പ്രതീക്ഷയേകി പുതിയ എച്ച്ഐവി ചികിത്സ. മനുഷ്യരിൽ നടത്തിയ ആദ്യഘട്ടപരീക്ഷണം വിജയംകണ്ടു. VH-499 എന്ന് പേരിട്ടിരിക്കുന്ന മരുന്നാണ് എച്ച്.ഐ.വി. ചികിത്സാരംഗത്ത് പുതുതായി പരീക്ഷിച്ചിരിക്കുന്നത്. ശരീരത്തിൽ എച്ച്.ഐ.വി.-1 പെരുകുന്നത് തടയാൻ രൂപകൽപ്പന ചെയ്ത മരുന്നാണിത്. വൈറസിനെ സംരക്ഷിക്കുന്ന കവചം ഉണ്ടാക്കുകയും വൈറസിന്റെ നിലനിൽപ്പിനും വ്യാപനത്തിനും അത്യാവശ്യമായതുമായ കാപ്സിഡ് പ്രോട്ടീനെതിരെ പ്രവർത്തിക്കുകയാണ് മരുന്നിന്റെ ലക്ഷ്യം.
എച്ച്.ഐ.വി.-1 ബാധിച്ചതും സാധാരണ എച്ച്.ഐ.വി. ചികിത്സ തുടങ്ങാത്തതുമായ 23 മുതിർന്നവരിൽ നടത്തിയ രണ്ടാംഘട്ട ക്ലിനിക്കൽ ട്രയലിനൊടുവിലാണ് മരുന്നിന്റെ ഫലപ്രാപ്തിയേക്കുറിച്ച് വിലയിരുത്തലിലെത്തിയത്. ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായവരിൽ ചികിത്സയ്ക്കുമുമ്പ് രക്തത്തിൽ ഉയർന്ന അളവിലുള്ള എച്ച്.ഐ.വി. ഉണ്ടായിരുന്നു. എന്നാൽ VH-499 മരുന്ന് സ്വീകരിച്ചതിനുശേഷം രോഗത്തിൽ കുറവുണ്ടായതായാണ് കണ്ടെത്തൽ.
ശക്തമായ ആൻ്റിവൈറൽ മരുന്നായ VH-499 സുരക്ഷിതമാണെന്നും എച്ച്.ഐ.വി. ചികിത്സാമേഖലയിൽ മുതൽക്കൂട്ടാകുമെന്നും ഗവേഷകർ പറയുന്നുണ്ട്. ക്ലിനിക്കൽ ഇൻഫെക്ഷ്യസ് ഡിസീസസ് എന്ന പ്രസിദ്ധീകരണത്തിൽ ഇതേക്കുറിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. എച്ച്.ഐ.വി. ചികിത്സയ്ക്കും പ്രതിരോധത്തിനും വേണ്ടി ഇതിനകം ഉപയോഗിച്ചുവരുന്ന ലെനാകാപവിറുമായി ഗവേഷകർ താരതമ്യം ചെയ്യുകയും ചെയ്തു. ലെനാകാപവിറിന് ഒരു കുത്തിവെപ്പിലൂടെ ആറുമാസം വരെ സംരക്ഷണം നൽകാൻ കഴിയുമെങ്കിലും ചില മരുന്നുകളുമായി പ്രതിപ്രവർത്തിക്കും. സങ്കീർണ്ണമായ ചികിത്സാ വേണ്ടുന്നവർക്ക് VH-499 മികച്ച ചികിത്സ നൽകുമെന്നും ഗവേഷകർ അവകാശപ്പെടുന്നു.
ഫലങ്ങൾ പ്രതീക്ഷയേകുന്നതാണെങ്കിലും രോഗികളിലേക്ക് എത്തുന്നതിന് മുമ്പ് ഇനിയും ക്ലിനിക്കൽ ട്രയലുകൾ നടക്കേണ്ടതുണ്ടെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.
എന്താണ് എച്ച്.ഐ.വി. എന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ചും ഡോ. മേരി ജോസഫ് പങ്കുവെക്കുന്നു
മനുഷ്യശരീരത്തിലെ രോഗപ്രതിരോധശക്തിയെ കാർന്നുതിന്നുന്ന വൈറസാണ് എച്ച്.ഐ.വി. (Human Immuno deficiency Virus). ഈ വൈറസ് മനുഷ്യശരീരത്തിന്റെ സമഗ്രമായ പ്രതിരോധശക്തിയെ നശിപ്പിക്കുന്ന അവസ്ഥയാണ് എയ്‌ഡ്സ് (Acquired Immuno deficiency Syndrome).
മനുഷ്യന്റെ പ്രതിരോധശക്തിയെ നിയന്ത്രിക്കുന്ന രക്തത്തിന്റെ അടിസ്ഥാനഘടകമാണ് CD4 കോശങ്ങൾ. ആരോഗ്യവാനായ ഒരു വ്യക്തിയിൽ ഒരു മില്ലിലിറ്റർ രക്തത്തിൽ 500 മുതൽ 1500 വരെ CD4 കോശങ്ങൾ കാണും. എയ്‌ഡ്സ് ബാധിച്ച രോഗിയിൽ CD4 കോശങ്ങൾ 200ൽ താഴുകയും ഏതെങ്കിലും ഒന്നോ രണ്ടോ സാന്ദർഭിക രോഗങ്ങൾക്ക് ഒരേസമയം അടിമയാകുകയുംചെയ്യും.
എച്ച്.ഐ.വി. ബാധിതൻ എയ്‌ഡ്സ് രോഗിയാണോ?
അല്ല. എച്ച്.ഐ.വി.ബാധിതനായ ഒരാൾ എയ്‌ഡ്സ് രോഗിയാകാൻ എട്ട് മുതൽ 15 വർഷംവരെ എടുക്കും. പലരിലും ഈ കാലയളവ് വ്യത്യാസപ്പെട്ടിരിക്കും. എച്ച്.ഐ.വി. ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ കാണപ്പെടുന്നതുവരെയുള്ള കാലയളവിനെ ഇൻകുബേഷൻ പീരിയഡ് എന്നുപറയുന്നു. എച്ച്.ഐ.വി. ബാധിതനെ സംബന്ധിച്ചിടത്തോളം ജീവിക്കാൻ നിരവധി വർഷങ്ങൾ കാണും. എയ്‌ഡ്സ് എന്ന അവസ്ഥയിലെത്തിയാൽ ജീവിതചക്രം ഒന്നോ രണ്ടോ വർഷമായിരിക്കും.
എയ്‌ഡ്സ് പകരുന്ന വിധം
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴിയാണ് എച്ച്.ഐ.വി. പ്രധാനമായും പകരുന്നത്. എച്ച്.ഐ.വി. ബാധിച്ച പുരുഷന്റെ ശുക്ലത്തിലും സ്ത്രീയുടെ യോനീസ്രവങ്ങളിലും ഈ വൈറസ് ധാരാളമായിക്കാണുന്നു. ശുക്ലത്തിൽ എച്ച്.ഐ.വി. 50 മടങ്ങ് അധികമായിക്കാണുന്നു. എച്ച്.ഐ.വി. ബാധിച്ച സ്ത്രീകളിൽനിന്ന് പുരുഷന്മാരിലേക്ക് വൈറസ് പകരുന്നതിനേക്കാൾ വേഗത്തിൽ, പുരുഷന്മാരിൽനിന്ന് സ്ത്രീകളിലേക്ക് എച്ച്.ഐ.വി. പകരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.
എച്ച്.ഐ.വി. ബാധിച്ച വ്യക്തിയുടെ രക്തവും രക്തഘടകങ്ങളും സ്വീകരിക്കുക വഴി രോഗം പകരാം. ലഹരിമരുന്ന് കുത്തിവെപ്പിലൂടെയും രോഗം പകരാം. എച്ച്.ഐ.വി. ബാധിതനായ അമ്മയിൽനിന്ന് കുഞ്ഞിലേക്ക് ഗർഭാവസ്ഥയിലും പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും രോഗാണുക്കൾ പകരാം. എച്ച്.ഐ.വി. ബാധിതയായ അമ്മ മുലയൂട്ടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
എയ്‌ഡ്സിന്റെ ലക്ഷണങ്ങൾ
എയ്‌ഡ്സ് കണ്ടുപിടിക്കേണ്ടത് ഡോക്ടറാണ്. രോഗിയല്ല. രോഗലക്ഷണങ്ങൾ കണ്ടതുകൊണ്ടുമാത്രം ഒരാൾക്ക് എയ്‌ഡ്സാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ല. കാരണം, ഇത്തരം ലക്ഷണങ്ങൾ മറ്റുപല രോഗങ്ങളാലും കാണപ്പെടാം. തുടക്കത്തിൽ എച്ച്.ഐ.വി. ബാധിതർ യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും കാണിക്കാറില്ല. പൂർണ ആരോഗ്യവാനായി ഒരുപക്ഷേ 10-12 വർഷം ജീവിച്ചെന്നിരിക്കും.
കാലക്രമേണ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും മരണത്തിന് കീഴ്പ്പെടുകയും ചെയ്യും. കഴുത്ത്, കക്ഷം, തുടഭാഗം എന്നിവിടങ്ങളിലെ ലിംഫ്ഗ്രന്ഥികൾ വീർക്കുന്നു. ശരീരഭാരം പെട്ടെന്ന് കുറയുന്നു. ദീർഘനാളത്തെ പനി, വയറിളക്കം, വിട്ടുമാറാത്ത ചുമ എന്നിവയുണ്ടാകുന്നു. വായിൽ വെളുത്ത പൂപ്പലുകൾ പ്രത്യക്ഷപ്പെടുകയും ഓർമക്കുറവ് ഉണ്ടാവുകയുംചെയ്യുന്നു.
ടെസ്റ്റുകൾ
ഏലിസ, വെസ്റ്റേൺ ബ്ലോട്ട് എന്നിവയാണ് പ്രധാന ടെസ്റ്റുകൾ. സംസ്ഥാനത്തെ മിക്ക മെഡിക്കൽ കോളേജുകളിലും ഇതിനുള്ള സൗകര്യങ്ങളുണ്ട്.
Content Highlights: VH-499 is a new experimental drug targeting the capsid protein to prevent HIV-1 replication., Phase 2 clinical trials showed a significant reduction in viral load among 23 adult participants., Researchers compare VH-499 favorably to Lenacapavir, noting its potential for complex treatment needs
Published: 01 Aug 2026, 10:35 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented