രാജ്യത്തെ സാംക്രമികേതര രോഗങ്ങൾ കുത്തനെ ഉയരുകയാണെന്ന് റിപ്പോർട്ട്. കാൻസർ കേസുകളിൽ വൻകുതിപ്പാണെന്നും പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു. അപ്പോളോ ഹോസ്പിറ്റൽസിന്റെ നാലാമത് എഡിഷന്റെ ഹെൽത്ത് ഓഫ് നേഷൻ റിപ്പോർട്ടിലാണ് ഇതേക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.
ഇന്ത്യ കാൻസറിന്റെ തലസ്ഥാനമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. രാജ്യത്തെ മൂന്നിലൊരാൾ പ്രീഡയബറ്റിക്കും മൂന്നിൽ രണ്ടുപേർ പ്രീ ഹൈപ്പർടെൻസീവും പത്തിലൊരാൾ വിഷാദരോഗികളും ആണെന്ന് റിപ്പോർട്ടിലുണ്ട്. കാൻസർ, ഹൈപ്പർടെൻഷൻ, ഡയബറ്റിസ്, ഹൃദ്രോഗങ്ങൾ, മാനസികരോഗങ്ങൾ തുടങ്ങിയവ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിച്ചേർന്നിട്ടുണ്ടെന്നും രാജ്യത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഗോളതലത്തിലേതുപോലെതന്നെ ഇന്ത്യയിലും കാൻസർ കേസുകൾ കുതിക്കുകയാണ്. സ്ത്രീകളിൽ സ്തനാർബുദം, സെർവിക്സ് കാൻസർ, ഒവേറിയൻ കാൻസർ തുടങ്ങിയവയാണ് രാജ്യത്ത് ഉയർന്നുനിൽക്കുന്നത്. പുരുഷന്മാരിലാകട്ടെ ശ്വാസകോശാർബുദം, വായിലെ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയാണവ.
മറ്റുരാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി ഇന്ത്യയിൽ കാൻസർ സ്ഥിരീകരിക്കപ്പെടുന്നവരുടെ പ്രായം കുറവാണെന്നും എടുത്തുപറയുന്നുണ്ട്. അപ്പോഴും രാജ്യത്തെ കാൻസർ സ്ക്രീനിങ് നിരക്കും വളരെ കുറവാണെന്നും റിപ്പോർട്ടിലുണ്ട്.
അമിതവണ്ണംമൂലമുള്ള പ്രശ്നങ്ങളും ഉറക്കസംബന്ധമായ പ്രശ്നങ്ങളും വർധിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അമിതവണ്ണക്കാരുടെ നിരക്ക് 2016-ൽ ഒമ്പതുശതമാനം ആയിരുന്നെങ്കിൽ 2023 ആയപ്പോഴേക്കും അത് ഇരുപതുശതമാനമായി ഉയർന്നിരിക്കുന്നു. ഹൈപ്പർടെൻഷൻ കേസുകൾ ഇതേ കാലയളവിൽ തന്നെ ഒമ്പതിൽ നിന്ന് പതിമൂന്നായി ഉയർന്നു.
ആരോഗ്യകാര്യങ്ങളിൽ കൃത്യമായ പരിശോധനകൾ പാലിക്കുകയാണ് രോഗങ്ങളെ പ്രതിരോധിക്കാനുള്ള വഴിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിന് രാജ്യമൊട്ടാകെ ബോധവൽക്കരണ പരിപാടികളും നടക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ആഗോളതലത്തിൽതന്നെ കുതിക്കുന്ന കാൻസർ കേസുകളേക്കുറിച്ച് അടുത്തിടെ ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. 2050 ആകുമ്പോഴേക്ക് 77% കാൻസർ കേസുകളിലേക്കെത്തിച്ചേരുമെന്നാണ് പറയപ്പെടുന്നത്. അതായത് 35 ദശലക്ഷം പുതിയകേസുകൾ എന്ന നിലയിലേക്ക് കാൻസർ കേസുകൾ കുതിക്കുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.
ഓരോ രാജ്യങ്ങളും തങ്ങളുടെ ആരോഗ്യ പദ്ധതികളിൽ കാൻസറിന് പ്രാമുഖ്യം നൽകുന്നത് രോഗപ്രതിരോധത്തിന് ഗുണംചെയ്യുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. കൂടാതെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി വ്യക്തിപരമായി ഉണ്ടാകാനിടയുള്ള അപകടസാധ്യതാഘടകങ്ങൾ കുറയ്ക്കാം. പുകവലിശീലം നിർത്തുന്നതിലൂടെ പലയിനം കാൻസറുകളെ പ്രതിരോധിക്കാനാവും. ആരോഗ്യകരമായ ഭക്ഷണശീലം തുടരുന്നതും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതും മദ്യോപഭോഗം കുറയ്ക്കുന്നതുമൊക്കെ ഗുണംചെയ്യും. കൂടാതെ ലക്ഷണങ്ങൾ കണ്ടാൽ സ്ക്രീനിങ്ങുകൾ ചെയ്യാനും വിദഗ്ധസേവനങ്ങൾ തേടാനും മടികാണിക്കരുതെന്നും ലോകാരോഗ്യസംഘടന പറയുകയുണ്ടായി.
Content Highlights: india cancer capital of the world
Published: 08 Apr 2024, 08:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented