എന്തെങ്കിലും കാരണങ്ങളാൽ കുഞ്ഞിനെ മുലയൂട്ടാനാവാതെ വരുമ്പോൾ പാൽ ശേഖരിക്കാൻ ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കാം. ബ്രെസ്റ്റ് പന്ത് ഉപയോഗിക്കേണ്ട രീതി എങ്ങനെയാണെന്നു നോക്കാം.

To advertise here,
  • സുഖകരമായി ഉപയോഗിക്കാനാവുന്ന ബ്രെസ്റ്റ്പമ്പ് നോക്കി വാങ്ങണം.
  • ചെറിയ പ്രഷറിൽ വേണം പമ്പ് ഉപയോഗിച്ചു തുടങ്ങാൻ.10-20 മിനിറ്റ് ഉപയോഗിക്കാം.
  • ജോലിക്കുപോകുന്ന അമ്മമാരാണെങ്കിൽ കുഞ്ഞിനെ മുലയൂട്ടി അരമണിക്കൂറെങ്കിലും കഴിഞ്ഞാൽ ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കാം.
  • കുഞ്ഞ് പാൽ കുടിച്ചുകൊണ്ടിരിക്കുമ്പോൾ അടുത്ത സ്തനത്തിൽ ആവശ്യമെങ്കിൽ ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കാം.
  • ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കുന്നതിനിടെ വേദന അനുഭവപ്പെട്ടാൽ ഉപയോഗം വേഗം നിർത്തണം. കുറച്ചു സമയത്തിന് ശേഷം വീണ്ടും ഉപയോഗിക്കാം.
  • ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കുമ്പോൾ ആ സ്തനം അല്പം തടവിക്കൊടുക്കുന്നത് സ്തനത്തിൽ നിന്ന് പാൽ ഇറങ്ങാൻ സഹായകരമാവും.
  • കൃത്യമായ ഇടവേളകളിൽ ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് പാൽ ശേഖരിക്കാം.
  • അസുഖമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ കുഞ്ഞിന് പാൽ കുടിക്കാനാവാത്ത അവസ്ഥയുണ്ടായാൽ സ്തനത്തിൽ പാൽ കെട്ടിക്കിടന്ന് സ്തനവീക്കം ഉണ്ടാവാതെ നോക്കാനും ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കുന്നത് നല്ലതാണ്.
  • ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കുന്നതു മൂലമോ അല്ലാതെയോ സ്തനവീക്കം പോലുള്ള പ്രശ്‌നങ്ങളുണ്ടായാൽ വൈകാതെ ഡോക്ടറുടെ ഉപദേശം തേടണം.

ബ്രെസ്റ്റ് പമ്പ് ചെയ്ത പാൽ ഫ്രിഡ്ജിൽ വെക്കാമോ ?

ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് ശേഖരിച്ച പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. പാൽ കൈകാര്യം ചെയ്യുന്നതിന് മുൻപ് കൈകൾ വൃത്തിയാക്കണം. കഴുകി വൃത്തിയാക്കിയ കുപ്പിയായിരിക്കണം പാൽ ശേഖരിക്കാൻ ഉപയോഗിക്കേണ്ടത്. പാൽ നിറച്ചശേഷം കുപ്പി നന്നായി അടച്ചുവെക്കണം. പന്ത്രണ്ട് മണിക്കൂറിനകം ഈ പാൽ ഉപയോഗിക്കുന്നതാണ് നല്ലത്.

അമ്മ കഴിക്കുന്ന ഭക്ഷണങ്ങൾക്കനുസരിച്ച് പാലിന്റെ നിറത്തിൽ ചെറിയ വ്യത്യാസം കണ്ടേക്കാം. തണുപ്പിക്കുന്ന പാലിന്റെ കൊഴുപ്പ് മുകളിൽ പൊങ്ങി നിൽക്കാം. അതിൽ കുഴപ്പമില്ല. മുലയൂട്ടുന്ന കാലത്ത് ഏത് മരുന്ന് കഴിക്കുമ്പോഴും സ്ഥിരം കാണുന്ന ഡോക്ടറെ കണ്ട് അഭിപ്രായം തേടണം. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മുലയൂട്ടൽ കാലത്ത് മരുന്നുകൾ കഴിക്കാവൂ.ഏതെങ്കിലും മരുന്ന് നേരത്തെ കഴിക്കുന്നുണ്ടെങ്കിൽ അത് നിർത്തി എത്രനാൾ കഴിഞ്ഞാണ് മുലയൂട്ടൽ പുനരാരംഭിക്കാനാവുക എന്നെല്ലാമുള്ള കാര്യങ്ങൾ ഡോക്ടറോട് കൃത്യമായി ചോദിച്ച് മനസ്സിലാക്കണം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. മഞ്ജു വി.കെ.

ഗൈനക്കോളജിസ്റ്റ്