നിരന്തരമായ തലവേദനയ്ക്കു കാരണം അർബുദമാണെന്ന തിരിച്ചറിയാൻ വൈകിയതുമൂലം പതിനാലുകാരൻ മരണപ്പെട്ടെന്ന് ആരോപിച്ച് കുടുംബം. ഇംഗ്ലണ്ടിലെ നോർതംപ്റ്റൺ ഷെയറിലുള്ള മാക്സ് ഹാളിന്റെ മരണത്തിനുപിന്നിൽ തീവ്രതയേറിയ ബ്രെയിൻ ട്യൂമറായ ഹൈ-ഗ്രൈഡ് ഗ്ലിയോമയാണെന്ന് തിരിച്ചറിയാൻ കഴിയാതിരുന്നതാണ് മരണത്തിനിടയാക്കിയതെന്ന് കുടുംബം പറഞ്ഞു.
രോഗം നിർണയിക്കുന്നതിന് ഒരുവർഷം മുമ്പെതൊട്ട് മകന് നിരന്തരം തലവേദന വന്നിരുന്നുവെന്നും ഡോക്ടറെ കാണിച്ചപ്പോൾ കൗമാരക്കാരെ ബാധിക്കുന്ന മൈഗ്രേൻ ആണെന്നാണ് പറഞ്ഞതെന്ന് കുടുംബം പറയുന്നു. ഒരുവർഷത്തോളം വേദനാസംഹാരികൾ നൽകിയുള്ള ചികിത്സയാണ് ചെയ്തുവന്നതെന്ന് അമ്മ ജാക്കി പറയുന്നു. മകന്റെ കണ്ണ് പരിശോധിക്കുകയോ, തലയുടെ സ്കാൻ ചെയ്യുകയോ ചെയ്തിരുന്നില്ലെന്നും ജാക്കി പറയുന്നു.
പതിനാലാം ജന്മദിനം കഴിഞ്ഞ് ആറാംദിവസമാണ് മാക്സിന് അപസ്മാരം ഉണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിലാണ് സ്റ്റേജ് 4 ബ്രെയിൻ ട്യൂമർ ആണെന്ന് കണ്ടെത്തിയത്. കുട്ടികളിലെ ആവർത്തിച്ചുള്ളതോ അസാധാരണമായതോ ആയ തലവേദനകൾ മൈഗ്രേൻ ആണെന്ന് കരുതരുതെന്ന് വ്യക്തമാക്കുന്നതാണ് മാക്സിന്റെ അനുഭവമെന്ന് കുടുംബം പറയുന്നു.
തലച്ചോറിലെയും സുഷുമ്നാ നാഡിയിലെയും നാഡീകോശങ്ങളെ സംരക്ഷിക്കുന്ന ഗ്ലിയൽ കോശങ്ങളിൽ ഉണ്ടാകുന്ന ട്യൂമറാണിത്. തലവേദന ഗ്ലിയോമയുടെ പ്രധാന ലക്ഷണമാണെങ്കിലും എല്ലാ തലവേദനകളും ട്യൂമറിന്റേതല്ല.
വിട്ടുമാറാത്തതോ കൂടുതൽ തീവ്രമാകുന്നതോ ആയ തലവേദന, രാവിലെ തീവ്രമാകുന്ന തലവേദന, ഛർദ്ദിയോടൊപ്പമുള്ള തലവേദന, അപസ്മാരം, കാഴ്ചയിലെ മാറ്റങ്ങൾ, ശരീരത്തിന്റെ ഒരു ഭാഗത്ത് ബലഹീനത, സംസാരിക്കുന്നതിലെ ബുദ്ധിമുട്ട്, ഏകാഗ്രതക്കുറവ്, ഉറക്കത്തിലുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവ പ്രത്യേകം ശ്രദ്ധിക്കണം. സർജറി, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി തുടങ്ങിയവയാണ് പ്രധാനചികിത്സാരീതികൾ.
Content Highlights: A 14-year-old boy in England died from Stage 4 high-grade glioma after his persistent headaches were initially misdiagnosed as teenage migraines., Doctors prescribed painkillers for a year without conducting an eye exam or brain scan
Published: 14 Aug 2026, 02:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented