കഴിഞ്ഞ ദിവസമാണ് നടി ജുവൽ മേരി കാൻസർ അതിജീവനയാത്രയേക്കുറിച്ച് പങ്കുവെച്ചത്. ധന്യാ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളേക്കുറിച്ച് പങ്കുവെക്കുന്ന കൂട്ടത്തിൽ കാൻസറിനേയും അതിജീവിച്ച വിവരം ജുവൽ തുറന്നുപറഞ്ഞത്. എന്നാൽ തന്റെ തുറന്നുപറച്ചിലോടെ പലരും കരുതിയിരിക്കുന്നത് ഇപ്പോഴും താൻ രോ​ഗബാധിതയാണെന്നാണ് എന്ന് ജുവൽ പറയുന്നു. 2023-ൽ നടന്ന കാര്യം ഇപ്പോൾ പറയുന്നത് എന്തിനാണെന്ന് ചോദിച്ചവരുമുണ്ട്. ഇവർക്കെല്ലാം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീ‍ഡിയോയിലൂടെ മറുപടി നൽകുകയാണ് ജുവൽ. രോ​ഗകാലത്തെ ചിത്രങ്ങൾ സഹിതമാണ് ജുവലിന്റെ പോസ്റ്റ്. 

To advertise here,

2023-ൽ നടന്ന അസുഖത്തേക്കുറിച്ചും സർജറിയേക്കുറിച്ചും ഇപ്പോൾ എന്തിനാണ് വന്നുപറയുന്നതെന്ന് ചോദിക്കുന്നവരുണ്ട്. ഇപ്പോഴാണ് രോ​ഗമുള്ളതെന്നും കരുതുന്നവരുണ്ട്. തൈറോയ്ഡിൽ കാൻസർ വന്നത് 2023-ൽ ആണ്. ചികിത്സ പൂർണമായും കഴിഞ്ഞു. ഇന്ന് പൂർണമായും ആരോ​ഗ്യവതിയാണ്. വിവാഹമോചനമായാലും അർബുദമായാലും എന്റെ ചുറ്റിലുമുള്ള ഒരുപാട് മനുഷ്യരിൽ എന്റെ തന്നെ സാഹചര്യത്തിലൂടെ കടന്നുപോയ ഒരുപാട് മനുഷ്യരുണ്ട്. അവർക്കുവേണ്ടിയാണ് ഞാൻ സംസാരിച്ചത്.- ജുവൽ പറയുന്നു.

ഒരുപാട് ഇരുട്ടുള്ള സ്ഥലത്തിലൂടെ പോകുമ്പോൾ എവിടെയെങ്കിലും ഒരു വിളക്കുമരം കാണുന്നത് ദിശ മനസ്സിലാക്കാൻ എളുപ്പമാണെന്ന് പറയും. അതുപോലെ താനും ചെറിയൊരു ചൂട്ട് കത്തിച്ചെന്നേയുള്ളുവെന്നും ജുവൽ പറയുന്നു. എല്ലാവർക്കും അത് കണ്ടതുകൊണ്ടോ, കഥ അറിഞ്ഞതുകൊണ്ടോ ഉപകാരമില്ല. അത് ആവശ്യമുള്ളവർക്കുവേണ്ടി മാത്രം പങ്കുവെച്ചതാണെന്നും ജുവൽ പറഞ്ഞു.

എന്തെങ്കിലും സംഭവിക്കുമ്പോഴേക്കും വീണ്ടും വരുമോയെന്ന് പേടിച്ചിരിക്കുന്നവരുണ്ട്. എന്നാൽ ഞാൻ അങ്ങനെയല്ല. കഴിഞ്ഞത് കഴിഞ്ഞു എന്ന് വിശ്വസിക്കാനാണിഷ്ടം. ഇന്ന് ജീവിക്കുക, മരിക്കാൻ സമയമാവുമ്പോൾ മരിക്കാം.- ജുവൽ പറയുന്നു.

ചികിത്സാകാലത്തെ യാത്ര കാണിക്കാമെന്ന് പറഞ്ഞ് ചില ചിത്രങ്ങളും ജുവൽ പങ്കുവെച്ചു. കാൻസർ സർജറിക്ക് മുമ്പുള്ള പടമാണ്, പേടിയുണ്ടായിരുന്നു, പക്ഷേ ഞാൻ ചിരിച്ചു എന്നുപറഞ്ഞാണ് ഒരു ചിത്രം പങ്കുവെച്ചത്. സർജറി കഴിഞ്ഞിട്ടും ഒരുങ്ങി പൊട്ടൊക്കെ തൊട്ടാണ് ഇരുന്നത്, ഇന്നും അതേ ചിരിയുണ്ട്, കാരണം ഞാൻ കാൻസറിനെ അതിജീവിച്ചു- എന്നാണ് മറ്റൊരു ചിത്രത്തിനൊപ്പം ജുവൽ പറഞ്ഞത്. 

തൈറോയ്ഡ് കാൻസർ, ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

മനുഷ്യരുടെ ശരീരത്തില്‍ കഴുത്തില്‍ കാണപ്പെടുന്ന ശലഭാകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. മനുഷ്യശരീരത്തിന് ഏറ്റവും ആവശ്യമായ തൈറോക്‌സിന്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണിത്. ലോകത്ത് കാണപ്പെടുന്ന കാന്‍സറുകളില്‍ വെറും നാല് ശതമാനം മാത്രമാണ് തൈറോയ്ഡ് കാന്‍സര്‍ കണ്ടുവരുന്നത്, നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാവുന്ന, ഉയര്‍ന്ന അതിജീവന നിരക്കുള്ള രോഗമാണ് തൈറോയ്ഡ് കാന്‍സര്‍.

മറ്റ് കാന്‍സര്‍ രോഗങ്ങളുടെ ലക്ഷണങ്ങളെ അപേക്ഷിച്ച് തൈറോയ്ഡ് കാന്‍സറിന്റെ ലക്ഷണങ്ങള്‍ പൊതുവേ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പലപ്പോഴും കാന്‍സര്‍ തിരിച്ചറിയാതെ തൈറോയ്ഡിന്റെ അസുഖം എന്ന നിലയില്‍  മരുന്നുകള്‍ കഴിക്കുകയാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. പിന്നീട് കൂടുതല്‍ വിശദമായ പരിശോധനയിലാണ് തൈറോയ്ഡ് കാന്‍സര്‍ കണ്ടെത്തുന്നത്.

തൈറോയ്ഡ് കാന്‍സറിന്റെ ഏറ്റവും പ്രധാന ലക്ഷണങ്ങളില്‍ ഒന്ന് കഴുത്തില്‍ മുഴയോ, കഴുത്തിലെ കഴലകളില്‍ (ലിംഫ് നോഡുകള്‍ ) കാണുന്ന വീക്കമോ ഉണ്ടാവുന്നതാണ്. അമിതമായ ഭാരക്കുറവ്, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, തുടര്‍ച്ചയായ തൊണ്ടവേദന, ക്ഷീണം, സ്ത്രീകളെ സംബന്ധിച്ച്  ക്രമരഹിതമായ ആര്‍ത്തവ ചക്രങ്ങള്‍ എന്നിവയെല്ലാം ലക്ഷണങ്ങളായി കണ്ടുവരുന്നു.

പ്രധാനമായും നാല് തരം തൈറോയ്ഡ് കാന്‍സറുകളാണ് ഉള്ളത്. പാപ്പിലറി, ഫോളിക്യുലര്‍, മെഡ്ഡുലറി, അനാപ്ലാസ്റ്റിക്. ഇവയില്‍ പാപ്പിലറി തൈറോയ്ഡ് വളരെ സാവധാനത്തില്‍ വളരുന്നതും ഏറ്റവും സാധാരണമായി കണ്ടുവരുന്നതുമായ കാന്‍സര്‍ ആണ്. അതേസമയം അനാപ്ലാസ്റ്റിക് തൈറോയ്ഡ് കാന്‍സര്‍ വളരെ അപൂര്‍വവും അപകടകാരിയുമാണ്. 

തൈറോയ്ഡ് കാന്‍സര്‍ ചികിത്സ എന്ന് പറയുന്നത് ഓരോ തരം കാന്‍സറിനെയും ആശ്രയിച്ചിരിക്കുന്നു. തൈറോയ്ഡക്ടമി എന്ന പ്രക്രിയയിലൂടെ ഗ്രന്ഥിയുടെ ഒരു ഭാഗം അല്ലെങ്കില്‍ മുഴുവനായും നീക്കം ചെയ്യുന്ന ചികിത്സാരീതിയാണ് നിലവിലുള്ളത്. ശസ്ത്രക്രിയക്ക് ശേഷം കാന്‍സര്‍ കോശങ്ങളെ ന്യൂക്ളിയര്‍ മെഡിസിന്‍ ട്രീറ്റ് മെന്റ്  തെറാപ്പിയിലൂടെ സുഖപ്പെടുത്തിയെടുക്കുന്നു. ചില കേസുകളില്‍ റേഡിയേഷനും കീമോതെറാപ്പിയും ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പിയും നല്‍കേണ്ടതായി വരും. അനാപ്ലാസ്റ്റിക് ഒഴിച്ചു മറ്റുള്ളവക്ക് കീമോതെറാപ്പി ആവശ്യമായി വരില്ല. അപൂര്‍വമായി ചില രോഗികള്‍ക്ക് ഇമ്മ്യൂണോ തെറാപ്പിയാകും ആവശ്യം വരിക.  

തൈറോയ്ഡ് കാന്‍സര്‍ തടയാന്‍ കഴിയില്ല എങ്കിലും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ  അപകട സാധ്യത കുറയ്ക്കാന്‍ സാധിക്കും. അയോഡിന്‍ ആവശ്യമായ അളവില്‍ കഴിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. അനാവശ്യമായ റേഡിയേഷന്‍ ഏല്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. പാരമ്പര്യഘടകം ഉള്ളവര്‍ പതിവായ ആരോഗ്യ നിരീക്ഷണവും പരിശോധനകളും നടത്തേണ്ടതാണ്. കാന്‍സറുകള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന അതിജീവന നിരക്കുകളില്‍ ഉള്ള ഒന്നാണ് തൈറോയ്ഡ് കാന്‍സര്‍. ശരിയായ സമയത്ത് ശരിയായ ചികിത്സ നല്‍കിയാല്‍ രോഗികള്‍ക്ക് ആരോഗ്യകരമായ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയുന്നതാണ്, ജീവിതശൈലിയില്‍ ആവശ്യമായ  മാറ്റങ്ങള്‍ വരുത്തുക, ചികിത്സാ നിര്‍ദ്ദേശങ്ങള്‍ ചിട്ടയായി പാലിക്കുക എന്നിവയിലൂടെ ആരോഗ്യകരമായ തുടര്‍ ജീവിതം ഉറപ്പുവരുത്താം. മുകളില്‍ പറഞ്ഞ തൈറോയിഡ് ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍ ചികിത്സ തേടുക.

തൈറോയ്ഡ് കാൻസർ സംബന്ധിച്ച വിവരങ്ങൾക്ക് കടപ്പാട്:

ഡോ. സൗരഭ് രാധാകൃഷ്ണന്‍
അസ്സോസിയേറ്റ് പ്രൊഫസര്‍
ഡിപ്പാര്‍ട്ടമെന്റ് ഓഫ് മെഡിക്കല്‍ ഓങ്കോളജി
അമൃത ഹോസ്പിറ്റല്‍
കൊച്ചി