മകാലീന വൈദ്യശാസ്ത്രത്തിലെ ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളിലൊന്നാണ് എംആർഐ സ്കാനുകൾ. അതിശക്തമായ ഒരു കാന്തം ഉപയോഗിച്ച് ശരീരത്തിന്റെ ആന്തരിക ഘടന കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് എംആര്‍ഐ സ്‌കാന്‍ ഉപയോഗിക്കുന്നത്. തലച്ചോറിലെ മുഴകൾ മുതൽ നട്ടെല്ലിനെ ബാധിക്കുന്ന പ്രശ്നങ്ങൾ വരെയുള്ള വിവിധ തരം രോഗാവസ്ഥകൾ തിരിച്ചറിയാൻ അവ സഹായിക്കുന്നു. എന്നാൽ, എല്ലാ സന്ദർഭങ്ങളിലും എംആർഐ സ്കാനുകൾ സുരക്ഷിതമാണോ എന്ന് പറയുകയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ. ഒരു എംആർഐ മെഷീനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് രോ​ഗികൾ അറിയേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കുന്നു. 

To advertise here,

ശരീരത്തിലെ ലോഹങ്ങൾ
ശക്തമായ കാന്തങ്ങൾ ഉപയോ​ഗിച്ചാണ് എംആർഐ സ്കാനിങ് മെഷീനുകൾ പ്രവർത്തിക്കുന്നത്. ഇത് ശരീരത്തിലെ ലോഹവസ്തുക്കളോട് പ്രതികൂലമായി പ്രതികരിക്കാൻ ഇടയാക്കും. ഇതിൽ ശരീരത്തിൽ ഉപയോ​ഗിക്കുന്ന പേസ്മേക്കറുകൾ, കോക്ലിയർ ഇംപ്ലാന്റുകൾ, ശസ്ത്രക്രിയ ക്ലിപ്പുകൾ എന്നിവയെല്ലാം ഉൾപ്പെടാം. ഇക്കാര്യം സ്കാനിങ്ങിന് മുമ്പ് തന്നെ ഡോക്ടറെ അറിയിക്കണം. ഒരുപക്ഷേ, സിടി സ്കാൻ പോലുള്ള മറ്റ് ഇമേജിംഗ് ടെക്നിക്കുകൾ ഉപയോ​ഗിക്കാൻ വിദ​ഗ്ധർ നിർദേശിച്ചേക്കാം. 

​ഗർഭകാലത്തെ സ്കാനിങ്ങുകൾ
റേഡിയേഷൻ ഉപയോ​ഗിക്കുന്നില്ലാത്തതിനാൽ ഗർഭകാലത്ത് എക്സ്-റേയെക്കാൾ സുരക്ഷിതമാണ് എംആർഐ. എന്നിരുന്നാലും, അത്യാവശ്യമല്ലെങ്കിൽ ആദ്യ മൂന്ന് മാസങ്ങളിൽ എംആർഐ സ്കാൻ ചെയ്യാൻ ഡോക്ടർമാർ ആവശ്യപ്പെടാറില്ല. 

കോൺട്രാസ്റ്റ് ഡൈ
ശരീരത്തിലെ പ്രത്യേക ഭാഗങ്ങൾ വ്യക്തമായി കാണിക്കുന്നതിന് വേണ്ടി ചില എംആർഐ സ്കാനുകൾ കോൺട്രാസ്റ്റ് ഡൈ ഉപയോഗിക്കാറുണ്ട്. വ്യക്തതയോടുള്ള ചിത്രങ്ങൾ ലഭിക്കാൻ ഇത് സഹായിക്കുന്നുണ്ടെങ്കിലും വൃക്കരോഗമുള്ളവരേയും അലർജി പ്രശ്നമുള്ളവരേയും സംബന്ധിച്ച് ചിലപ്പോൾ ഡൈ പ്രശ്നമാകാൻ സാധ്യതയുണ്ട്. അതിനാൽ, സ്കാനിങ്ങിന് മുമ്പ് തന്നെ ഇത്തരം രോഗവിവരങ്ങളെക്കുറിച്ച് ഡോക്ടർമാറെ അറിയിക്കുക. 

രോ​ഗി നിശ്ചലമായിരിക്കണം
വളരെ സെൻസിറ്റീവ് ആണ് എംആർഐ സ്കാനറുകൾ. രോ​ഗി ചെറുതായി അനങ്ങുന്നത് പോലും ഫലം മങ്ങുന്നതിന് ഇടയാക്കും. അതിനാൽ, 15 മുതൽ 45 മിനിറ്റ് വരെ രോ​ഗി അനങ്ങാതെ കിടക്കേണ്ടി വരും. ഒരിഞ്ച് അനങ്ങുന്നത് പോലും ഒരുപക്ഷേ വീണ്ടും സ്കാൻ ചെയ്യുന്നതിന് കാരണമാകും.