ഫിറ്റനസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന സിനിമ താരമാണ് ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരമായ നാഗാര്‍ജുന അക്കിനേനി.  അച്ചടക്കമുള്ള ജീവിതരീതിയും ചിട്ടയായ വ്യായാമങ്ങളും കൃത്യമായ ഡയറ്റുമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് പലപ്പോഴായി താരം വ്യക്തമാക്കിയതുമാണ്. ഇപ്പോഴിതാ, 65കാരനായ നാഗാര്‍ജുന ഈ പ്രായത്തിലും യുവത്വം കാത്തുസൂക്ഷിക്കുന്നത് വീണ്ടും ചർച്ചയായിരിക്കുകയാണ്. 

To advertise here,

നടൻ അത്താഴം കഴിക്കാറില്ലെന്ന പൊതുവായ അഭിപ്രായങ്ങൾക്ക് വിപരീതമായി താൻ എല്ലാ ദിവസവും അത്താഴം കഴിക്കാറുണ്ടെന്ന് വെളിപ്പെടുത്തി അദ്ദേഹം തന്നെ രം​ഗത്തെത്തിയിരുന്നു. സംഗീതസംവിധായകൻ എം.എം. കീരവാണിയുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. രാത്രി ഏഴിനാണ് അത്താഴം. സാലഡുകൾ, ചോറ്, ചിക്കൻ, മീൻ എന്നിവ ഈ ഭക്ഷണത്തിൽ ഉൾപ്പെടുന്നു.  ഈ ശീലം പതിറ്റാണ്ടുകളായി താൻ പിന്തുടരുന്നുണ്ടെന്നും അന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ഭക്ഷണക്രമത്തിന്റെ കാര്യത്തിൽ നാ​ഗാർജുന 12:12 ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് രീതി പിന്തുടരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 12 മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിക്കുകയും ബാക്കിയുള്ള 12 മണിക്കൂർ ഉപവസിക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ, പ്രോബയോട്ടിക്കുകൾ അടങ്ങിയ ഒരു പ്രീ-വർക്കൗട്ട് ഭക്ഷണം കഴിച്ചുകൊണ്ടാണ് അദ്ദേഹം തൻ്റെ ദിവസം ആരംഭിക്കുന്നത്.  ഇത് അദ്ദേഹത്തിന്റെ ദഹനവ്യവസ്ഥയെ സംബന്ധിച്ചും കുടലിൻ്റെ ആരോഗ്യത്തിനും നല്ലതാണ്. 

വ്യായാമത്തോടെയാണ് തന്റെ ദിവസം ആരംഭിക്കുന്നതെന്നും നാ​ഗാർജുന വ്യക്തമാക്കിയിട്ടുള്ളതാണ്. മറ്റ് എല്ലാ കാര്യങ്ങളേക്കാൾ മുൻ​ഗണന അതിന് നൽകുന്നുണ്ട്. സ്ട്രെങ്ത് ട്രെയിനിംഗ്, കാർഡിയോ, നീന്തൽ, സാധാരണ നടത്തം എന്നിവയെല്ലാം ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. ആഴ്ചയിൽ അഞ്ചോ ആറോ ദിവസം ഏകദേശം 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വ്യായാമം ചെയ്യാറുണ്ട്. ജിമ്മിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ നീന്തൽ പോലുള്ള മറ്റ് വ്യായാമരീതികൾ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.