ഇന്ത്യയിൽ അന്ധതയ്ക്ക് കാരണമായ ഒരു പ്രധാന നേത്രരോഗമാണ് ഗ്ലോക്കോമ. കണ്ണിൽനിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങൾ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് കേടുപാടുകൾ വരുത്തുന്ന നേത്രരോഗമാണ് ഗ്ലോക്കോമ. പ്രായമായവരെ മാത്രം ബാധിച്ചിരുന്ന രോഗം ഇപ്പോൾ ചെറുപ്പക്കാരെയും ബാധിക്കുന്നുണ്ടെന്നാണ് നേത്രരോഗവിദഗ്ധർ പറയുന്നത്. 20 മുതൽ 30 വയസ്സിനിടയിൽ പ്രായമുള്ളവരിലും ഇപ്പോൾ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.

To advertise here,

ചെറുപ്പക്കാരിൽ രോഗം ബാധിക്കുമ്പോൾ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകുന്നില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന വിഷയം എന്ന് പറയുകയാണ് ഡോ. റാണി മേനോൻ. ചെറുപ്പക്കാരിൽ കാഴ്ചയെ ബാധിക്കുന്നതിന് പകരം ഒപ്റ്റിക് നാഡിയിലെ ഘടനാപരമായ മാറ്റങ്ങളാണ് നേരത്തെ കണ്ടെത്തുന്നത്. ഈ ഘട്ടത്തിൽ വേദനയുണ്ടാകില്ല. കാഴ്ചയും സാധാരണമായിരിക്കും. ഈ അവസ്ഥയെ അവഗണിക്കരുതെന്നും ഡോക്ടർ ഇന്ത്യ ടു‍‍‍ഡേയോട് പറയുന്നു.

എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്നു?

പല നേത്രരോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗ്ലോക്കോമയുടെ ആദ്യഘട്ടത്തിൽ ചുവപ്പ് നിറമോ ഡിസ്ചാർജ് അല്ലെങ്കിൽ പെട്ടെന്നുള്ള വേദന എന്നിവ ഉണ്ടാകില്ല. കാഴ്ചയും വ്യക്തമായി തുടർന്നേക്കും. അതിനാൽ, ആളുകൾക്ക് ജോലി ചെയ്യാനോ ഡ്രൈവ് ചെയ്യുന്നതിലോ ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല. ഇതോടെ, ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നു. ഇതോടെ, ചെറുപ്പക്കാർ സ്ക്രീൻ ഉപയോഗം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ, സമ്മർദ്ദം അല്ലെങ്കിൽ ഉറക്കമില്ലായ്മ എന്നിവയാകാം പ്രശ്നമെന്ന് കരുതി ഗ്ലോക്കോമയെ അവഗണിക്കുന്നു.

അപകട സാധ്യതാ ഘടകങ്ങളും പ്രതിരോധ മാർഗങ്ങളും

  • പ്രായഭേദമന്യേ ഗ്ലോക്കോമ ബാധിക്കാൻ സാദ്ധ്യതയുണ്ടെങ്കിലും പ്രധാനമായും താഴെപ്പറയുന്ന വിഭാഗങ്ങളിൽ പെട്ടവർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്.
  • കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്കും വരാനുള്ള സാദ്ധ്യത കൂടുതലാണ്.
  • 40 വയസ്സിനു ശേഷം രോഗസാധ്യത വർധിക്കുന്നു.
  • പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഉള്ളവരിൽ ഗ്ലോക്കോമ വരാനുള്ള സാദ്ധ്യത കൂടുതലാണ്.
  • ജനിതക കാരണങ്ങളാലാണ് ഇന്ത്യയിൽ ഗ്ലോക്കോമ രോഗം കൂടുതലായും ബാധിക്കുന്നത്.

ഗ്ലോക്കോമ എങ്ങനെ നേരിടാം?

  • നിങ്ങൾക്ക് രോഗം വരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് മനസ്സിലാക്കിയാൽ, പതിവായി നേത്ര പരിശോധന നടത്തുക.
  • സമീകൃതാഹാരവും വ്യായാമവും ഉൾപ്പെടുത്തി ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക.
  • പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ അവസ്ഥകൾ കൃത്യമായ രീതിയിൽ കൈകാര്യം ചെയ്യുക.

രോഗനിർണ്ണയം

കാഴ്ച നഷ്ടമാകുന്ന അവസ്ഥ തടയുന്നതിനായി മുൻകൂട്ടിയുള്ള രോഗനിർണ്ണയം അനിവാര്യമാണ്. മങ്ങിയ കാഴ്ച, കണ്ണ് വേദന, കണ്ണിൽ ചുവപ്പ്, കണ്ണുവേദനയ്ക്കൊപ്പം ഓക്കാനം അല്ലെങ്കിൽ ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ ഉടനടി ഒരു നേത്രരോഗ വിദഗ്ദ്ധനെ സമീപിക്കുക.