
കാൻകെയർ ഇന്ത്യ ഫൗണ്ടേഷനും കോട്ടയ്ക്കൽ നഗരസഭയും സംയുക്തമായി നടത്തിയ പ്രവർത്തനങ്ങളിലൂടെ കോട്ടയ്ക്കലിനെ നൂറുശതമാനം അർബുദസാക്ഷരത നേടിയ നഗരസഭയാക്കിയതിന്റെ പ്രഖ്യാപനം പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ നിർവഹിച്ചപ്പോൾ
കോട്ടയ്ക്കൽ: രാജ്യത്ത് നൂറു ശതമാനം അർബുദസാക്ഷരത നേടുന്ന ആദ്യനഗരസഭയായി കോട്ടയ്ക്കൽ. കാൻകെയർ ഇന്ത്യ ഫൗണ്ടേഷനും നഗരസഭയും സംയുക്തമായി നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് നേട്ടം കൈവരിച്ചത്.
അർബുദബാധിതരുടെ എണ്ണത്തിലുള്ള വർധന, വൈകിയുള്ള രോഗനിർണയം, സാമൂഹികമായ തെറ്റിദ്ധാരണകൾ എന്നിവയെല്ലാം ചേർന്ന് കേരളത്തിൽ അർബുദമരണങ്ങളും ദുരിതങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് ‘കാൻക്ലേവ്’ എന്ന ബോധവത്കരണ കാംപെയ്ൻ നടത്തി നേട്ടം കൈവരിച്ചത്.
ഇതിന്റെ ഭാഗമായി എൻഎസ്എസ് വൊളന്റിയർമാർ ഉൾപ്പെടെ 20,711 പേർക്ക് കാൻസർ സാക്ഷരതാ പരിശീലനം നൽകി. കുടുംബശ്രീ യൂണിറ്റുകൾ, അയൽക്കൂട്ട ഗ്രൂപ്പുകൾ, ആശമാർ എന്നിവർ വഴി 32 വാർഡുകളിലെ എല്ലാ കുടുംബങ്ങളിലേക്കും അർബുദസാക്ഷരത എത്തിച്ചു. വിദ്യാർഥികളിലൂടെ കുടുംബത്തെയും അതുവഴി സമൂഹത്തെയും അവബോധമുള്ളവരാക്കി മാറ്റുന്നതാണ് കാംപെയ്ൻ.
നൂറു ശതമാനം അർബുദസാക്ഷരത നേടിയ നഗരസഭയാക്കിയതിന്റെ പ്രഖ്യാപനം പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ നിർവഹിച്ചു.
ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി റിപ്പോർട്ട് ഏറ്റുവാങ്ങി ബാനർ പ്രകാശനം ചെയ്തു. നഗരസഭാധ്യക്ഷ ഡോ. കെ. ഹനീഷ സാക്ഷ്യപത്രവും കാൻകെയർ ഇന്ത്യ ഫൗണ്ടേഷനുള്ള അനുമോദനവും കൈമാറി. കാൻകെയർ ഇന്ത്യ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ശീദ് അബ്ദുൽ വാഹിദ് നഗരസഭയുടെ ആദരം ഏറ്റുവാങ്ങി. നഗരസഭാ ഉപാധ്യക്ഷൻ മുഹമ്മദാലി ചെരട, സ്ഥിരംസമിതി അധ്യക്ഷരായ പി. റംല, പി. മറിയാമു, കാൻകെയർ ഇന്ത്യ ഫൗണ്ടേഷൻ ഭാരവാഹികളായ അഡ്വ. ജദീർ, അഡ്വ. സിനാൻ, അഡ്വ. നസീഫ് എന്നിവർ പങ്കെടുത്തു.
കാൻകെയർ ഇന്ത്യ ഫൗണ്ടേഷൻ
ഡൽഹിയിലെ ബത്ര ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് സെന്ററിൽ ചികിത്സ തേടിയ കേരളത്തിൽനിന്നുള്ള അർബുദരോഗികളുടെ കുടുംബങ്ങളുടെ അഭ്യർഥന മാനിച്ച് ആരോഗ്യപ്രവർത്തകർ, സാമൂഹികപ്രവർത്തകർ, വൊളന്റിയർമാർ തുടങ്ങിയവർ ചേർന്നു രൂപംകൊടുത്തതാണ് കാൻകെയർ ഇന്ത്യ ഫൗണ്ടേഷൻ.
തുടക്കത്തിൽ ആരോഗ്യ ക്യാമ്പുകൾ നടത്തുന്ന സഹായശൃംഖല മാത്രമായിരുന്നു ഇത്. ഇപ്പോൾ രാജ്യത്തുടനീളം ദുർബലസമൂഹങ്ങൾക്ക് പരിചരണം നൽകാനും അർബുദസംബന്ധമായ വിവരങ്ങൾ പ്രചരിപ്പിക്കാനും പ്രവർത്തിക്കുന്നു.
അർബുദരോഗികൾക്ക് സഹായം, കൗൺസലിങ്, പുനരധിവാസം, അതിജീവിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ തുടങ്ങിയ സേവനങ്ങളും നൽകുന്നു.
Content Highlights: Kottakkal becomes India`s first municipality to achieve 100% cancer literacy through CanCare India Foundation`s awareness campaign.
Published: 06 Nov 2025, 10:17 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented