കണ്ണൂർ: കേരളത്തിലെ വളർത്തുനായകളിൽ ജീവിതശൈലി രോഗങ്ങൾ വ്യാപകമാവുന്നു. ഷുഗറും പ്രഷറുമൊക്കെ കൂടി സ്ഥിരം രോഗികളായി മാറുകയാണ് ഓമനകളിൽ പലതും. വളർത്തുദോഷമാണ് നായകളുടെ അരോഗ്യത്തിനും ആയുസ്സിനും ഭീഷണിയാവുന്നത്. അമിത ഭക്ഷണം, തെറ്റായ ഭക്ഷണരീതികൾ, വ്യായാമം ഇല്ലായ്മ എന്നിവയാണ് രോഗത്തിലേക്ക് നയിക്കുന്നത്. 15 വയസ്സുവരെ ആയുസുള്ള ജീവികൾ ആറ് വയസ്സ് കഴിയുമ്പോഴേക്കും കടുത്ത രോഗിയാവുന്നു. വിദേശ ബ്രീഡുകളിലാണ് മിക്കവാറും ലൈഫ്സ്റ്റൈല് രോഗങ്ങൾ കാണുന്നത്.

To advertise here,

തടികൂടുന്നു,പിറകെ രോഗങ്ങളും

അമിതവണ്ണവും അമിത ഭാരവുമാണ് അടിസ്ഥാന പ്രശ്നം. പിറകെ ഹൃദ്രോഗങ്ങൾപ്രമേഹം,വൃക്കരോഗങ്ങൾ എന്നിവയൊക്കെ വന്നെത്തുന്നു.  
ശരാശരി 35 കിലോയാണ് ലാബ്രഡോർ,ജർമൻ ഷെപ്പേർഡ് പോലുള്ള നായകൾ ഉണ്ടാവുക. എന്നാൽ 60 കിലോയും അതിലധികവുമൊക്കെ തൂക്കമുള്ള നായകൾ ഇപ്പോൾ ധാരാളം.  

ഒരുനേരം മതി ഭക്ഷണം 

ഇറച്ചിയോ,മീനോ ഒക്കെ ചേർന്ന ഭക്ഷണം ഒരു നേരം കൊടുത്താൽ മതി മുതിർന്ന നായക്ക്. എന്നാൽ പലരും രണ്ടു നേരവും കൂടുതലും കൊടുക്കുന്നു. ഇടനേരത്ത് ബേക്കറി പലഹാരങ്ങളും മറ്റും തീറ്റിക്കുന്നവരുമുണ്ട്. പെറ്റ്ഫുഡുകൾ അളവ് നോക്കാതെയാണ് പലരും കൊടുക്കുന്നത്. 
 
നായകളുടെ അലസ ജീവിതം

നായകൾക്കും വേണം വ്യായാമം. അരമണിക്കൂറെങ്കിലും ഓടിച്ചാടിയോ നടന്നോ ഉഷാറാകണം. പക്ഷെ ശരീരമിളകാതെ കൂട്ടിനകത്തോ വീട്ടിനകത്തോ ആണ് പല നായകളും. കലോറി കൂടിയ ഭക്ഷണവും കഴിച്ചാണ് ഈ മുഴുവൻ സമയ വിശ്രമം.

കേക്ക് വേണ്ടാ...

ചോക്ലേറ്റ്, ഉണക്ക മുന്തിരി എന്നിവയൊക്കെ ചേർന്ന പ്ലം കേക്ക് പോലുള്ള ബേക്കറി പലഹാരങ്ങൾ സ്നേഹത്തോടെ നായകൾക്ക് കൊടുക്കുന്നവരുണ്ട്. അത് അപകടമാണ്. നായകളിൽ വൃക്കരോഗത്തിന് അത് വഴിവെക്കാം.  

ഹൃദ്രോഗങ്ങൾ കണ്ടുവരുന്നു.

ഹാർട്ട് അറ്റാക്ക് നായ്ക്കളിൽകുറവാണെങ്കിലും, ഹൃദയപേശികൾ,വാൽവുകൾഎന്നിവയെബാധിക്കുന്ന രോഗങ്ങൾകൂടുതലായി കണ്ടുവരുന്നു. നായ്ക്കളുടെ വായയിൽ 600 ഓളം ഇനങ്ങളിൽപെട്ട ബാക്ടീരിയകൾ വസിക്കുന്നു. കൃത്യമായ ദന്തപരിചരണം ഇല്ലാത്ത നായകളിൽ അണുക്കൾ ഹൃദയഭിത്തിയിലെത്തി എൻഡോകാർഡൈറ്റിസ് എന്ന ഹൃദ്രോഗമുണ്ടാക്കാം.

ഡോ. ടി.വി.ജയമോഹനൻ
റിട്ട.ചീഫ് വെറ്ററിനറി ഓഫീസർ,കണ്ണൂർ

പ്രാധാന്യം ഏറുന്ന വിഷയം

നായകളിൽ ലൈഫ്സ്റ്റൈൽ രോഗങ്ങൾ കൂടിവരികയാണ്. നായകളോട് നല്ലൊരു ശതമാനമാളുകൾ വലിയ പ്രിയം കാണിക്കുന്നതിനാല് വെറ്ററിനറി മേഖലയില് പ്രാധാന്യം ഏറിവരുന്ന വിഷയമാണിത്. നായകളില് അമിതവണ്ണം ഉണ്ടാകുന്നതാണ് ഏറ്റവുംവലിയ പ്രശ്നം .

-ഡോ. എസ്.സായ്പ്രസാദ്,വെറ്ററിനറി സർജൻ&പെറ്റ് കണ്സൽട്ടന്റ്,കുമരകം