അധികമായാൽ അമൃതും വിഷമാണ്. ആരോഗ്യകരമായ അളവിന് അപ്പുറമായാൽ എന്തും ശരീരത്തിന് ദോഷമാകും. ഇപ്പോഴിതാ വൈറ്റമിൻ ഡി അമിതമായതിനേത്തുടർന്ന് മരിച്ച ഡേവിഡ് മിച്നർ എന്ന എൺപത്തിയൊമ്പതുകാരന്റെ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ശരീരത്തിൽ വൈറ്റമിൻ ഡി അധികരിച്ച് ഹൈപ്പർകാൽസീമിയ എന്ന അവസ്ഥയായാണ് യു.കെ. സ്വദേശിയായ ഡേവിഡ് മരണപ്പെട്ടത്.
ഡേവിഡിന്റെ മരണത്തിനുപിന്നാലെ വൈറ്റമിൻ ഡി-യുടെ അമിതോപയോഗം ഉണ്ടാക്കുന്ന പാർശ്വഫലങ്ങളും ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ ഒമ്പതുമാസമായി ഡേവിഡ് വൈറ്റമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുന്നുണ്ടായിരുന്നു എന്നാണ് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
കാൽസിഫെറോൾ എന്നുകൂടി അറിയപ്പെടുന്ന വൈറ്റമിൻ ഡി ചിലഭക്ഷണങ്ങളിലൂടെയും ശരീരത്തിന് ലഭ്യമാകും. കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫേറ്റ് തുടങ്ങിയവയുടെ ആഗിരണത്തിനുൾപ്പെടെയുള്ള പല പ്രവർത്തനങ്ങളും വൈറ്റമിൻ ഡി അത്യാവശ്യമാണ്. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം കാക്കുന്നതിനും പ്രതിരോധശക്തിക്കും മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിനുമൊക്കെ വൈറ്റമിൻ ഡി അത്യാവശ്യമാണ്. സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളിലൂടെയാണ് വൈറ്റമിൻ ഡി പ്രധാനമായും ശരീരത്തിന് ലഭിക്കുന്നത്.
എന്നാൽ വൈറ്റമിൻ ഡി കുറയുന്നതുമൂലമുള്ള ആരോഗ്യപ്രശ്നം പോലെ തന്നെ പ്രധാനമാണ് കൂടുന്നതും. അപൂർവമായാണെങ്കിലും വൈറ്റമിൻ ഡി കൂടുന്നതും ഗൗരവമായി കാണേണ്ട സാഹചര്യമാണ്. വൈറ്റമിൻ ഡി സപ്ലിമെന്റുകൾ കൂടുതൽ കഴിക്കുക വഴി വൈറ്റമിൻ ഡി ടോക്സിസിറ്റി എന്ന സ്ഥിതിവിശേഷമുണ്ടാകും. രക്തത്തിൽ കാൽസ്യത്തിന്റെ നില ഉയരുന്ന ഹൈപ്പർകാൽസീമിയ എന്ന അവസ്ഥയുമുണ്ടാകും. ഇത് ഛർദി, ഓക്കാനം, മലബന്ധം, ക്ഷീണം, ഇടയ്ക്കിടെ മൂത്രമൊഴിക്കുക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. ചിലരിൽ അൽപംകൂടി ഗുരുതരമാവുകയും വൃക്കയിലെ കല്ല്, തകരാറുകൾ തുടങ്ങിയവയിലേക്കും നയിക്കാം.
ദീർഘനാളായുള്ള വൈറ്റമിൻ ഡിയുടെ അമിതോപയോഗം മൂലം കാൽസ്യം അമിതമാകുന്നത് ഹൃദയത്തിലും ശ്വാസകോശത്തിലും വൃക്കയിലും രക്തധമനികളിലും കാൽസ്യം അടിയാനിടയാക്കും. ഇത് ഹൃദ്രോഗങ്ങൾ, വൃക്കയിലെ തകരാറുകൾ തുടങ്ങിയവയുമുണ്ടാക്കാം.
ശ്വാസകോശ രോഗങ്ങള്‍
വിറ്റാമിന്‍ ഡി ശരീരത്തില്‍ അധികമായി എത്തിയാല്‍ രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കും. ഇങ്ങനെയുള്ള കാല്‍സ്യം ശ്വാസകോശത്തിലെ കോശങ്ങളില്‍ അടിഞ്ഞുകൂടും. ഇത് നെഞ്ച് വേദന, ചുമ, ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകും.
ദഹനവ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍
കൂടുതല്‍ അളവില്‍ വിറ്റാമിന്‍ ഡി ശരീരത്തില്‍ എത്തുന്നത് ദഹനവ്യവസ്ഥയെ താറുമാറാക്കും. വിശപ്പ് കുറയ്ക്കുകയും ചില സമയങ്ങളില്‍ വയറിളക്കത്തിനും ചിലപ്പോള്‍ മലബന്ധത്തിനും ഇത് വഴിവെക്കാം. ചിലപ്പോള്‍ ഛര്‍ദിയും തലകറക്കവും ഉണ്ടാക്കിയേക്കും.
മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍
ശരീരത്തിലെ പ്രധാന അവയവങ്ങളെ ബാധിക്കുന്നതിന് പുറമെ വിറ്റാമിന്‍ ഡി അധികമാകുന്നത് വിഷാദത്തിന് വഴിവെക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. വിഭ്രാന്തി, മതിഭ്രമം എന്നിവയിലേക്കും നയിച്ചേക്കാമെന്ന് അവര്‍ വ്യക്തമാക്കുന്നു.
വൃക്കകള്‍ തകരാറിലാകുന്നു
വിറ്റാമിന്‍ ഡി അധികമാകുന്നത് വൃക്കകളെയാണ് ഗുരുതരമായി ബാധിക്കുന്നത്. രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ് വര്‍ധിക്കുന്നത് മൂത്രത്തിലൂടെ കൂടുതല്‍ അളവില്‍ ജലം നഷ്ടപ്പെടുന്നതിന് കാരണമാകും. കൂടാതെ, വൃക്കയില്‍ കാല്‍സ്യം അടിഞ്ഞുകൂടാനും ഇടയാക്കും. കാല്‍സ്യം അമിതമാകുന്നത് വൃക്കയിലേക്കുള്ള രക്തക്കുഴലുകള്‍ സങ്കോചിപ്പിക്കും. ഇത് വൃക്കകളുടെ പ്രവര്‍ത്തനം താളം തെറ്റിപ്പിക്കും.
Content Highlights: man dies from too much vitamin d
Published: 16 Mar 2024, 03:52 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented