ഇന്ത്യയിൽ സാംക്രമികേതര രോഗങ്ങൾ മൂലം ആളുകള്‍ മരിക്കുന്നതിന്റെ സാധ്യത കൂടിയെന്ന് വ്യക്തമാക്കുന്ന പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. ഹൃദയാഘാതം, ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ, കാൻസർ തുടങ്ങിയ സാംക്രമികേതര രോഗങ്ങൾ രാജ്യത്ത് പ്രധാനപ്പെട്ട ആരോഗ്യ വെല്ലുവിളികളായി തുടരുന്നുവെന്നാണ് ദി ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറഞ്ഞത്. ഇപ്പോഴിതാ അണുബാധകളേക്കാൾ സാംക്രമികേതര രോഗങ്ങൾ മൂലമാണ് കൂടുതൽ ഇന്ത്യക്കാർ മരണപ്പെടുന്നതെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം.
ബെർലിനിൽ വേൾഡ് ഹെൽത്ത് സമ്മിറ്റിന്റെ ഭാഗമായി നടന്ന ഗ്ലോബൽ ബേർഡൻ ഓഫ് ഡിസീസ് എന്ന റിപ്പോർട്ടിലാണ് ഇതേക്കുറിച്ച് പരാമർശിക്കുന്നത്. റിപ്പോർട്ട് പറയുന്നതുപ്രകാരം 1990-കളിൽ ഏറ്റവുമധികം മരണകാരിയായിരുന്നത് വയറിളക്ക രോഗങ്ങളാണ്. 2023 ആയപ്പോൾ ഇഷെമിക് ഹാർട്ടി ഡിസീസ് മൂലമുള്ള മരണങ്ങളാണ് കൂടിയത്. സിഒപിഡി (Chronic Obstructive Pulmonary Disease) രണ്ടാംസ്ഥാനത്തും പക്ഷാഘാതം മൂന്നാംസ്ഥാനത്തും കൂടുതൽ മരണങ്ങളിലേക്ക് നയിക്കുന്ന രോഗങ്ങളായി മാറി.
അതേസമയം 2021-ൽ ആഗോളതലത്തിൽ തന്നെ മരണനിരക്ക് വർധിപ്പിച്ച കോവിഡ് മരണകാരണമാകുന്ന രോഗങ്ങളുടെ പട്ടികയിൽ ഇരുപതാം സ്ഥാനത്തേക്ക് താഴ്ന്നു. അണുബാധകൾ മൂലം മരണപ്പെടുന്നവരുടെ എണ്ണത്തിൽ നിന്ന് പ്രതിരോധിക്കാവുന്ന ജീവിതശൈലീ രോഗങ്ങൾ മൂലമുള്ള മരണങ്ങൾ കുതിച്ചുയരുന്നതിൽ ആരോഗ്യസംവിധാനങ്ങൾ കരുതലോടെ മുന്നൊരുക്കങ്ങൾ നടത്തി പ്രതിരോധം തീർക്കുകയാണ് വേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഗോളതലത്തിൽ മൂന്നിൽ രണ്ട് ഭാഗം മരണങ്ങൾക്കും പിന്നിൽ സാംക്രമികേതര രോഗങ്ങൾ ആണെന്നും ഇന്ത്യയിലും സ്ഥിതിയിൽ വ്യത്യാസമില്ലെന്നും പഠനം പറയുന്നു. ഇഷെമിക് ഹാർട്ട് ഡിസീസ്, സിഒപിഡി, പക്ഷാഘാതം മുതലായവ മൂലമുള്ള മരണങ്ങൾ കൂടുകയും ശ്വാസകോശ അണുബാധ, വയറിളക്ക രോഗങ്ങൾ, നവജാതശിശുക്കളെ ബാധിക്കുന്ന അണുബാധകൾ തുടങ്ങിയവ വ്യാപകമായി കുറയുകയും ചെയ്തുവെന്ന് റിപ്പോർട്ടിലുണ്ട്.
ഹൈപ്പർടെൻഷൻ, ഡയബറ്റിസ്, അർബുദങ്ങൾ, ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ നേരത്തേ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനാവും വിധം ആരോഗ്യസംവിധാനങ്ങൾ മെച്ചപ്പെടുത്തുകയാണ് പ്രധാനം എന്നതാണ് വിദഗ്ധർ നിർദേശിക്കുന്ന പ്രധാന കാര്യം. പുകയില വർജനം, ആഹാരരീതി, വ്യായാമം, വായുമലിനീകരണ നിയന്ത്രണം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ഗുണംചെയ്യുമെന്നും പറയുന്നുണ്ട്. ഗ്രാമീണ മേഖലയിലുള്ള, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് സാംക്രമികേതര രോഗങ്ങൾ തടയുന്നതിനും പരിചരണം ലഭ്യമാക്കുന്നതിനുമുള്ള പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
Content Highlights: New study reveals non-communicable diseases like heart disease, cancer, and respiratory issues are the leading causes of death in India, surpassing infections.
Published: 14 Oct 2025, 07:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented