ഹൈദരാബാദിലുള്ള രോഗിക്ക് ചൈനയിൽ നിന്ന് ശസ്ത്രക്രിയ നടത്തി ഇന്ത്യൻ ഡോക്ടർ. യൂറോളജിസ്റ്റായ ഡോ. സയ്യിദ് മുഹമ്മദ് ഗൗസാണ് 3,000 കിലോമീറ്ററോളം അകലെ വുഹാനിൽ നിന്ന് വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. ചൈന വികസിപ്പിച്ച റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് അൾട്രാ-ഫാസ്റ്റ് 5ജി ഇന്റർനെറ്റ് കണക്ടിവിറ്റിയുടെ സഹായത്തോടെയാണ് ഈ വിദൂര ശസ്ത്രക്രിയ നടത്തിയതെന്ന് ചൈനാ ഡെയ്‌ലി റിപ്പോർട്ട് ചെയ്തു.

To advertise here,

വുഹാനിലെ തോങ്ജി ആശുപത്രിയിലാണ് ഡോക്ടർ ഗൗസ് ഉണ്ടായിരുന്നത്. ഹൈദരാബാദിലെ ആശുപത്രിയിലാണ് രോഗി ഉണ്ടായിരുന്നത്. അവിടെയുണ്ടായിരുന്ന ആരോഗ്യസംഘത്തെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു ശസ്ത്രക്രിയ. 90 മിനിറ്റോളമാണ് ശസ്ത്രക്രിയ നീണ്ടത്. ശസ്ത്രക്രിയ വിജയകരമായെന്ന് ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വക്താവ് യു ജിങ് എക്‌സിൽ കുറിച്ചു.

'വുഹാനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ യൂറോളജിസ്റ്റായ ഡോ. സയ്യിദ് മുഹമ്മദ് ഗൗസ് 3000 കിലോമീറ്റര് അകലെ ഇന്ത്യയിലെ ഹൈദരാബാദിലുള്ള രോഗിയെ 90 മിനിറ്റുകൊണ്ട് മൂത്രനാളിയുടെ റീഇംപ്ലാന്റേഷൻ ശസ്ത്രക്രിയ റോബോട്ടിന്റെ സഹായത്തോടെ നടത്തി. ചൈനയിൽ വികസിപ്പിച്ച റോബോട്ടിക്‌സ്, 5ജി സാങ്കേതികവിദ്യകൾക്ക് നന്ദി. അതിർത്തികൾ ഭേദിച്ച്, ജീവൻ രക്ഷിക്കുന്ന കരുതൽ.' -ഇതാണ് യു ജിങ് കുറിച്ചത്. ഒപ്പം ശസ്ത്രക്രിയയുടെ ചിത്രങ്ങളും അവർ പങ്കുവെച്ചു.

ശസ്ത്രക്രിയ തുടങ്ങുന്നതിന് മുമ്പ് വുഹാനിലേയും ഹൈദരാബാദിലേയും ഡോക്ടർമാർ രോഗിയുടെ മെഡിക്കൽ രേഖകൾ ഓൺലൈനായി പരിശോധിച്ച് വിലയിരുത്തി. തുടർന്ന് റോബോട്ടിക് കൈയുടെ സഞ്ചാരപഥം അതീവശ്രദ്ധയോടെ മാപ്പ് ചെയ്തു. ഇതിന് ശേഷം ഹൈദരാബാദിലെ ഡോക്ടർമാർ രോഗിക്ക് അനസ്‌ത്യേഷ്യ നൽകിയശേഷം റോബോട്ടിക് ഉപകരണങ്ങൾ ഓപ്പറേഷൻ തിയേറ്ററിൽ സജ്ജമാക്കി.

ശസ്ത്രക്രിയാ ഉപകരണങ്ങളും ഹൈ ഡെഫിനിഷൻ 3ഡി ക്യാമറകളുമാണ് റോബോട്ടിക് സിസ്റ്റത്തിലുണ്ടായിരുന്നത്. ഈ ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ തത്സമയം വുഹാനിലെ ഡോ. മുഹമ്മദ് ഗൗസിന് ലഭിച്ചു. തോങ്ജി ആശുപത്രിയിൽ സജ്ജമാക്കിയ കൺസോൾ ഉപയോഗിച്ചാണ് ഹൈദരാബാദിലെ റോബോട്ടിക് കൈകളെ അദ്ദേഹം വിദൂരമായി നിയന്ത്രിച്ചത്. തത്സമയ ദൃശ്യങ്ങൾ കണ്ടുകൊണ്ടായിരുന്നു ഇത്.

ഡോക്ടറുടെ കൈകളുടെ ചലനം അനുകരിക്കുകയാണ് റോബോട്ടിക് കൈകൾ ചെയ്തത്. വെറും 200 മില്ലി സെക്കൻഡ് സമയം കൊണ്ടാണ് വുഹാനിൽ നിന്ന് ഡോക്ടറുടെ നിർദേശങ്ങൾ ഹൈദരാബാദിലെത്തിയത്. ശസ്ത്രക്രിയ നടക്കുന്ന സമയം മുഴുവനും ഹൈദരാബാദിലെ ഓപ്പറേഷൻ തിയേറ്ററിൽ അടിയന്തരസാഹചര്യമുണ്ടായാൽ ഏതുനിമിഷവും ഇടപെടാൻ സജ്ജരായി ഡോക്ടർമാരുടെ സംഘം നിലയുറപ്പിച്ചിരുന്നു.