കാഞ്ഞങ്ങാട്: മനോജ്കുമാറിന്റെ കുടുംബത്തിൽ ഓണവും വിഷുവും പോലെതന്നെ നടക്കുന്ന മറ്റൊരു വിശേഷമാണ് രക്തദാനം. 18-ാമത്തെ വയസ്സിൽ തുടങ്ങിയതാണ് 53-ലെത്തിയ തൃക്കരിപ്പൂരിലെ എൻ.മനോജ്കുമാറിന്റെ രക്തദാനം. കൃത്യമായി മൂന്നുമാസത്തെ ഇടവേളകളിൽ ഇത്‌ നടക്കുന്നു. ഭാര്യ എം.നിഷയും ഭർത്താവിന്റെ ജീവൻരക്ഷാ ഉദ്യമത്തിൽ പങ്കാളിയാകാൻ അധികം താമസമുണ്ടായില്ല. നിഷ ഇതുവരെ ആറുതവണ രക്തം നൽകി. മക്കളായ രാഹുലും രോഹിത്തും അച്ഛന്റെ പാത പിന്തുടരുന്നവരാണ്. 15-ഉം 13-ഉം തവണ ഇരുവരും രക്തദാനം നടത്തി.

To advertise here,

എ നെഗറ്റീവ് എന്ന അപൂർവ രക്തഗ്രൂപ്പിന്റെ ഉടമകളാണ് ഈ കുടുംബമെന്ന പ്രത്യേകതയുമുണ്ട്. തൃക്കരിപ്പൂർ പഞ്ചായത്ത് ഓഫീസിനു സമീപമാണ് മനോജും നിഷയും ചേർന്ന് നടത്തുന്ന ‘രാരോ’ ചായക്കട. രണ്ടുമക്കളുടെ പേരിലെ ആദ്യക്ഷരംകൊണ്ടാണ് ചായക്കടയുടെ പേരുണ്ടാക്കിയത്.

അപകടങ്ങളിൽപ്പെട്ടവർക്കും പ്രസവവുമായി ബന്ധപ്പെട്ട അത്യാവശ്യഘട്ടങ്ങളിലും മനോജ് ഓടിച്ചെല്ലാത്ത ആശുപത്രികൾ ജില്ലയിലില്ലെന്നുതന്നെ പറയാം. കോഴിക്കോട് മെഡിക്കൽ കോളേജിലും മംഗളൂരുവിലെ ആശുപത്രികളിലും ജീവൻരക്ഷയുമായി പലപ്പോഴായി മനോജ് ഓടിച്ചെന്നിട്ടുണ്ട്.

ബ്ലഡ് ഡൊണേഴ് കേരള നടത്തുന്ന രക്തദാനക്യാമ്പുകളിലാണ് കൃത്യമായ ഇടവേളകളിൽ രക്തദാനം നടത്തുന്നത്. മറ്റ് ഗ്രൂപ്പ് രക്തം ആവശ്യമുള്ളവർ ബന്ധപ്പെട്ടാലും മനോജ് ആളുകളെ തേടിപ്പിടിച്ച് എത്തിക്കാറുണ്ട്. വർഷങ്ങൾക്ക് മുൻപ് രക്തം നൽകിയ ഒരു വീട്ടമ്മയുടെ കൊച്ചുമകന് അടുത്തിടെ രക്തം നൽകാൻ സാധിച്ചത് മറക്കാൻ പറ്റാത്ത അനുഭവമായി മാനോജ് ഓർത്തെടുക്കുന്നു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിലാണ് മൂത്തമകൻ രാഹുൽ ജോലിചെയ്യുന്നത്. രണ്ടാമൻ രോഹിത് അധ്യാപക പരിശീലനം പൂർത്തിയാക്കി ജോലിക്കുള്ള കാത്തിരിപ്പിലാണ്.