പിസിഒഎസിനെതിരെയുള്ള പോരാട്ടത്തേക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി കുഷ കപില. നടി സോഹ അലി ഖാന്റെ 'ഓൾ എബൗട്ട് ഹെർ' എന്ന പോഡ്കാസ്റ്റിലൂടെയാണ് കുഷ മനസ്സുതുറന്നത്. ലക്ഷക്കണക്കിന് സ്ത്രീകൾ കടന്നുപോകുന്ന പിസിഒഎസ് എന്ന അവസ്ഥയെ താൻ നേരിട്ടത് എങ്ങനെയാണെന്നാണ് കുഷ പങ്കുവെക്കുന്നത്. 

To advertise here,

കൗമാരകാലത്ത് അമിതമായ മുടിവളർച്ച കണ്ടപ്പോഴാണ് തനിക്ക് അസാധാരണമായെന്തോ ഉണ്ടെന്ന് അനുഭവപ്പെട്ടതെന്ന് കുഷ പറയുന്നു. ശേഷം പതിനെട്ടോ, പത്തൊമ്പതോ വയസ്സുള്ളപ്പോൾ പിസിഒഎസ് സ്ഥിരീകരിച്ചു. അത്രകാലം വരെ എന്തുകൊണ്ടാണ് താൻ ഇങ്ങനെ വണ്ണംവെക്കുന്നതെന്ന് മനസ്സിലായിരുന്നില്ലെന്നും കുഷ പറയുന്നുണ്ട്.

പത്തോ, പതിനൊന്നോ വയസ്സുള്ളപ്പോഴാണ് ആദ്യആർത്തവം ഉണ്ടാകുന്നത്. അതിനുശേഷം വണ്ണംവെച്ചുതുടങ്ങിയെന്നും പിന്നീട് അത് കുറയ്ക്കാനേ കഴിഞ്ഞിരുന്നില്ലെന്നും കുഷ പറയുന്നു. പിന്നീടാണ് തന്റെ വണ്ണവും പിസിഒഎസും തമ്മിൽ ബന്ധമുണ്ടെന്നും വണ്ണംകുറയ്ക്കണമെന്നും ഡോക്ടർ പറഞ്ഞത്. ഇരുപത്തിയെട്ടാംവയസ്സിൽപ്പോലും തനിക്ക് മുഖക്കുരു വന്നിരുന്നുവെന്നും അതിനുപിന്നിലും പിസിഒഎസ് ആണെന്നും കുഷ പറയുന്നുണ്ട്. 

എന്താണ് പി.സി.ഒ.എസ്?

അണ്ഡാശയങ്ങൾ ചെറു കുമിളകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം(പി.സി.ഒ.എസ്) എന്ന പേര് ഉണ്ടായത്. അണ്ഡാശയങ്ങളിൽ പുരുഷ ഹോർമോണുകൾ അഥവാ ആൻഡ്രോജനുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങൾ വളർച്ച നിലച്ച് കുമിളകളായി നിറയുന്നു. ചില ഹോർമോൺ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവർത്തനരീതിയിൽ വ്യതിയാനം വരുന്നതിന്റെ ഫലമായാണ് പി.സി.ഒ.എസ്. എന്ന അവസ്ഥ ഉണ്ടാകുന്നത്. 

അമിതവണ്ണക്കാരിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും പി.സി.ഒ.എസ്. കാണാറുണ്ട്. അതിനാൽ ഭക്ഷണക്രമീകരണവും വ്യായാമങ്ങളും ഇരുവരും ശീലമാക്കേണ്ടതുണ്ട്.

ഏത് പ്രശ്നത്തിനാണ് മുൻഗണന നൽകേണ്ടത് എന്നതിനനുസരിച്ചാണ് പി.സി.ഒ.എസ്സിനുള്ള ചികിത്സ തീരുമാനിക്കുക. മൂലകാരണം വ്യക്തമല്ലാത്തതിനാൽ സ്ഥിരമായും പൂർണമായും പി.സി.ഒ.എസ്. ലക്ഷണങ്ങളിൽ നിന്നും മുക്തമാകാനുള്ള മരുന്നുകൾ ലഭ്യമല്ല. എന്നാൽ കൃത്യമായ ജീവിതശെെലി ക്രമീകരണം ഈ ലക്ഷ്യത്തിലെത്താൻ സഹായിക്കും. 

ആർത്തവ കൃത്യതയ്ക്കായി ഹോർമോൺ കോമ്പിനേഷനുകൾ സഹായകരമാകുന്നു.  വന്ധ്യത പ്രശ്നമാകുമ്പോൾ അണ്ഡോത്പാദനം വേഗത്തിലാക്കാനുള്ള ഗുളികകൾ കഴിക്കേണ്ടതായി വരാം. മുഖക്കുരു, രോമവളർച്ച, കറുത്ത പാടുകൾ മുതലായവയ്ക്ക് ചർമരോഗ വിദഗ്ധന്റെ നിർദേശപ്രകാരമുള്ള ചികിത്സ സ്വീകരിക്കാം. 

പിസിഒഎസ് കാരണങ്ങൾ അറിയാം

  • ജനിതക പാരമ്പര്യ കാരണങ്ങൾ. 
  • തെറ്റായ ആഹാര ശീലങ്ങളും ജീവിതരീതികളും 
  • ചില ഹോർമോൺ രോഗങ്ങളുടെ ലക്ഷണമായും വരാം

നിരവധി കാരണങ്ങൾ പിസിഒഎസിന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. 
ലക്ഷണങ്ങൾ

ആര്‍ത്തവ ക്രമത്തിലെ ഏറ്റക്കുറച്ചിലുകളാണ്‌ പിസിഒഎസ്സിന്റെ പ്രാഥമികവും പ്രധാനപ്പെട്ടതുമായ ലക്ഷണം. രക്തസ്രാവത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുക, ആർത്തവ ദിനങ്ങളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യുക, ആർത്തവം ഉണ്ടാവുന്നതിനുള്ള കാലതാമസം, വലിയ ഇടവേളയ്ക്ക് ശേഷം അമിത രക്തസ്രാവത്തോടെ ദീർഘനാൾ നീണ്ടുനിൽക്കുന്ന രക്തസ്രാവം, ആർത്തവം നിലച്ചുപോയതു‌പോലെയുള്ള അവസ്ഥ, അമിതവണ്ണം, രോമവളർച്ച, മുഖക്കുരു തുടങ്ങിയവയെല്ലാം പിസിഒഎസിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ഫ്രൈബ്രോയിഡുകളുടേത് പോലെ വേദന ഉണ്ടാകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടില്ല. 

ചികിത്സ

ഇസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവ അടങ്ങിയ ഗുളികകൾ ക്രമീകരിച്ചു നൽകിയാണ് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നത്. അമിതവണ്ണം നിയന്ത്രിക്കലാണ് ആദ്യപ്രതിവിധി. പിസിഒഎസ് ഉള്ളവർ ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സ്‌കൂൾ, കോളേജ് വിദ്യാർഥികളാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ചടഞ്ഞിരിക്കാതെ പുറത്തിറങ്ങി ശരീരം ആയാസപ്പെടുന്ന തരത്തിൽ വ്യായാമം ചെയ്യണം. ദീർഘദൂര നടത്തം, സ്‌കിപ്പിങ്, സൈക്ലിങ്, നൃത്തം തുടങ്ങിയവയെല്ലാം ഫലപ്രദമാണ്. 

ഭക്ഷണത്തിൽ നിന്നും ഇവ ഒഴിവാക്കുക

ഭക്ഷണത്തിൽ അന്നജത്തിന്റെ അളവ് കുറയ്ക്കണം. അരിയാഹാരം, മധുരം എന്നിവ നിയന്ത്രിക്കണം. കൊഴുപ്പ് കുറയ്ക്കണം, മാംസാഹാരം നിയന്ത്രിക്കണം. കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങൾ നിയന്ത്രിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, മൈദ അടങ്ങിയ ഭക്ഷണസാധനങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. 

വീട്ടിലുണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് മുൻതൂക്കം നൽകുക. പച്ചക്കറികൾക്കും പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം.