2025 എമ്മി അവാർഡ് ദാനച്ചടങ്ങിൽ അവതാരകനായി എത്തേണ്ടിയിരുന്ന ഗ്രേയ്‌സ് അനാട്ടമി താരം എറിക് ഡെയ്ൻ പങ്കെടുക്കാതിരുന്നത് ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. എന്നാൽ, ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനുള്ള കാരണം ഇപ്പോൾ താരം തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ്. പേശികളുടെ നിയന്ത്രണത്തെ ബാധിക്കുന്ന ഗുരുതര നാഡീരോഗമായ എഎൽഎസ് (Amyotrophic Lateral Sclerosis) തനിക്ക് ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

To advertise here,

എമ്മി അവാർഡ് ദാന ചടങ്ങിന്റെ സമയത്ത് തലയിൽ തുന്നലിട്ട് കിടക്കുകയായിരുന്നു. ശരിക്കും ആഗ്രഹിച്ചിരുന്ന അവസരം എനിക്ക് നഷ്ടമായി. ശരിക്കും അസ്വസ്ഥനായിരുന്നു. പക്ഷെ അതിൽ എനിക്കൊന്നും ചെയ്യാനില്ലായിരുന്നു. എല്ലാ ദിവസവും ഭാര്യയോട് സംസാരിക്കും. ഭാര്യയാണ് എൻ്റെ ഏറ്റവും വലിയ കരുത്തും ഏറ്റവും ഉറച്ച പിന്തുണയും. ഞാൻ അവളെ ആശ്രയിക്കുന്നു, എറിക് ഡെയ്ൻ പറഞ്ഞതായി E! News റിപ്പോർട്ട് ചെയ്തു.

എന്താണ് എഎൽഎസ്?

നാഡീകോശങ്ങളെ നശിപ്പിക്കുന്ന ഒരു രോഗമാണ് എഎൽഎസ് (Amyotrophic Lateral Sclerosis) എന്ന് മയോ ക്ലിനിക് റിപ്പോർട്ടിൽ പറയുന്നു. ഇതുമൂലം, പേശികൾക്ക് ബലക്ഷയം സംഭവിക്കുകയും കാലക്രമേണ അവസ്ഥ വഷളാവുകയും ചെയ്യാം. ഇത് ചലനം, സംസാരം, ശ്വാസോച്ഛ്വാസം എന്നിവയെ ബാധിച്ചേക്കാം.

ഈ രോഗത്തിന് ഇതുവരെ ചികിത്സയൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ, ചികിത്സയുടേയും രുന്നുകളിലൂടെയും രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും രോഗത്തിന്റെ പുരോഗതി മന്ദഗതിയിലാക്കാനും സാധിക്കും. ഓരോ വർഷവും അമേരിക്കയിൽ ഏകദേശം 5,000 ആളുകൾക്ക് എഎൽഎസ് സ്ഥിരീകരിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

ലക്ഷണങ്ങൾ

  • പേശികളുടെ ബലഹീനത
  • പേശീവലിവ്
  • പേശികളുടെ മുറുക്കം (spasticity)
  • സംസാരിക്കാനുള്ള ബുദ്ധിമുട്ട്
  • ഉമിനീർ ഒലിക്കുക
  • അനിയന്ത്രിതമായ വൈകാരിക പ്രകടനങ്ങൾ
  • ക്ഷീണം
  • വിഴുങ്ങാനുള്ള ബുദ്ധിമുട്ട്