
കണ്ണൂര്‍: കുടുംബം ഒന്നടങ്കം ജീവിതശൈലിയില്‍ പരിഷ്‌കാരം വരുത്തിയാല്‍ ശരീരഭാരം, അരവണ്ണം, ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ) എന്നിവയും അതുവഴി പ്രമേഹവും ഹൃദ്രോഗ സാധ്യതയും കുറയ്ക്കാനാവുമെന്ന് പഠനം. ജീവിതശൈലിയിലെ ലളിതമായ ക്രമീകരണങ്ങളിലൂടെ കുടുംബത്തില്‍ ഫലപ്രദമായ മാറ്റങ്ങള്‍ വരുത്താനാകുമെന്നാണ് ഇതില്‍ തെളിയുന്നത്. ശൈലീമാറ്റം വ്യക്തിയില്‍ മാത്രം കേന്ദ്രീകരിക്കുമ്പോള്‍ പലപ്പോഴും ഉദ്ദേശിക്കുന്ന ഫലം കിട്ടാറില്ല.
തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ആനല്‍സ് ഓഫ് ഫാമിലി മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു.
750 കുടുംബങ്ങളില്‍നിന്നായി ശരാശരി 42 വയസ്സുള്ള 1671 പേരാണ് രണ്ടുവര്‍ഷത്തെ പഠനത്തില്‍ ഉള്‍പ്പെട്ടത്. 55 വയസ്സിന് മുന്‍പ് ഹൃദ്രോഗം വന്നവരുടെ കുടുംബത്തിലെ അംഗങ്ങളെയാണിതില്‍ ഉള്‍പ്പെടുത്തിയത്. അംഗങ്ങളെ രണ്ടുവിഭാഗങ്ങളാക്കിയായിരുന്നു പഠനം. ശൈലീമാറ്റം പിന്തുടര്‍ന്നവരില്‍ അരവണ്ണം ശരാശരി 4.17 സെന്റിമീറ്റര്‍, ബിഎംഐ 1.06 കിലോ/മീറ്റര്‍ സ്‌ക്വയര്‍, ഭാരം 2.61 കിലോ എന്നിങ്ങനെ കുറഞ്ഞതായി കണ്ടെത്തി.
ഓരോ വീട്ടിലും ആരോഗ്യ ഡയറി നല്‍കിയിരുന്നു. അതില്‍ ഓരോരുത്തരും കൈവരിക്കേണ്ട ആരോഗ്യലക്ഷ്യങ്ങള്‍ രേഖപ്പെടുത്തി. ഒപ്പം ആരോഗ്യകരമായ പാചകത്തിനുള്ള കുറിപ്പുകളും നല്‍കി.
കൊഴുപ്പുകുറഞ്ഞ പരമ്പരാഗത ഭക്ഷണം കൂടുതല്‍ ആരോഗ്യകരമായി പാചകം ചെയ്ത് ചിട്ടയായി കഴിക്കാന്‍ അതിലൂടെ അവസരമൊരുക്കി.
പരിശീലനം ലഭിച്ച ആശവര്‍ക്കര്‍മാര്‍ ഈ വീടുകളിലെത്തി മാസത്തില്‍ ഒരുതവണ പുരോഗതി വിലയിരുത്തി. ലക്ഷ്യം നേടാന്‍ വീട്ടുകാര്‍ക്ക് പ്രോത്സാഹനം നല്‍കി. രക്തസമ്മര്‍ദം, ഗ്ലൂക്കോസ് നില എന്നിവ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ചു.
കുടുംബത്തിന് നല്‍കിയ ലക്ഷ്യങ്ങള്‍
പ്രാദേശികമായി ലഭ്യമാകുന്ന പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ നിത്യേന 500 ഗ്രാം കൂടുതല്‍ കഴിക്കുക
ഉപ്പിന്റെ അളവ് കാല്‍ ടീസ്പൂണായി കുറക്കുക
പഞ്ചസാര ഉപയോഗം രണ്ട് ടേബിള്‍ സ്പൂണില്‍ നിര്‍ത്തുക
നിത്യവും 30 മുതല്‍ 60 മിനിറ്റ് വരെ നടക്കുക
മദ്യം, പുകയില ഉപയോഗം എന്നിവയില്‍നിന്ന് വിട്ടുനില്‍ക്കുക.
എല്ലാ കുടുംബങ്ങളിലും എത്തിയാല്‍
സമാനമായ ഇടപെടല്‍ പൊതുസമൂഹത്തില്‍ നടപ്പാക്കാനായാല്‍ ജീവിതശൈലീരോഗങ്ങളെ തടയാനാകും. ടൈപ്പ് രണ്ട് പ്രമേഹം 20 ശതമാനം കുറയ്ക്കാനുമാകും. 10 വര്‍ഷം കൊണ്ട് മുതിര്‍ന്നവരില്‍ 25-30 ശതമാനംവരെ പ്രമേഹം ഉണ്ടാകാമെന്നതാണ് സ്ഥിതി. പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയരില്‍ ഉള്‍പ്പെട്ട ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എപ്പിഡമിയോളജിസ്റ്റ് ഡോ. ജീമോന്‍ പന്ന്യമാക്കല്‍ പറയുന്നു.
Content Highlights: Study shows family-based lifestyle changes significantly reduce weight, BMI,and risk of diabetes
Published: 27 Mar 2025, 08:10 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented