കഴിഞ്ഞ കുറേ വർഷങ്ങളായി തലയിൽ കൃത്രിമമായി മുടിവെച്ചു പിടിപ്പിക്കുന്ന ശസ്ത്രക്രിയകൾ വലിയ പ്രചാരം നേടിയിട്ടുണ്ട്. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി ഈ രീതി തിരഞ്ഞെടുക്കുന്നു. എന്നാൽ, അടുത്തിടെ ഉത്തർ പ്രദേശിലെ കാൺപൂരിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ നിന്ന് ശസ്ത്രക്രിയ നടത്തിയ രണ്ടു യുവാക്കൾ മരിച്ച വിവരം ഞെട്ടലോടെയാണ് ആളുകൾ കേട്ടത്. 

To advertise here,

കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നും സമാനമായ പരാതി ഉയർന്നു. പനമ്പിള്ളിനഗറിൽ പ്രവർത്തിക്കുന്ന ഒരു ക്ലിനിക്കിൽ നിന്ന് മുടി വെച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ നടത്തിയ ചെറുപറമ്പിൽ സനിൽ (49) ആണ് അണുബാധയേറ്റതിനെ തുടർന്ന് ദുരിതത്തിലായത്. തലയിലെ തൊലി ഏറെയും നഷ്ടപ്പെട്ടു. തുടർന്ന് അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനാക്കുകയായിരുന്നു.ഇപ്പോൾ തലയിലെ പഴുപ്പ് വലിച്ചെടുക്കുന്നതിന് പ്രത്യേക ഉപകരണം ഘടിപ്പിച്ചിരിക്കുകയാണ്. ഇനിയും ശസ്ത്രക്രിയകൾ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. 

എന്താണ് ഹെയർ ട്രാൻസ്പ്ലാൻ്റുകൾ?
67 ശതമാനം പുരുഷന്മാരെയും 24 ശതമാനം സ്ത്രീകളെയും മുടികൊഴിച്ചിൽ ബാധിക്കുന്നുണ്ടെന്നാണ് സ്റ്റാറ്റ് പേൾസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കുന്നത്. അതിനാലാണ്, ഹെയർ ട്രാൻസ്പ്ലാൻ്റുകൾക്കുള്ള ആവശ്യവും വർധിക്കുന്നത്. തലയിൽ കഷണ്ടിയുള്ള ഭാഗത്ത് മുടി വെച്ചുപിടിപ്പിക്കുന്ന ഒരു പ്രക്രിയയാണ് ഹെയർ ട്രാൻസ്പ്ലാൻ്റ്. സാധാരണയായി തലയുടെ പിൻഭാഗത്തോ വശങ്ങളിലോ ഉള്ള മുടി ആവശ്യമുള്ളിടത്തേക്ക് മാറ്റുന്നതാണ് പ്രക്രിയ. പുരുഷന്മാരിലും സ്ത്രീകളിലും കണ്ടുവരുന്ന കഷണ്ടി, അല്ലെങ്കിൽ മുടിയുടെ കനം കുറയുന്ന അവസ്ഥ എന്നിവ ഉള്ളവർക്ക് ഹെയർ ട്രാൻസ്പ്ലാൻ്റ് ചെയ്യാനാകും. 

ഹെയർ ട്രാൻസ്പ്ലാൻ്റുകൾ സുരക്ഷിതമാണോ?
യോ​ഗ്യതയുള്ള ഡോക്ടർമാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ചെയ്യുമ്പോൾ പൊതുവേ സുരക്ഷിതമായി കണക്കാക്കപ്പെടുന്നുതാണ് ഹെയർ ട്രാൻസ്പ്ലാൻ്റുകളെന്നാണ് ഈ രം​ഗത്തെ വിദ​ഗ്ധർ പറയുന്നത്. എന്നാലും സങ്കീർണതകളെ പൂർണമായും തള്ളിക്കളയാനാവില്ല. അണുവിമുക്തമല്ലാത്തിടത്ത് നിന്നുള്ള അണുബാധ ടിഷ്യൂ നെക്രോസിസിന്(tissue necrosis) കാരണമാകാൻ സാധ്യതയുണ്ട്. ഇത് ഹെയർ ട്രാൻസ്പ്ലാൻ്റിന്റെ ഫലത്തെ ബാധിച്ചേക്കാം. ഇതിന് പുറമെയാണ് ​ഗുരുതരമായ അണുബാധകൾ. ശരിയായ അണുവിമുക്തമായ രീതി പിന്തുടരാത്തതാണ് ഇതിന് കാരണം.