെന്ന് ബാധിക്കും എന്നതിനാലാണ്. അതിനെ അതിജീവിക്കാനുള്ള സാധ്യത കുറയുകയും അന്യൂറിയ, യുറീമിയ തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. മുതിർന്നവരിൽ ഇത്തരം അവസ്ഥയുണ്ടായാലും അതിനെ അതിജീവിക്കാൻ വൃക്ക തന്നെ ശ്രമിക്കും. പക്ഷേ, കുട്ടികളുടെ കാര്യത്തിൽ അതിനുള്ള സാധ്യത കുറയും.
മുമ്പും ഇന്ത്യയ്ക്ക് പുറത്ത് പല രാജ്യങ്ങളിലും കഫ് സിറപ്പുകളുമായി ബന്ധപ്പെട്ട് നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാവാം കഫ് സിറപ്പ് പ്രശ്നക്കാരനാകുന്നത്?
1998-നും 2019-നും ഇടയ്ക്ക് ആറുതവണയെങ്കിലും സമാനമായ ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2019-ലാണ് കഫ് സിറപ്പ് കഴിച്ച 11 കുട്ടികൾ മരിച്ച ഒരു ദുരന്തമുണ്ടായത്. അതിനുശേഷം വലിയ ദുരന്തമുണ്ടാവുന്നത് ഇപ്പോഴാണ്. 2022 തുടക്കത്തിൽ ഇന്ത്യൻ മരുന്ന് കമ്പനിയായ മെയ്‍ഡൻ ഫാർമ ആഫ്രിക്കയിലെ ഗാംബിയയിലേക്ക് കയറ്റി അയച്ച മരുന്നുകളിൽ ഡിഇജി ഉണ്ടാവുകയും എഴുപതോളം കുട്ടികളുടെ വൃക്ക തകരാറിലാവുകയും ചെയ്തിരുന്നു. 2022 ഡിസംബറോടെ ഉസ്ബെക്കിസ്ഥാനിൽ മരിയൻ ബയോട്ടിക്ക് കമ്പനിയുടെ ചുമമരുന്ന് കഴിച്ച് അമ്പത്തിയഞ്ച് കുട്ടികൾ മരിച്ചിട്ടുണ്ട്. ഇതൊരു തുടർക്കഥയാണ്. ലാഭത്തിനുവേണ്ടി ജനറിക് മരുന്നു കമ്പനികൾ ചെയ്യുന്ന കാര്യങ്ങളുടെ ബാക്കിപത്രം. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ജനറിക് മരുന്നുകളാണ് ഉസ്ബെക്കിസ്ഥാനിലേക്കും ഗാംബിയയിലേക്കുമൊക്കെ പോയത്. നമ്മുടെ ഡ്രഗ് കൺട്രോൾ സിസ്റ്റത്തിന്റെ പരാജയമാണിത്.
കഫ് സിറപ്പുകളുമായി ബന്ധപ്പെട്ട് കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെ കഫ് സിറപ്പുകൾ യുക്തിസഹമായി ഉപയോഗിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. യുക്തിസഹമായ ഉപയോഗം എപ്രകാരമാണ്..?
കഫ് സിറപ്പുകളുടെ കാര്യത്തിൽ യുക്തിസഹമായ ഉപയോഗം എന്നൊന്നില്ല. ചുമമരുന്നുകൾ മെഡിക്കൽ മാന്വലുകളിലോ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലോ, ലോകാരോഗ്യസംഘടന ഇറക്കിയ കുട്ടികൾക്കുള്ള എസൻഷ്യൽ ഡ്രഗ്സിന്റെ പട്ടികയിലോ പരാമർശിക്കുന്നില്ല. കോമ്പിനേഷൻ മരുന്നുകളിൽ അവയുടെ ചേരുവയുടെ കൃത്യമായ ഡോസ് നിർണയിക്കാനാവില്ല. ഓരോ കമ്പനികളും അവരുടെ രീതിക്കനുസരിച്ചാണ് ചേരുവകൾ ചേർക്കുക. കുട്ടികളുടെ ഭാരത്തിന് അനുസരിച്ചാണ് മരുന്ന് നിർദേശിക്കേണ്ടത്. സാൽബ്യുട്ടമോൾ എന്ന ചേരുവയുടെ അളവ് കൃത്യമാണെങ്കിൽ ആംബ്രോക്സോൾ, ഗ്വാഫെനിസീൻ തുടങ്ങിയ ചില ചേരുവകളുടെ അളവ് കൃത്യമാവണമെന്നില്ല. മാത്രമല്ല, കുട്ടികൾക്ക് അലർജി വന്നാലും എന്തു കാരണത്താലാണ് വന്നതെന്ന് മനസ്സിലാവില്ല.
വെവ്വേറെ മരുന്നുകളാക്കി വാങ്ങുന്നതിനേക്കാൾ വിലയാണ് ഡ്രഗ് കോമ്പിനേഷനായി വിൽക്കുമ്പോൾ കമ്പനികൾ ഈടാക്കുന്നത്. ഒരു മരുന്നിനാണ് സിഡിഎസ്സിഒ (Central Drugs Standard Control Organisation) ഒക്കെ വിലനിയന്ത്രണം വെക്കുന്നത്. രണ്ട് മരുന്നുകൾ ചേർക്കുമ്പോൾ ആ നിയന്ത്രണം ഇല്ല. അതിനെ മറികടക്കാൻ വേണ്ടി കൂടിയാണ് കമ്പനികൾ കോമ്പിനേഷൻ ഡ്രഗ് നിർമാണത്തിലേക്ക് പോകുന്നത്.
മരണനിരക്കുകളുടെ പശ്ചാത്തലത്തിൽ കഫ് സിറപ്പുകളെ മൊത്തത്തിൽ സംശയദൃഷ്ടിയോടെ സമീപിക്കുന്നവരുണ്ടാകും. അവരുടെ ആശങ്കകൾ എങ്ങനെ പരിഹരിക്കാനാവും?
കേരളത്തിൽ ഡിഇജി മരുന്നുകളുടെ കാര്യത്തിൽ 2019-ലെ ജമ്മു കശ്മീർ ദുരന്തത്തിനു പിന്നാലെ കർശന നിയന്ത്രണമുണ്ട്. ഉത്തരേന്ത്യയിൽ കേരളത്തെപ്പോലെ ആളുകളും മാധ്യമങ്ങളുമൊക്കെ ജാഗരൂകരായിരിക്കുന്ന അവസ്ഥയില്ല. കേരളത്തിൽ കുറച്ചുകൂടി ശാസ്ത്രീയമായി സമീപിക്കുന്ന ആളുകളാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ ഡിഇജി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ഡിഇജി അടങ്ങിയ മരുന്നുകൾ കേരളത്തിലേക്ക് വരുന്നില്ല എന്ന് ആരോഗ്യവകുപ്പ് തന്നെ പറയുന്നുണ്ട്.
അതേസമയം ഫിക്സഡ് ഡ്രഗ് കോമ്പിനേഷൻ കേരളത്തിലും ധാരാളമുണ്ട്. അത് ശാസ്ത്രീയമായി നീതീകരിക്കപ്പെടാവുന്നതല്ല എന്നത് വസ്തുതയാണ്. കൃത്യമായി ഡോസ് നിർണയിക്കാനോ ഏത് മരുന്ന് അലർജിയുണ്ടാക്കുമെന്നോ എന്നൊന്നും മനസ്സിലാക്കാനാവില്ല. എന്നാൽ, അവ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കില്ല.
അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ചുമയ്ക്കോ ജലദോഷത്തിനോ ഉള്ള മരുന്നോ ഒന്നിലധികം മരുന്ന് ചേരുവ ചേർന്ന ഫോർമുലേഷനുകളോ ഉപയോഗിക്കേണ്ടിവന്നാൽ ഡോക്ടർ നിർദേശിച്ച അളവിലും കാലയളവിലും കൃത്യമായി ഉപയോഗിക്കാൻ നിർദേശം നൽകണമെന്നുണ്ട്. പക്ഷേ, പൊതുവേ എന്ത് മരുന്നുകളും പാതിവഴിയിൽ നിർത്തുന്നവർ ഏറെയുണ്ട്. അതെത്രത്തോളം ദോഷം ചെയ്യും?
പാതിവഴിയിൽ മരുന്നുകൾ നിർത്തുന്നത് ദോഷം തന്നെയാണ്. പ്രത്യേകിച്ച് ആന്റിബയോട്ടിക്കുകളുടെ കാര്യത്തിൽ. അഞ്ചു ദിവസത്തേക്ക് എഴുതുന്ന മരുന്നൊക്കെ ഒന്നോരണ്ടോ ദിവസം കഴിച്ച് അസുഖം കുറച്ച് ശമിക്കുമ്പോൾ മരുന്ന് നിർത്തും. അപ്പോൾ അണുക്കൾ മരുന്നുകൾക്കെതിരെ പ്രതിരോധം ആർജിക്കുകയും പിന്നീട് അവ കഴിച്ചാൽ ഫലം ഇല്ലാതിരിക്കുകയും ചെയ്യും. അതാണ് ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്. അത്തരം രോഗാണുക്കൾ വന്നാൽ പ്രതിരോധിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും. അത്തരത്തിലുള്ള വളരെ ശക്തമായിട്ടുള്ള രോഗാണുക്കൾ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അത് ദീർഘകാലത്തിൽ മനുഷ്യരാശിക്ക് തന്നെ ദോഷം ചെയ്യും. കഫ് സിറപ്പിന്റെ കാര്യത്തിൽ അഞ്ചുവയസ്സിന് മുകളിലുള്ളവർ മാത്രമേ കർശന നിർദേശത്തോടെ ഉപയോഗിക്കാനാവൂ.
ഓവർ ദി കൗണ്ടർ മരുന്ന് വാങ്ങുന്ന രീതി ഇപ്പോഴും വളരെ സാധാരണമായി കണ്ടുവരുന്നുണ്ട്. കഫ് സിറപ്പുകൾ ഉൾപ്പെടെ ഇപ്രകാരം വാങ്ങിക്കഴിക്കുന്നവരുണ്ട്. വിദഗ്ധ പരിശോധനയില്ലാതെ ലക്ഷണങ്ങൾക്ക് സ്വയം ചികിത്സ നടത്തുന്നത് എത്രത്തോളം അപകടകരമാണ്..?
ഓവർ ദി കൗണ്ടർ മരുന്നുകൾ വാങ്ങുന്നത് ഗുരുതര പ്രശ്നങ്ങളുണ്ടാക്കും. രോഗിയുടെ ആരോഗ്യാവസ്ഥ, കുട്ടിയുടെ ഭാരം തുടങ്ങിയവയൊക്കെ നോക്കിയാണ് ഡോക്ടർ മരുന്നെഴുതുക. കൗണ്ടറിലിരിക്കുന്നയാൾ ഇതൊന്നും നോക്കിയല്ല, വില കൂടിയ മരുന്നൊക്കെയാവും കൊടുക്കുക. ഡിഇജി ഉണ്ടോ, കുട്ടിയുടെ ഭാരം എത്രയാണ്, ഹൃദയത്തിനോ ശ്വാസകോശത്തിനോ പ്രശ്നമുണ്ടോ എന്നൊന്നും നോക്കിയല്ല അവർ മരുന്ന് കൊടുക്കുക. ലാഭം കിട്ടുന്ന മരുന്നുകൾക്കാണ് കൗണ്ടറിലുള്ളവർ പ്രാധാന്യം നൽകുക. ഒരു കാരണവശാലും ഓവർ ദി കൗണ്ടർ മരുന്ന് വാങ്ങുന്ന രീതി സ്വാഭാവികമായി കാണരുതെന്ന് മാത്രമല്ല നിർത്തലാക്കുകയും ചെയ്യണം.
കുട്ടികളുടെ ആരോഗ്യത്തിൽ മുതിർന്നവരേക്കാൾ പതിന്മടങ്ങ് കരുതൽ സ്വീകരിക്കേണ്ടതുണ്ട്. കുട്ടികൾക്ക് മരുന്ന് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണ്..?
കുട്ടികൾക്ക് മരുന്ന് നിർദേശിക്കുക അവരുടെ ഭാരം പരിശോധിച്ചാണ്. പാരസീറ്റമോൾ ആണെങ്കിൽ ഒരുകിലോഗ്രാമിന് 10-15 മില്ലി ആണ് മരുന്ന് കൊടുക്കേണ്ടത്. അതിൽ കൂടുതലായി ഇരുപത്തിയഞ്ചോ മുപ്പതോ ഒക്കെ ആയാൽ പ്രശ്നമാകും. എപ്പോഴും കൃത്യമായ അളവിൽ കൊടുക്കാനും ശ്രദ്ധിക്കണം. അര ടീസ്പൂൺ എന്നാണ് നിർദേശിക്കുന്നതെങ്കിൽ അങ്ങനെ തന്നെ കൊടുക്കണം. മരുന്നുകൾ അധികം ചൂടില്ലാത്ത സ്ഥലങ്ങളിൽ വെക്കാനും ശ്രദ്ധിക്കണം.
മറ്റൊന്ന് കുട്ടികൾ മരുന്ന് തുപ്പിക്കളയാൻ സാധ്യതയുണ്ട്. മുഴുവനായി തുപ്പിക്കളഞ്ഞാൽ തന്നെ അരമണിക്കൂർ കഴിഞ്ഞാണ് അടുത്ത ഡോസ് കൊടുക്കേണ്ടത്. കുട്ടികളെ പിടിച്ച് കിടത്തി വായിലേക്ക് ഒഴിച്ചു കൊടുക്കുന്ന പ്രാകൃത രീതി തുടരരുത്. കുട്ടിയെ ആശ്വസിപ്പിച്ച് കരുതലോടെ പല ടെക്നിക്കുകളിലൂടെ വേണം മരുന്ന് കൊടുക്കാൻ. കഴിയുന്നതും മധുരമുള്ള മരുന്നുകളാണ് കുട്ടികൾക്ക് നിർദേശിക്കുക. കുട്ടികൾക്ക് മരുന്ന് കൊടുക്കുന്നത് ശരിക്കുമൊരു കലയാണ്.
Content Highlights: Investigating the dangers of cough syrups, especially for children
Published: 07 Oct 2025, 03:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented