നടി ജാസ്മിൻ ഭാസിന് ടെർമിനൽ ഇലൈറ്റിസ് എന്ന രോഗാവസ്ഥ ബാധിച്ചതിനേക്കുറിച്ച് പങ്കുവെച്ച് കാമുകനും നടനുമായ അലി ഗോണി. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ജാസ്മിന്റെ ആരോഗ്യാവസ്ഥയേക്കുറിച്ച് പങ്കുവെച്ചത്. ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ സഹിതമാണ് രോഗാവസ്ഥയേക്കുറിച്ച് കുറിച്ചിരിക്കുന്നത്.

To advertise here,

ഇത്തവണത്തെ പിറന്നാളാഘോഷം പ്രതീക്ഷിച്ചതുപോലെ നടന്നില്ലെന്നും ജീവിതം അപ്രതീക്ഷിതമാണെന്നും പറഞ്ഞാണ് അലി ഗോണി ജാസ്മിന്റെ ആരോഗ്യാവസ്ഥ പങ്കുവെച്ചത്. ദുബായിൽ പിറന്നാൾ ആഘോഷത്തിനെത്തിയ ദിവസമാണ് ജാസ്മിന്റെ ആരോഗ്യം വഷളാകുന്നത്. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ടെർമിനൽ ഇലൈറ്റിസ് എന്ന അവസ്ഥയാണെന്ന് തിരിച്ചറിഞ്ഞതെന്ന് ജാസ്മിൻ പറഞ്ഞു. വൈകാതെ സുഖം പ്രാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും നടി പറയുന്നു.

 

 

എന്താണ് ടെർമിനൽ ഇലൈറ്റിസ്?

ചെറുകുടലിന്റെ അവസാനത്തെ ഭാഗമായി ഇലിയത്തിൽ വീക്കം മൂലമുണ്ടാകുന്ന അവസ്ഥയാണിത്. അടിവയറുവേദനയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങൾ. മലത്തിൽ രക്തം, ഭാരം കുറയുക തുടങ്ങിയവയും ഉണ്ടായേക്കാം. അൾസറൈറ്റീവ് കൊളൈറ്റിസ്, കുടലിലെ വീക്കം, ലിംഫ്നോഡ് ടിഷ്യൂവിന്റെ അസാധാരണമായ വളർച്ച, ലിംഫോമ, ജനിതക വ്യതിയാനം തുടങ്ങിയവയാണ് പ്രധാന കാരണങ്ങളായി വിദഗ്ധർ കരുതുന്നത്.

ചില രോഗികളിൽ ലക്ഷണങ്ങൾ കാര്യമായി പ്രകടമാകാറില്ലെങ്കിലും ചിലരിൽ ഗുരുതരമാകാറുമുണ്ട്. ലക്ഷണങ്ങളിൽ നിന്നുമാത്രം രോഗം സ്ഥിരീകരിക്കാനാവില്ല. രോഗിയെ പരിശോധിച്ചതിനുശേഷം രക്തപരിശോധനകൾ, സ്കാനിങ്ങുകൾ, എൻഡോസ്കോപ്പി തുടങ്ങിയവയ്ക്കു ശേഷമേ രോഗസ്ഥിരീകരണം നടത്താനാവൂ. തുടർച്ചയായി വയറുവേദന, വയറിളക്കം, മലത്തിൽ രക്തം, അകാരണമായി ശരീരഭാരം കുറയുക എന്നിവയുണ്ടെങ്കിൽ വിദഗ്ധ ചികിത്സ തേടാൻ വൈകരുത്.