അർബുദ രോഗബാധിതയാണെന്ന് വെളിപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ പങ്കെടുത്ത് കേറ്റ് മിഡില്‍ടണ്‍. ചാള്‍സ് രാജാവിന്റെ  ഔദ്യോഗിക ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടാണ് സെല്‍ട്രല്‍ ലണ്ടണിലെ പരിപാടിയില്‍ കേറ്റ് പങ്കെടുത്തത്.

To advertise here,

രോഗാവസ്ഥ സ്ഥിരീകരിച്ച ശേഷം പൊതുപരിപാടികളില്‍ പങ്കെടുക്കാതിരുന്ന കേറ്റ്, താന്‍ അസുഖത്തില്‍നിന്ന് സുഖം പ്രാപിക്കുകയാണെന്നും ശനിയാഴ്ച നടക്കുന്ന രാജാവിന്റെ ജന്മദിനാഘോഷ (റോയല്‍ ട്രൂപ്പിങ് ദ കളര്‍) പരിപാടിയില്‍ പങ്കെടുക്കുമെന്നും വെള്ളിയാഴ്ച അറിയിച്ചിരുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് വില്യം രാജകുമാരന്റെ പത്‌നിയും വേയ്ല്‍സ് രാജകുമാരിയുമായ കേറ്റ് മിഡില്‍ടണ്‍ അര്‍ബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും കീമോതെറാപ്പിയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചും തുറന്നുപറഞ്ഞത്. 

"അസുഖത്തിൽ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ കീമോതെറാപ്പിയിലൂടെ കടന്നുപോകുന്ന മറ്റാരേയും പോലെ തന്നെ നല്ല ദിനങ്ങളും വിഷമകരമായ ദിനങ്ങളും ഉണ്ടാകാറുണ്ട്. ക്ഷീണവും തളർച്ചയും തോന്നുന്ന ദിവസങ്ങളില്‍ ശരീരമര്‍ഹിക്കുന്നത് വിശ്രമമാണ്. അതേസമയം സുഖം തോന്നുന്ന ദിവസങ്ങളിൽ പരമാവധി ഊര്‍ജ്ജസ്വലമായിരിക്കാൻ പ്രയോജനപ്പെടുത്തുകയും വേണം", കേറ്റ് പറഞ്ഞു. 

"കഴിഞ്ഞ ഏതാനും മാസങ്ങളായി  അത്ഭുതകരമായ പിന്തുണയാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്.  വിഷമകരമായ ദിനങ്ങൾ മറികടക്കാൻ വില്യമിനും എനിക്കും നിങ്ങളിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് വലിയ പങ്കുണ്ട്". കുറച്ചു മാസങ്ങള്‍കൂടി ചികിത്സ തുടരുമെന്നും കേറ്റ് അറിയിച്ചു. സ്വന്തം കഥകള്‍ ധീരമായി പങ്കുവെച്ചവരോട് കേറ്റ് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. 

Read more; കേറ്റ് മിഡിൽടണിന്റെ തുറന്നുപറച്ചിൽ, ആശങ്ക പടർത്തി അമ്പതുവയസ്സിനു താഴെയുള്ളവരിലെ അർബുദം

ചാള്‍സ് മൂന്നാമന്‍ കാന്‍സര്‍ ബാധിതനാണെന്ന് അറിയിച്ച് ആഴ്ചകള്‍ക്കുള്ളിലാണ് കേറ്റും തന്റെ അസുഖവിവരം വെളിപ്പെടുത്തിയത്.