
മികവുറ്റ ആരോഗ്യ സേവനങ്ങള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ആവശ്യം കാരണം നിക്ഷേപകര്‍ക്ക് ഇടയിലെ ശ്രദ്ധാകേന്ദ്രമായി കേരളത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ രംഗത്ത് കേരളത്തെ വേറിട്ട് നിര്‍ത്തുന്നതിന് പിന്നിലെ ചില പ്രധാന ഘടകങ്ങളാണ്.
ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം: 2022 സാമ്പത്തിക വര്‍ഷത്തില്‍ 2.3 ലക്ഷം പ്രതിശീര്‍ഷ വരുമാനമുള്ള കേരളം, ദേശീയ തലത്തില്‍ അഞ്ചാം സ്ഥാനത്താണ് (തെലങ്കാന, കര്‍ണാടക - 2.7 ലക്ഷം, തമിഴ്നാട്, ഗുജറാത്ത് - 2.4 ലക്ഷം.) ഉന്നത നിലവാരവുള്ള ആരോഗ്യ സേവനങ്ങള്‍ക്കായി പണം ചെലവഴിക്കാന്‍ കഴിവുള്ള ഒരു വലിയ വിഭാഗം ഉപഭോക്താക്കള്‍ കേരളത്തില്‍ ഉണ്ടെന്നതിന്റെ സൂചനയാണിത്.
ഉയര്‍ന്ന നഗരവല്‍ക്കരണം: കേരളത്തിന്റെ നഗരവല്‍ക്കരണ നിരക്ക് 84% ആണ്. (തമിഴ്നാടിന്റെ 49% ഒഴികെ), മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ 45% ല്‍ താഴെയുള്ള നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കൂടുതലാണ്. നഗരങ്ങളിലെ ജനസംഖ്യയുടെ ഈ കേന്ദ്രീകരണം ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതും സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതും എളുപ്പമാക്കുന്നു.
ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്ക്: 94% സാക്ഷരതാ നിരക്ക് രേഖപ്പെടുത്തിയ കേരളം, ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ്. (മറ്റ് സംസ്ഥാനങ്ങള്‍: മഹാരാഷ്ട്ര - 82%, തമിഴ്നാട് - 80%, ഗുജറാത്ത് - 78%, പശ്ചിമ ബംഗാള്‍ - 72%). വിദ്യാസമ്പന്നരായ ഒരു സമൂഹം തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ അവബോധമുള്ളവരായിരിക്കും, ഇത് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ക്കായുള്ള ആവശ്യം വര്‍ധിപ്പിക്കുന്നു.
ഒരു പ്രൈവറ്റ് ഇക്വിറ്റി (PE) സ്ഥാപനം ഒരു കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കുമ്പോള്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചില പ്രധാന മാറ്റങ്ങള്‍ വരുത്തും. ഒന്നാമതായി ഡയറക്ടര്‍ ബോര്‍ഡിനെയും (ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ്), കമ്പനിയെ നയിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെയും (സി-സ്യൂട്ട്) കൂടുതല്‍ കഴിവുള്ളവരെക്കൊണ്ട് ശക്തിപ്പെടുത്തുന്നു. അതോടൊപ്പം, കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ അച്ചടക്കം കൊണ്ടുവരികയും ചെയ്യും. പി.ഇ നിക്ഷേപകരുടെ പ്രധാന ലക്ഷ്യം, ചെലവുകള്‍ നിയന്ത്രിക്കുക, സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുക, കച്ചവടം ഉയര്‍ത്തുക, നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുക, ഇതിലൂടെ കമ്പനിയുടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുക എന്നതാണ്. ഇത്തരം ഇടപെടലുകള്‍ വഴി, കമ്പനിയുടെ ലാഭനഷ്ട കണക്കുകളും (P&L),
ആസ്തി-ബാധ്യത കണക്കുകളും (ബാലന്‍സ് ഷീറ്റ്) കൂടുതല്‍ മെച്ചപ്പെടുകയും കമ്പനി ലാഭത്തിലേക്ക് എത്തുകയും ചെയ്യുന്നു. ഈ രംഗത്തുള്ള നിക്ഷേപകരുടെ വര്‍ധിച്ച താല്‍പ്പര്യത്തിന്റെ തെളിവായി, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ക്ക് മാത്രം ഏകദേശം 27,000 കോടി രൂപയുടെ PE നിക്ഷേപങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ധന സമാഹരണം ഒരു വെല്ലുവിളിയായി തുടരുമ്പോഴും, ആരോഗ്യ സംരക്ഷണ മേഖലയിലെ ഇടപാടുകള്‍ക്കായി പണലഭ്യത ഉറപ്പാക്കാനും മൂലധനം സമാഹരിക്കാനും നിക്ഷേപകര്‍ സജീവമായി ശ്രമിക്കുന്നുണ്ട്. ഏഷ്യ-പസഫിക് മേഖലയിലെ നിക്ഷേപകര്‍ വലിയ തോതില്‍ മൂലധനം വിന്യസിക്കാന്‍ പറ്റിയ സുരക്ഷിത കേന്ദ്രമായി ഇന്ത്യയെ കാണുന്നു. വര്‍ധിച്ചുവരുന്ന മത്സരത്തിനടയിലും (സാങ്കേതിക വിദഗ്ധരില്‍ നിന്നും കോര്‍പ്പറേറ്റ് നിക്ഷേപകരില്‍ നിന്നും) സ്വകാര്യ ഇക്വിറ്റി (PE) സ്ഥാപനങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണ ഐ.ടി. മേഖലകളില്‍ തന്നെയാണ് താത്പര്യം. ഇത് ഈ മേഖലയില്‍ വിസ്മയകരമായ മാറ്റങ്ങള്‍ക്ക് വഴിതുറക്കും.
എങ്കിലും, പ്രൈവറ്റ് ഇക്വിറ്റി (PE) കമ്പനികളുടെ ഉടമസ്ഥാവകാശത്തില്‍ ഒരു പ്രധാന ആശങ്ക നിലനില്‍ക്കുന്നുണ്ട്. PE കമ്പനികളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍, ചികിത്സാ ചെലവുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതായത്, രോഗികള്‍ക്കോ അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കോ (payers) കൂടുതല്‍ പണം മുടക്കേണ്ടി വന്നേക്കാം. കൂടാതെ, PE ഉടമസ്ഥാവകാശം ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരത്തില്‍ സമ്മിശ്ര ഫലങ്ങള്‍ ഉണ്ടാക്കിയേക്കാം എന്നും വിലയിരുത്തപ്പെടുന്നു.
ആരോഗ്യ സംരക്ഷണ രംഗം പ്രൈവറ്റ് ഇക്വിറ്റി (PE) സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴും ആകര്‍ഷകമായ നിക്ഷേപക മേഖലയാണ്. എന്നിരുന്നാലും, നമ്മുടെ ആരോഗ്യ സംരക്ഷണ രംഗം ഒരു വലിയ വെല്ലുവിളി നേരിടുന്നുണ്ട്. സ്വകാര്യ നിക്ഷേപം വഴി ലഭിക്കുന്ന പണം (മൂലധനം) ഉപയോഗിക്കുകയും, അതേ സമയം നിക്ഷേപം നിലനിര്‍ത്താന്‍ PE സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്നത് സ്ഥാപനങ്ങള്‍ക്ക് ഒരു വലിയ വെല്ലുവിളിയാണ്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ രോഗികള്‍ക്ക് കാര്യമായി ഉപകരിച്ചില്ല എന്നതാണ് വസ്തുത. അതായത്, ചെലവ് കുറഞ്ഞതും, ഉയര്‍ന്ന നിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് നിക്ഷേപം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ഒരു പ്രവര്‍ത്തന മാതൃക ഇനിയും രൂപപ്പെടേണ്ടതുണ്ട്.
പുതിയ നിക്ഷേപ റൗണ്ടുകളില്‍ 'മൂല്യം അടിസ്ഥാനമാക്കിയുള്ള' തന്ത്രം സ്വീകരിക്കുന്നത് ഈ വെല്ലുവിളിക്ക് ഒരു ശാശ്വത പരിഹാരമാകുമോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. ഇത്തരം നിക്ഷേപങ്ങള്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടോ എന്നതും കാത്തിരുന്ന് കാണേണ്ടതുണ്ട്.
(ഐ.ഐ.എം - അഹമ്മദാബാദ് അലുമിനിയും , സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ - കോഴിക്കോട് സിഇഒയും ആണ് ലേഖകന്‍)
Content Highlights: Discover why Kerala is becoming a top destination for healthcare investments, driven by its high income, urbanization, and literacy.
Published: 21 Oct 2025, 07:44 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented