മിതവണ്ണം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് പഠനം. ഇന്ത്യയിലെ ഓരോ 1,000 പകർച്ചവ്യാധി മരണങ്ങളിൽ 46ലധികവും അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു. മെഡിക്കൽ ജേണൽ ദി ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

To advertise here,

5,40,000ത്തിലധികം ആളുകളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. അമിതവണ്ണമുള്ളവർക്ക്, ആരോഗ്യകരമായ BMI ഉള്ളവരെ അപേക്ഷിച്ച്, പകർച്ചവ്യാധികൾ ബാധിക്കാനുള്ള സാധ്യത ഏകദേശം 70 ശതമാനം കൂടുതലാണെന്ന് പഠനം പറയുന്നു. സീസണൽ ഫ്ലൂ, കോവിഡ്-19, ന്യൂമോണിയ, ഗ്യാസ്ട്രോഎന്ററൈറ്റിസ്, മൂത്രനാളിയിലെ അണുബാധകൾ (UTI) എന്നിവയെ അമിതവണ്ണം കാര്യമായി ബാധിക്കുന്നതായും പഠനം വ്യക്തമാക്കുന്നു.

2023-ൽ ലോകമെമ്പാടുമുള്ള 54 ലക്ഷം പകർച്ചവ്യാധി മരണങ്ങളിൽ ഏകദേശം 6 ലക്ഷം മരണങ്ങൾക്ക് അമിതവണ്ണം കാരണമായിട്ടുണ്ടാകാമെന്ന് ഗവേഷകർ പറയുന്നു. അതായത്, പത്തിൽ ഒരു മരണത്തിന് അമിതവണ്ണം കാരണമാകുന്നുണ്ട്. വിവിധതരം പകർച്ചവ്യാധികൾ മൂലം ഗുരുതരാവസ്ഥയിലാകാനും മരിക്കാനും സാധ്യതയുള്ളവരുടെ എണ്ണം അമിതവണ്ണമുള്ളവരിൽ കൂടുതലാണെന്ന് പഠനം സൂചിപ്പിക്കുന്നുവെന്ന് ഹെൽസിങ്കി സർവകലാശാലയിലെ ഡോ. സോൾജ നൈബർഗ് പറഞ്ഞു.

ചില കാര്യങ്ങൾ ശ്രദ്ധിക്കാം

ആഹാര ക്രമീകരണങ്ങൾ എങ്ങനെ?

പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ, നാരു നീക്കാത്ത ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ എല്ലാം കൂടി ചേർന്ന ഒരു ഡയറ്റാണ് സമീകൃതം.

പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകുക

മുട്ടവെള്ള, മൽസ്യം, കോഴിയിറച്ചി, പയറുവർഗ്ഗങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയർ വർഗ്ഗങ്ങൾ. ഇതിൽ നാരുകൾ ധാരാളമുള്ളതിനാൽ ദീർഘനേരത്തേക്ക് വയർ നിറഞ്ഞു എന്ന തോന്നലുണ്ടാകും.

ഒമേഗ 3 ഫാറ്റിആസിഡുകൾ ധാരാളമുള്ള മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മാംസത്തിന്റെ ഗുണനിലവാരത്തിൽ മുൻപിൽ നിൽക്കുന്നതാണ് മുട്ടവെള്ള. ഇത് ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. മുട്ടവെള്ളയും പച്ചക്കറികളും ചേർത്ത് തയ്യാറാക്കുന്ന ഓംലെറ്റ് ഇടനേരാഹാരമായി ഉൾപ്പെടുത്താം. പച്ചക്കറികൾ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ വളരെ ഗുണകരമാണ്.

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണിത്. ഒരു ദിവസം 350ഗ്രാം പച്ചക്കറി എങ്കിലും ഉൾപ്പെടുത്തണം. ലഘു ഭക്ഷണത്തിനായി പച്ചയായ സാലഡുകൾ ഉപയോഗിക്കാം. പച്ചക്കറികളും പഴങ്ങളും കൂട്ടിച്ചേർത്ത സ്മൂത്തികളോ, പച്ചക്കറി സൂപ്പായോ ഉപയോഗിക്കാം.

പഴങ്ങൾ

ദിവസം 150ഗ്രാം പഴങ്ങൾ കഴിക്കാം. ഗ്‌ളൈസീമിക് സൂചകം കുറവുള്ള പഴങ്ങൾ തിരഞ്ഞെടുക്കണം. (ആപ്പിൾ, പേരയ്ക്ക, ഫാം പപ്പായ, നാരങ്ങാ വർഗ്ഗങ്ങൾ, കിവി, പ്ലം, ബെറീസ്, മെലൻ, മാതളം എന്നിവ). പഴങ്ങളിൽ ധാരാളം വിറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ, നാരുകൾ എന്നിവയുണ്ട്. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരഭാരം കുറച്ചുനിർത്താൻ സഹായിക്കുന്നു.

ഒഴിവാക്കേണ്ട ആഹാരങ്ങൾ

ശുദ്ധീകരിച്ച അന്നജം (മൈദ ആഹാരം), വെള്ള ബ്രെഡ്, ബേക്കറി പലഹാരങ്ങൾ, വെണ്ണ, നെയ്യ്, കോള പാനീയങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ചുവന്ന ഇറച്ചികൾ (ബീഫ്, മട്ടൻ, പോർക്ക്), ഷെൽ മത്സ്യങ്ങൾ, ബോട്ടിൽ സ്മൂത്തികൾ, ബിസ്‌ക്കറ്റുകൾ, കുക്കീസുകൾ, ഫാസ്റ്റ് ഫുഡുകൾ, പ്രോസസ്സ് ചെയ്ത ആഹാരങ്ങൾ, കിഴങ്ങ് വർഗ്ഗങ്ങൾ, എണ്ണയിൽ വറുത്തുപൊരിച്ച ഭക്ഷണങ്ങൾ, മദ്യപാനം, പുകവലി.

വ്യായാമം

ഭക്ഷണ നിയന്ത്രണം കൊണ്ടുമാത്രം ശരീരഭാരം കുറയില്ല. ശാരീരികാധ്വാനം ഇല്ലാത്ത അവസ്ഥയെ അതിജീവിക്കുക എന്നത് പ്രധാനമാണ്. മാനസികാരോഗ്യത്തിന് മെഡിറ്റേഷൻ, യോഗ എന്നിവ സ്വീകരിക്കുക.

 

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)