
കണ്ണൂർ: വന്ധ്യതാചികിത്സാരംഗത്ത് നേട്ടം കൊയ്ത് ഹോമിയോ വിഭാഗത്തിന്റെ ജനനി പദ്ധതി. 10 വർഷത്തിനിടയിൽ ജില്ലാ ഹോമിയോ ആസ്പത്രിയിലെ വന്ധ്യതാ ചികിത്സാകേന്ദ്രത്തിൽ ചികിത്സ തേടിയവരിൽ 645 കുഞ്ഞുങ്ങൾ ജനിച്ചതിന്റെ ആഹ്ലാദം പങ്കിടാൻ ദമ്പതിമാരും ചികിത്സകരും ഒത്തുചേരുന്നു. ഇവർക്ക് പുറമേ നൂറോളം ഗർഭിണികളുമുണ്ട്.
200 കുഞ്ഞുങ്ങൾ ജനിച്ചതിന്റെ ആഘോഷവും ഇവിടെ നടന്നിരുന്നു. 500 കുട്ടികൾ തികഞ്ഞ സമയത്ത് ആഘോഷിക്കാൻ തീരുമാനിച്ചെങ്കിലും കോവിഡ് നിയന്ത്രണം കാരണം സാധിച്ചില്ലെന്നും ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഈ മാസം പരിപാടി നടത്തുമെന്നും ജില്ലാ ഹോമിയോ ആസ്പത്രി സൂപ്രണ്ട് ഡോ. ടി. ഗീതയും പദ്ധതിയുടെ ജില്ലാ കൺവീനർ എ.പി. സുധീരയും പറഞ്ഞു.
മറ്റ് ചികിത്സകൾ പരാജയപ്പെടുമ്പോഴാണ് പലരും ഹോമിയോയെ അഭയം പ്രാപിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്നവരിൽ 40 കഴിഞ്ഞവർപോലുമുണ്ട്.
വന്ധ്യതാചികിത്സയിൽ ഹോമിയോ മരുന്നുകൾ ഫലപ്രദമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 2012-ൽ സംസ്ഥാന ആരോഗ്യവകുപ്പ് ‘അമ്മയും കുഞ്ഞും’ എന്ന പേരിൽ പദ്ധതി തുടങ്ങി. പിന്നീട് 2017-ലാണ് ‘ജനനി’ എന്ന പേരിൽ പ്രത്യേക പദ്ധതി കണ്ണൂരിൽ ആരംഭിച്ചത്. 2019 മുതൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത് നടപ്പാക്കി. പത്തിലധികം ഡോക്ടർമാർ ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ചികിത്സ സൗജന്യമാണ്.
ദമ്പതിമാരെ ഒരേ സമയം ചികിത്സയ്ക്ക് വിധേയമാക്കുന്നതാണ് ഇവിടത്തെ രീതി. ഒരു ദിവസം ആറുപേരെ മാത്രമേ പരിശോധിക്കൂ.
സ്ത്രീകളിൽ അണ്ഡാശയ സംബന്ധമായ പ്രശ്നങ്ങളാണ് വന്ധ്യതയ്ക്കുള്ള പ്രധാന കാരണം. പുരുഷൻമാരിൽ മാനസികസംഘർഷങ്ങളും പ്രതികൂല കാലാവസ്ഥയിലുള്ള ജോലിയും ലഹരിയുടെയും മാംസാഹാരത്തിന്റെയും അമിത ഉപയോഗവും പ്രശ്നം സൃഷ്ടിക്കുന്നു.
കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായ സമയത്ത് കണ്ണൂരിലെ ചികിത്സാവിഭാഗത്തെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു.
പുതുതായി ചികിത്സാകേന്ദ്രം ആരംഭിക്കുന്നതിന് ചാലയിൽ 30 സെന്റ് സ്ഥലം കോർപ്പറേഷൻ അനുവദിച്ചു. 10 കോടി രൂപ സംസ്ഥാനസർക്കാരും അനുവദിച്ചിട്ടുണ്ട്.
ഇതിന് പുറമേ, നാഷണൽ ആയുഷ് മിഷന്റെ ഫണ്ടും ലഭിക്കും. കെട്ടിടത്തിന്റെ രൂപരേഖ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
Content Highlights: janani homoeopathic fertility care infertility treatment
Published: 01 Sept 2022, 11:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented