ആരോഗ്യകരമായ ശരീരം കാക്കുന്നതിൽ വ്യായമത്തിന്റെ പങ്ക് വളരെ വലുതാണ്. വണ്ണംകുറയ്ക്കാൻ വേണ്ടി മാത്രം വ്യായാമം ചെയ്യുന്നവരാണ് ഏറെയും. എന്നാൽ വണ്ണംകുറഞ്ഞില്ലെങ്കിലും വ്യായാമം തുടർച്ചയായി ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാനാവുമെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നത്.

To advertise here,

അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ (AHA) പുതിയ മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. വ്യായാമം ചെയ്യുന്നതിലൂടെ വണ്ണംകുറഞ്ഞില്ലെങ്കിലും ഹൃദയാരോഗ്യം സംരക്ഷിക്കപ്പെടുകയും രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര എന്നിവ നിയന്ത്രണവിധേയമാവുകയും ചെയ്യുമെന്ന് എഎച്ച്എ പറയുന്നു.

വ്യായാമം ചെയ്ത് അധികമാവുംമുമ്പ് ശരീരഭാരം കുറയുന്നില്ലെന്ന് പരാതിപ്പെടുകയും തുടർന്ന് വ്യായാമം ചെയ്യാൻ മടികാണിക്കുകയും ചെയ്യുന്നവർ ഏറെയുണ്ട്. അത്തരത്തിൽ നിരുത്സാഹം തോന്നരുതെന്നും വണ്ണംകുറയുന്നുണ്ടോ എന്നുമാത്രം നോക്കി വ്യായാമത്തെ വിലയിരുത്തരുതെന്നും എഎച്ച്എ പറയുന്നു.

അമിതവണ്ണമുള്ള മിക്ക ആളുകളിലും വ്യായാമത്തിലൂടെ മാത്രം കാര്യമായി ശരീരഭാരം കുറയില്ലെന്നും ഒപ്പം ഭക്ഷണക്രമത്തിലും മാറ്റം വരുത്തേണ്ടതുണ്ടെന്നും എഎച്ച്എ പറയുന്നു. പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യം ശക്തിപ്പെടുത്തുകയും ഹൃദയത്തിന് കൂടുതൽ കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാൻ സഹായിക്കുകയും ചെയ്യും. ഇതുവഴി ഹൃദ്രോഗം, മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയും.

കൊളസ്ട്രോൾ നില മെച്ചപ്പെടുകയും രക്തസമ്മർദം കൂടുന്നതുമൂലമുള്ള ഹൃദയാഘാത-പക്ഷാഘാത സാധ്യതകൾ കുറയ്ക്കുകയും ചെയ്യും. ഒപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാവുകയും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുകയും ചെയ്യുമെന്ന് എഎച്ച്എ പറയുന്നു.

ശരീരഭാരം കുറയ്ക്കുന്നതിനുള്ള വഴി എന്നതിനേക്കാൾ ആരോഗ്യകരമായ ജീവിതം മുന്നോട്ടു നയിക്കാനുള്ള ശീലമായി വ്യായാമത്തെ കാണണമെന്ന് വിദഗ്ധർ ഊന്നിപ്പറയുന്നു. നടത്തം, സൈക്ലിംഗ്, നീന്തൽ, അല്ലെങ്കിൽ സ്ട്രെങ്ത് ട്രെയിനിങ് പോലുള്ളവ വലിയ മാറ്റമുണ്ടാക്കുമെന്നും എഎച്ച്എ പറയുന്നുണ്ട്.

വ്യായാമം ചെയ്യുംമുമ്പ് ശ്രദ്ധിക്കേണ്ടത്

ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയുമൊക്കെ ചില പ്രശ്‌നങ്ങൾ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെ, വിദഗ്ധപരിശീലകരുടെ നിർദേശത്തോടെയാവാം വ്യായാമങ്ങൾ.

എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്.

ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാൻ തുടങ്ങാം. നടത്തം, ഓട്ടം, നീന്തൽ, വിവിധതരം കളികൾ, ജിമ്മിലെ വ്യായാമങ്ങൾ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം. മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തുകയാണ് ആദ്യം വേണ്ടത്.

ജിമ്മിലാണെങ്കിൽ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിൾ, ട്രെഡ് മിൽ തുടങ്ങിയവയിലേക്ക് കടക്കാവൂ.

പ്രഷർ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം ഉണ്ടാകാം. സ്ത്രീകളിലാണെങ്കിൽ കൂടുതലായി ഫൈബ്രോയിഡ്, പി.സി.ഒ.ഡി., തൈറോയിഡ് പ്രശ്‌നം ഒക്കെയുണ്ട്. ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോ തെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം.

നടുവേദന, മുട്ടുവേദന ഒക്കെ ഉള്ളവർ ഭാരമെടുക്കുന്നതുപോലുള്ള വ്യായാമങ്ങളിലേക്ക് കടക്കരുത്.

വാം അപ് നിർബന്ധം

  • വ്യായാമത്തിന് മുൻപ് വാം അപ് നിർബന്ധമാണ്. കൈകാലുകൾക്ക് സ്ട്രെച്ചിങ് നൽകണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്തശേഷം വ്യായാമത്തിലേക്ക് കടക്കാം.
  • വർക്ക്ഔട്ടിന് മുൻപ് പ്രീവർക്ക് ഔട്ട് മീൽസ് കഴിക്കാം.
  • മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും.
  • ആദ്യഘട്ടത്തിൽ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്തുതുടങ്ങാം.
  • അമിതഭാരമുള്ളവർ ഒരു പേഴ്സണൽ ട്രെയിനറുടെ കീഴിൽ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വർക്ക്ഔട്ട്‌, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശം ലഭിക്കാൻ അത് നല്ലതാണ്.
  • വ്യായാമത്തിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കുകയും ദാഹിക്കുമ്പോൾ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം.
  •