മലപ്പുറം: ഫെബ്രുവരി പകുതിയായപ്പോഴേക്കും പകല്‍ച്ചൂട് കടുത്തുതുടങ്ങി. താപനില ക്രമാതീതമായി കൂടുന്നത് വരുംനാളുകളില്‍ സൂര്യാഘാതവും സൂര്യതാപവും ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.

To advertise here,

ഈ സാഹചര്യം മുന്നില്‍ക്കണ്ട് മേയ് പത്തുവരെ പുറത്ത് പണിയെടുക്കുന്നവരുടെ ജോലിസമയത്തില്‍ തൊഴില്‍വകുപ്പ് ക്രമീകരണവും കൊണ്ടുവന്നിട്ടുണ്ട്. മുതിര്‍ന്നയാളുകള്‍ക്ക് ചൂടിന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രതവേണം.

നിര്‍ജലീകരണം, ചര്‍മരോഗം, ക്ഷീണം തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ മുതിര്‍ന്ന വിഭാഗങ്ങള്‍ കരുതലോടെ ഈ വേനല്‍ക്കാലത്തെ അതിജീവിക്കണം.

മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം; എന്തൊക്കെ?

  • ഓരോദിവസവും 2.5 ലിറ്റര്‍വരെ ദ്രാവകം കുടിക്കണം (ചായ, കാപ്പി, ഓട്ട്സ്, മോരുവെള്ളം തുടങ്ങിയ ദ്രാവകളെല്ലാംകൂടിയാണിത്). ഇവ വൈകീട്ട് ആറിനുമുന്‍പേ കുടിക്കുക. ഏതെങ്കിലും രോഗങ്ങള്‍ക്ക് ദ്രാവക നിയന്ത്രണം ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു പാലിക്കണം. ചൂടുകാലത്ത് കഞ്ഞിവെള്ളമോ മോരുവെള്ളമോ നാരങ്ങവെള്ളമോ ഉപ്പിട്ട് കുടിക്കുന്നത് നല്ലതാണ്. രക്തസമ്മര്‍ദമുള്ളവര്‍ ഇടയ്ക്ക് പരിശോധിച്ചാല്‍ മതിയാകും.
  • വിറ്റാമിന്‍ ഡി കിട്ടാനായി ഇളംവെയില്‍തന്നെ കൊള്ളണം. വേനല്‍ച്ചൂട് കനക്കുന്നതിനാല്‍ രാവിലെ എട്ടുമണിക്ക് മുന്‍പുള്ളതും വൈകീട്ട് 4.30-ന് ശേഷമുള്ളതും കൊള്ളുക. ഉച്ചസമയത്ത് പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കുക. പലതരത്തിലുള്ള ത്വഗ്രോഗങ്ങള്‍ ഇതിലൂടെ ഒഴിവാക്കാനാകും.
  • പകല്‍ നേരിട്ട് സൂര്യരശ്മികള്‍ ശരീരത്തില്‍ പതിക്കുന്നത് ഒഴിവാക്കണം. കുടകളോ മറ്റു സംവിധാനങ്ങളോ ഉപയോഗിക്കാം. ഇരുചക്രവാഹനം ഉപയോഗിക്കുന്നവര്‍ കൈയും മുഖവുമുള്‍പ്പെടെ മറയ്ക്കാന്‍ ശ്രദ്ധിക്കുക
  • ഭക്ഷണത്തില്‍ നീര് കൂടുതലുള്ള പഴങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ഓറഞ്ച്, തണ്ണിമത്തന്‍ തുടങ്ങിയവ.
  • വേനല്‍ച്ചൂട് കാരണം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവില്‍ കുറവുണ്ടാകാം. അതിനാല്‍ പലതവണകളായി ഭക്ഷണം കഴിക്കുക.
  • പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവയ്ക്ക് ദൈനംദിന മരുന്നുകള്‍ മുടക്കാതിരിക്കുക. വെയില്‍ പതിക്കുന്ന ജനലരികില്‍ മരുന്നുകള്‍ സൂക്ഷിക്കാതിരിക്കുക. തടി അലമാരകളില്‍ സൂക്ഷിക്കുക. ഫ്രിഡ്ജിന്റെ ഡോറില്‍ വെക്കേണ്ട മരുന്നുകള്‍ അവിടെത്തന്നെ സൂക്ഷിക്കുക.
  • വ്യായാമം ചെയ്യുന്നവര്‍ രാവിലെ എട്ടിനുമുന്‍പും വൈകീട്ട് 4.30-നു ശേഷവുമാക്കുക.
  • ചര്‍മസംരക്ഷണം ശ്രദ്ധിക്കണം. കോട്ടണ്‍ വസ്ത്രം ധരിക്കുന്നത് നന്നാകും. എണ്ണതേച്ച് കുളിക്കുക. തൊലി പൊട്ടാത്ത രീതിയില്‍ ചകിരിപോലത്തെ സാധനങ്ങള്‍ ഉപയോഗിച്ച് വൃത്തിയാക്കുക. കക്ഷം, തുടയിടുക്ക്, മുഖം എന്നിവിടങ്ങളില്‍ മാത്രം സോപ്പ് ഉപയോഗിക്കുക. പയറുപൊടി, കടലപ്പൊടി എന്നിവയാണെങ്കിലും ഇവിടങ്ങളില്‍ മാത്രം ഉപയോഗിക്കുക.