തിരുവനന്തപുരം : ആഗോള ഹോർമോൺ ഗർഭനിരോധന വിപണിയിലെ മികച്ച കമ്പനികളുടെ പട്ടികയിൽ എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ് (എച്ച്എൽഎൽ) ഇടം നേടി. അന്താരാഷ്ട്ര മാർക്കറ്റ് റിസർച്ച് ആൻഡ് കൺസൾട്ടിംഗ് സ്ഥാപനമായ സ്ഫെറിക്കൽ ഇൻസൈറ്റ്‌സ് ആൻഡ് കൺസൾട്ടിംഗ് പുറത്തിറക്കിയ പുതിയ വ്യവസായ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

To advertise here,

2026 മുതൽ 2035 വരെയുള്ള കാലയളവ് ഉൾക്കൊള്ളുന്ന ഈ റിപ്പോർട്ടിൽ, കേന്ദ്ര സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎല്ലിനെ ലോകത്തെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ, വനിതാ ആരോഗ്യ പരിപാലന കമ്പനികൾക്കൊപ്പമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് എച്ച്എൽഎൽ പ്രവർത്തിക്കുന്നത്.

2025-ൽ 20.84 ബില്യൺ യുഎസ് ഡോളറായിരുന്ന ആഗോള ഹോർമോൺ ഗർഭനിരോധന വിപണി, 2035-ഓടെ 33.92 ബില്യൺ യുഎസ് ഡോളറിലെത്തുമെന്നാണ് റിപ്പോർട്ട് പ്രവചിക്കുന്നത്. പ്രത്യുൽപാദന ആരോഗ്യത്തെക്കുറിച്ചുള്ള കൂടുതൽ അവബോധം, കുടുംബാസൂത്രണ പദ്ധതികളുടെ വ്യാപനം, ആധുനിക ഗർഭനിരോധന മാർഗങ്ങളുടെ ലഭ്യത എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്നിലെന്ന് റിപ്പോർട്ട് പറയുന്നത്.

ആറ് പതിറ്റാണ്ടുകളായി ഗർഭനിരോധന ഉപാധികളും കുടുംബാസൂത്രണ ഉത്പന്നങ്ങളും നിർമിക്കുന്ന എച്ച്എൽഎല്ലിന് ഇന്ത്യയിലുടനീളമായി ഏഴ് ഉത്പാദന കേന്ദ്രങ്ങളുണ്ട്. കേന്ദ്ര സർക്കാർ, സംസ്ഥാന ആരോഗ്യ വകുപ്പുകൾ, ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ, അന്താരാഷ്ട്ര സംഭരണ ഏജൻസികൾ, മറ്റ് രാജ്യങ്ങളിലെ പൊതുജനാരോഗ്യ പദ്ധതികൾ എന്നിവയ്ക്കാണ് കമ്പനി തങ്ങളുടെ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത്.

1990-കളുടെ തുടക്കത്തിൽ പുറത്തിറക്കിയ, ഇന്ത്യയിലെ ആദ്യത്തെ നോൺ-സ്റ്റിറോയ്ഡൽ ഓറൽ ഗർഭനിരോധന ഗുളികയായ 'സഹേലി' കമ്പനിയുടെ ഉത്പന്നങ്ങളിലൊന്നാണ്. 52 മില്ലിഗ്രാം ലിവോനോർജെസ്ട്രെൽ അടങ്ങിയ, മൂന്ന് വർഷം വരെ ഫലപ്രദമായ ഗർഭനിരോധനം നൽകുന്ന ഹോർമോൺ ഇൻട്രായൂട്ടറൈൻ സിസ്റ്റമായ 'എമിലി'യും കമ്പനി നിർമിക്കുന്നു. അമിതമായ ആർത്തവ രക്തസ്രാവം നിയന്ത്രിക്കാനും ഇത് ഉപയോഗിക്കാറുണ്ട്. ഹോർമോൺ, നോൺ-ഹോർമോൺ ഗുളികകൾക്ക് പുറമെ, പുരുഷ-സ്ത്രീ കോണ്ടങ്ങൾ, ഐയുസിഡി, ട്യൂബൽ റിംഗുകൾ തുടങ്ങിയ കുടുംബാസൂത്രണ ഉത്പന്നങ്ങളും കമ്പനിയുടെ ഉൽപന്ന ശ്രേണിയിൽ ഉൾപ്പെടുന്നു.

എച്ച്എൽഎല്ലിന്റെ ഉത്പാദന കേന്ദ്രങ്ങൾക്ക് ലോകാരോഗ്യ സംഘടന/യുഎൻഎഫ്പിഎ പ്രീ-ക്വാളിഫിക്കേഷൻ ഉണ്ട്. കൂടാതെ, കോർപറേറ്റ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ (സിആർഡിസി) എന്ന പേരിൽ പ്രത്യേക ഗവേഷണ കേന്ദ്രവും കമ്പനിക്കുണ്ട്. ലാറ്റക്സ് അധിഷ്ഠിത വനിതാ കോണ്ടവും ഗ്രാഫീൻ കോണ്ടവും ഉൾപ്പെടെ, സ്വന്തമായി വികസിപ്പിച്ചെടുത്ത ഉത്പന്നങ്ങൾ ഈ ഗവേഷണ കേന്ദ്രത്തിന്റെ സംഭാവനകളിൽ ഉൾപ്പെടുന്നു.

ഗർഭനിരോധന ഉത്പന്നങ്ങൾക്ക് പുറമെ, ആശുപത്രി ഉത്പന്നങ്ങൾ, ഡയഗ്നോസ്റ്റിക്സ്, റീട്ടെയിൽ ഫാർമസി ശൃംഖല, ആരോഗ്യ അടിസ്ഥാന സൗകര്യ പദ്ധതികൾ തുടങ്ങിയ മേഖലകളിലും എച്ച്എൽഎൽ് പ്രവർത്തിക്കുന്നുണ്ട്. ഈ വർഷം 60 വർഷം പൂർത്തിയാക്കിയ കമ്പനി, തുടക്കത്തിലെ ദൗത്യത്തിൽ നിന്ന് വിപുലമായ ഒരു പൊതുജനാരോഗ്യ സ്ഥാപനമായി ഈ കാലയളവിനുള്ളിൽ വളർന്നിട്ടുണ്ട്.