ഇന്ന് ലോകരക്തദാന ദിനം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കേരളത്തിലെ പ്രധാനപ്പെട്ട ആശുപത്രിയില്‍ രക്തദാനം നിര്‍വ്വഹിക്കുന്നതിനിടയില്‍ യുവാവ് കുഴഞ്ഞ് വീണുമരിച്ചു എന്ന പേരില്‍ ഒരു വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയത്. ഇപ്പോഴും ഈ വാര്‍ത്ത വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു. രക്തദാനത്തിന് തയ്യാറാകുന്ന അനേകം പേര്‍ ഈ വാര്‍ത്തയില്‍ വിശ്വസിക്കുകയും രക്തദാനത്തില്‍ നിന്ന് പിന്മാറുകയും ചെയ്യുന്ന സാഹചര്യമുണ്ടായി കഴിഞ്ഞിരിക്കുന്നു.
എന്താണ് യാഥാര്‍ഥ്യം?
രക്തദാനം സുരക്ഷിതവും ലളിതവുമായ നടപടിക്രമമാണ് എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം നമുക്ക് പറയാന്‍ സാധിക്കും. ലോകമെങ്ങും കോടിക്കണക്കിന് യൂണിറ്റ് രക്തമാണ് ഓരോ വര്‍ഷവും ദാനം ചെയ്യപ്പെടുന്നത്. ഇത്തരം രക്തദാനങ്ങളിലൊന്നും തന്നെ അതീവഗൗരവതരമായ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാറില്ല. രക്തംദാനം ചെയ്യുന്ന വ്യക്തിയും രക്തം സ്വീകരിക്കുന്ന വ്യക്തിയും സുരക്ഷിതരാണ് എന്ന് ഉറപ്പ് വരുത്താന്‍ ലോകാരോഗ്യ സംഘടനയും ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള ആരോഗ്യ സംവിധാനങ്ങളും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് മാത്രമേ രക്തദാനം നടത്തുവാന്‍ സാധിക്കുകയുള്ളൂ.
രക്തദാനത്തിനിടെ മരണം സംഭവിക്കാന്‍ സാധ്യതയുണ്ടോ?
നിലവില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന വിഷയത്തിന് കാരണം രക്തദാനമാകുവാനുള്ള സാധ്യത വളരെ കുറവാണ്. രോഗനിര്‍ണ്ണയം നടത്തപ്പെടാത്ത ഹൃദയസംബന്ധമായ അസുഖങ്ങളോ ഏതെങ്കിലും തരത്തിലുള്ള മറ്റ് രോഗങ്ങളോ മരണകാരണമായിരിക്കാനാണ് സാധ്യത. രക്തദാനം നിര്‍വഹിച്ചു എന്ന ഒറ്റക്കാരണത്താല്‍ ഒരു വ്യക്തി മരണപ്പെടാനുള്ള സാധ്യത തീര്‍ത്തും വിരളമാണ്. പൂര്‍ണ്ണമായും സ്ഥിരീകരിക്കപ്പെടാത്ത ഒരു വിഷയത്തെ ആസ്പദമാക്കി സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമായ പ്രചരണം നടത്തുന്നത് വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് കൂടി ഓര്‍മ്മിക്കണം.
രക്തദാനത്തിന്റെ പ്രാധാന്യം
ഓരോ സെക്കന്റിലും ലോകത്ത് ഒരാള്‍ക്ക് രക്തം ആവശ്യമായി വരുന്നു. ഒരു രക്തദാനത്തിലൂടെ മൂന്ന് വ്യക്തികളുടെ വരെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും.ശസ്ത്രക്രിയക്ക് വിധേയരായവര്‍, അപകടം സംഭവിച്ചവര്‍, ജനനസംബന്ധമായ തകരാറുകള്‍, തലാസീമിയ, ഹീമോഫീലിയ തുടങ്ങിയ രോഗമുള്ളവര്‍ തുടങ്ങി അനേകം സാഹചര്യങ്ങളില്‍ രക്തം നിര്‍ബന്ധമായും ആവശ്യമായി വരുന്നു. രക്തം കൃത്രിമമായി നിര്‍മിക്കാന്‍ സാധിക്കില്ല. രക്തദാനത്തിലൂടെ മാത്രമേ ലഭ്യമാവുകയുള്ളൂ.
സുരക്ഷാസംബന്ധമായ മുന്‍കരുതലുകള്‍
ദാതാവിന് നല്‍കുന്ന വിശദമായ ചോദ്യാവലിയില്‍ സുരക്ഷിതമായി രക്തം നല്‍കുന്നതിന് ആവശ്യമായ ചോദ്യങ്ങളുണ്ട്. ഇത് സത്യസന്ധമായി പൂരിപ്പിച്ചാല്‍ രക്തം സ്വീകരിക്കുന്ന ജീവനക്കാര്‍ക്ക് എളുപ്പത്തില്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ സാധിക്കും. നീഡില്‍ ഒരുതവണ മാത്രമേ ഉപയോഗിക്കുകയുള്ളൂ. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടോ എന്നറിയാന്‍ രക്തദാനത്തിന് ശേഷം അല്‍പ്പ സമയം ദാതാവിനെ നിരീക്ഷണ വിധേയനാക്കുന്നു.
രക്തദാന പ്രക്രിയയ്ക്ക് നേതൃത്വം വഹിക്കുന്നത് പരിചയ സമ്പന്നരായ ജീവനക്കാരാണ്. ജലദോഷം, പനി, തൊണ്ടവേദന, അണുബാധകള്‍, രക്താതിസമ്മര്‍ദ്ദം തുടങ്ങിയവ ഉള്ളവരില്‍ നിന്ന് രക്തം സ്വീകരിക്കില്ല. മദ്യം ഉപയോഗിച്ചവരിൽ 24 മണിക്കൂർ കഴിഞ്ഞു മാത്രമേ രക്തം സ്വീകരിക്കുകയുള്ളൂ. സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ രക്തം നല്‍കുന്നത് സുരക്ഷിതമല്ല. ശരീരത്തില്‍ ടാറ്റൂ, ബോഡി പിയേഴ്‌സിങ്ങ് തുടങ്ങിയവ ചെയ്തവരില്‍ നിന്ന് ഒരു വർഷത്തേക്ക് രക്തം സ്വീകരിക്കില്ല.
എത്ര രക്തമാണ് ഒരു വ്യക്തിയില്‍ നിന്ന് സ്വീകരിക്കുന്നത്?
ശരീരത്തിലെ രക്തം മുഴുവനും എടുത്തുകളയും എന്നൊക്കെ ഭയപ്പെട്ട് രക്തദാനത്തിന് തയ്യാറാവാത്തവരുണ്ട്. യഥാര്‍ത്ഥത്തില്‍ 350 മി.ലി. രക്തം മാത്രമാണ് ഒരു വ്യക്തിയില്‍ നിന്ന് സ്വീകരിക്കുകയുള്ളൂ. ഒരാള്‍ക്ക് ഒരേ സമയം 450 മില്ലി ലിറ്റര്‍ വരെ രക്തം ദാനം ചെയ്യാം.
(കോട്ടക്കൽ ആസ്റ്റർ മിംസിലെ പാത്തോളജി വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ആണ് ലേഖകൻ)
Content Highlights: Blood Donation Myths Debunked: Addressing Safety Concerns and Misinformation
Published: 14 Jun 2025, 11:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented