ടൈപ്പ് 2 പ്രമേഹമുള്ളവർക്കായി നോവോ നോർഡിസ്‌ക് പുറത്തിറക്കിയ ഒസെമ്പിക് മരുന്നിന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) അംഗീകാരം നൽകി. ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കാവുന്ന ഈ കുത്തിവയ്പ് മരുന്ന് ഇനി മുതൽ ഡോക്ടറുടെ കുറിപ്പടിയോടെ ഇന്ത്യയിൽ ലഭ്യമാകും. ശരീരഭാരം കുറയ്ക്കാനും മരുന്ന് സഹായകരമാണ്.

To advertise here,

ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന സെമാഗ്ലൂറ്റൈഡ് എന്ന മരുന്നിന്റെ ബ്രാൻഡ് നാമമാണ് ഒസെമ്പിക്. വിട്ടുമാറാത്ത രോഗങ്ങൾക്ക് ഒരു പുതിയ ചികിത്സാരീതി അവതരിപ്പിക്കുന്നുവെന്നതിനാൽ ഒസെമ്പിക്കിനുള്ള അംഗീകാരം ഏറെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയിൽ അമിതവണ്ണവും പ്രമേഹവും വർധിച്ചുവരുന്ന സാഹചര്യത്തിലും ഈ തീരുമാനം വളരെ പ്രസക്തമാണ്.

സെമാഗ്ലൂറ്റൈഡിനുള്ള നോവോ നോർഡിസ്കിന്റെ പേറ്റന്റ് അടുത്ത വർഷം മാർച്ചിൽ അവസാനിക്കും. ഇതോടെ, മരുന്നിന്റെ ജനറിക് പതിപ്പുകളുടെ വിൽപ്പനയ്ക്ക് വഴിയൊരുങ്ങും. തുടർന്ന്, കൂടുതൽ ആളുകൾക്ക് കുറഞ്ഞ വിലയിൽ മരുന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

ഒസെമ്പിക് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

വയറുനിറഞ്ഞുവെന്ന തോന്നലുളവാക്കുന്ന GLP-1 എന്ന ഹോർമോണിനെപ്പോലെയാണ് മരുന്ന് പ്രവർത്തിക്കുക. കുറച്ച് ആഹാരം കഴിക്കുമ്പോൾത്തന്നെ ഈ തോന്നൽ വരുത്താൻ ഇവയ്ക്ക് കഴിയും.

  • രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ ഇത് ഇൻസുലിൻ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.
  • ആമാശയത്തിൽ നിന്ന് ഭക്ഷണം പുറത്തുപോകുന്നത് സാവധാനത്തിലാക്കുന്നു. ഭക്ഷണം ആമാശയത്തിൽ നിന്ന് പുറത്തുപോകാൻ കൂടുതൽ സമയമെടുക്കുന്നു. ഇത് ഭക്ഷണം കഴിച്ചതിന് ശേഷം കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ കാരണമാകും.
  • ഉയർന്ന അളവിൽ ഉപയോഗിക്കുമ്പോൾ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. തത്ഫലമായി ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഒസെമ്പിക് നിർണായകമാകും.

ഇന്ത്യയിൽ എന്തായിരിക്കും ഒസെമ്പിക്കിന്റെ വില?

ഇന്ത്യയിൽ ഒസെമ്പിക്കിന്റെ വില എത്രയായിരിക്കുമെന്ന് ഇപ്പോഴും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വില ഒരു പ്രധാന ഘടകമാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള വെഗോവി മരുന്നിന്റെ പ്രതിമാസ വില 17,345 മുതൽ 26,015 വരെ വരുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, മൗൺജാരോ മരുന്നിന് 14,000 മുതൽ 17,500 വരെ വില വരുന്നതായി വിദഗ്ധരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.