മഞ്ചേരി: 2025-ൽ എച്ച്‌ഐവി മാനേജ്‌മെന്റും പ്രതിരോധവും വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വൈറസ് പകരുന്നത് കുറയുകയും ചികിത്സ കൂടുതൽ സുരക്ഷിതവും ഫലപ്രദവുമായി മാറുകയും ഒരിക്കൽ അസാധ്യമായിരുന്ന 'functional cure' എന്ന ആശയത്തിലേക്ക് മനുഷ്യരാശി അടുക്കുകയും ചെയ്യുന്നു. ആഭ്യന്തരമായി ഇന്ത്യയിൽ പുതിയ കേസുകൾ കുറഞ്ഞുവരുന്നതായാണ് കാണുന്നത്.

To advertise here,

പകർച്ചാരീതികൾ

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, മലിനമായ സിറിഞ്ച്‌ കൈമാറ്റം, അണുബാധയുള്ള അമ്മയിൽനിന്ന് കുഞ്ഞിലേക്ക്, അസുഖബാധിതനിൽനിന്ന് രക്തം സ്വീകരിക്കുന്നതിലൂടെ തുടങ്ങിയ മാർഗങ്ങളിലൂടെ തന്നെയാണ് എച്ച്‌ഐവി പകരുന്നത്. എന്നാൽ 15-29 വയസ്സുള്ള യുവാക്കളുടെ ഗ്രൂപ്പിലാണ് കേസുകൾ കൂടുതലായുള്ളത്.

പരിശോധന ലളിതം

എച്ച്‌ഐവി പരിശോധന ഇപ്പോൾ കൂടുതൽ ലളിതവും സൗകര്യപ്രദവുമായിത്തീർന്നിട്ടുണ്ട്. എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യ ടെസ്റ്റിങ് സൗകര്യമുണ്ട്. ഇതിനായി Fourth-generation Ag/Ab comb tests കൂടുതലായും ഉപയോഗിക്കുന്നു. ഇത് നേരത്തേതന്നെ വൈറസ് കണ്ടെത്താൻ സഹായിക്കുന്നു. കൂടാതെ സ്വയം ടെസ്റ്റിങ് കിറ്റുകളും ലഭ്യമാണ്. എച്ച്‌ഐവി ചികിത്സയും അനുബന്ധ ടെസ്റ്റുകളും എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും എആർടി സെന്ററുകളിലും സൗജന്യമായി ലഭിക്കും. വൈറൽ ലോഡ് ടെസ്റ്റിങ് രോഗികളുടെ ചികിത്സാപുരോഗതി അളക്കാൻ ഉപയോഗിക്കുന്നു.

ചികിത്സ ഇങ്ങനെ

എച്ച്‌ഐവിക്ക് ദിനേന ചികിത്സമുതൽ ഇൻജക്‌ഷൻ ബേസ്ഡ് ചികിത്സവരെ ഇപ്പോഴുണ്ട്. ഫസ്റ്റ്‌ലൈൻ എആർടി ചികിത്സയാണ് പൊതുവെ എല്ലായിടത്തും ഉപയോഗിക്കുന്നത്. മൂന്നുതരം ആന്റിവൈറൽ ഗുളികകളുടെ സംയോജിത മരുന്നുകൾ ഉപയഗിച്ചുള്ള ചികിത്സാരീതിയാണുള്ളത്. ഇത് ഫലപ്രദവും പാർശ്വഫലങ്ങൾ കുറഞ്ഞതുമാണ്. രോഗനിവാരണം സംബന്ധിച്ച ഗവേഷണം ഇനിയും പൂർണ ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. പക്ഷേ, CRISPR ജീൻ എഡിറ്റിങ് പരീക്ഷണങ്ങൾ രോഗശമന സാധ്യതയിലേക്ക് വിരൽചൂണ്ടുന്നു. കൂടാതെ വിശാലമായ ന്യൂട്രലൈസിങ് ആന്റിബോഡികളും ആറുമാസത്തിലൊരിക്കൽ നൽകാവുന്ന ചികിത്സകളും എച്ച്‌ഐവി ചികിത്സാപുരോഗതിയുടെ സൂചനകളാണ്.

മെഡിക്കൽ കോളേജിൽ ചികിത്സിക്കാം

മലപ്പുറത്ത് മഞ്ചേരി മെഡിക്കൽ കോളേജിൽ എച്ച്‌ഐവി അണുബാധിതരുടെ ചികിത്സയ്ക്കായി വിപുലമായ സൗകര്യമാണുള്ളത്. മലപ്പുറം ജില്ലയിലെ ആകെയുള്ള ഒരു എആർടി സെന്റർകൂടിയാണിത്. നിരവധി ആളുകൾക്ക് എയ്ഡ്സ് എന്ന അവസ്ഥയിൽനിന്ന് ആരോഗ്യകരമായ അവസ്ഥയിലേക്ക് തിരിച്ചുവരാനും അണുബാധിതരായ ദമ്പതിമാർക്ക് അണുബാധ ഇല്ലാത്ത കുഞ്ഞുങ്ങൾ ഉണ്ടാകാനും ഇവിടത്തെ ചികിത്സയിലൂടെ സാധിച്ചിട്ടുണ്ട്. സമ്പർക്കത്തിനു മുൻപുള്ള രോഗപ്രതിരോധ ചികിത്സയും സുരക്ഷിതമായ ലൈഗികതയും എച്ച്‌ഐവി പ്രതിരോധത്തിന് ഏറ്റവും ഫലപ്രദമാണ്.

വിവേചനമരുത്, പിന്തുണ നൽകണം

എച്ച്‌ഐവി സ്റ്റിഗ്‌മയും വിവേചനവും ഇന്ത്യയിൽ ഇപ്പോഴും ഏറ്റവുംവലിയ പ്രശ്‌നങ്ങളിലൊന്നാണ്. സാമൂഹിക ബഹിഷ്‌കരണവും തൊഴിൽ, ഭവന ഇടങ്ങളിലെ വിവേചനവും രോഗികൾ നേരിടുന്നു. മാനസികാരോഗ്യപിന്തുണയും കൗൺസലിങ്ങും എച്ച്‌ഐവി ചികിത്സയിൽ ഒരു അവിഭാജ്യഘടകമാണ്. എച്ച്ഐവി ബാധിതർ സമൂഹത്തിൽനിന്ന് മാറ്റിനിർത്തേണ്ടവരല്ല. ചേർത്തുപിടിക്കേണ്ടവരാണവർ.

-ഡോ. മുഹമ്മദ്ബാസിൽ,

എആർടി മെഡിക്കൽ ഓഫീസർ

ഗവ. മെഡിക്കൽ കോളേജ്, മഞ്ചേരി