മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ പദാർഥമാണ് പല്ലിന്റെ ഇനാമൽ. പല്ലിന്റെ തേയ്മാനത്തെ പ്രതിരോധിക്കുന്ന പുറംപാളിയുമാണിത്. പല്ലിന്റെ ഉള്ളിലെ പൾപ്പിലെ ടിഷ്യുകളെ സംരക്ഷിക്കുന്ന ഒരു കവചമായും ഇനാമൽ പ്രവർത്തിക്കുന്നു. ഒരിക്കൽ നഷ്ടപ്പെട്ടാൽ അത് പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല എന്നായിരുന്നു ഇതുവരെ നിലനിന്ന ധാരണ.
എന്നാൽ ഇപ്പോഴിതാ, ഇനാമലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന നിർണായക കണ്ടെത്തലിന്റെ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഇനാമലിന്റെ കേടുപാടുകൾ പരിഹരിക്കാൻ കഴിയുന്ന ഗ്ലിസറോൾ-സ്റ്റബിലൈസ്ഡ് കാൽസ്യം ഫോസ്ഫേറ്റ് ജെൽ ശാസ്ത്രജ്ഞർ വികസിപ്പിച്ചുവെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. നേച്ചർ കമ്മ്യൂണിക്കേഷൻസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ദന്തചികിത്സാരംഗത്ത് ഇതിനെ ഒരു വലിയ മുന്നേറ്റമായി വിദഗ്ധർ കാണുന്നു. ഇപ്പോഴും ഇക്കാര്യം പൂർണമായി വികസിച്ചിട്ടില്ലെങ്കിലും ഭാവിയിൽ കാവിറ്റികൾ അടയ്ക്കുന്നതിനുപകരം, സ്വാഭാവിക ഇനാമൽ പുനരുജ്ജീവിപ്പിക്കുന്നതിലേക്കാണ് ദന്തക്ഷയ ചികിത്സാരീതി മാറാൻ സാധ്യതയെന്ന് ഇവർ അഭിപ്രായപ്പെടുന്നു.
എന്താണ് പഠനത്തിൽ പറയുന്നത്?
ബയോമിമിക്രിയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ജെൽ. അതായത്, ഇനാമൽ രൂപപ്പെടുന്ന സ്വാഭാവിക പ്രക്രിയയെ ഇത് അനുകരിക്കുന്നു. സാധാരണയായി പല്ലുകൾ രൂപപ്പെടുമ്പോൾ അമെലോബ്ലാസ്റ്റുകൾ (ameloblast) എന്ന കോശങ്ങൾ കാൽസ്യവും ഫോസ്ഫേറ്റും ചേർന്ന് ഇനാമൽ ക്രിസ്റ്റലുകൾ രൂപപ്പെടാൻ സഹായിക്കുന്ന പ്രോട്ടീനുകൾ ഉൽപ്പാദിപ്പിക്കുന്നു. പല്ലുകൾ പുറത്തുവരുന്നതോടെ, ഈ കോശങ്ങൾ ഇല്ലാതാകുകയും ചെയ്യുന്നു.
ഗ്ലിസറോൾ ഉപയോഗിച്ച് സ്ഥിരപ്പെടുത്തിയ കാൽസ്യം ഫോസ്ഫേറ്റ് ജെൽ നിർമിച്ചുകൊണ്ട് ശാസ്ത്രജ്ഞർ ഈ പ്രശ്നം പരിഹരിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേടുപാടുകൾ സംഭവിച്ച പല്ലിന്റെ പ്രതലത്തിൽ ഈ ജെൽ പുരട്ടുന്നതോടെ അത് അതിൽ ശക്തമായി പറ്റിപ്പിടിക്കുകയും വേഗത്തിൽ ഒരു സംരക്ഷണ പാളി രൂപപ്പെടുത്തുകയും ചെയ്യുന്നു. പരിശോധനകളിൽനിന്ന്, ഈ ജെൽ ഇനാമലിന്റെ തേയ്മാനം പരിഹരിക്കുന്നതായി കണ്ടെത്തി. കൂടാതെ, പുതുതായി രൂപപ്പെട്ട പാളിക്ക് സ്വാഭാവിക ഇനാമലിന് സമാനമായ കരുത്തും ആസിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയും ഉണ്ടായിരുന്നു.
പ്രധാന നേട്ടങ്ങൾ
- ദന്തക്ഷയം മൂർച്ഛിക്കുന്നതിന് മുൻപ് തടയാൻ ഈ ജെല്ലിന് കഴിഞ്ഞേക്കും, ഇത് ഫില്ലിങ്ങുകളുടെ ആവശ്യം കുറയ്ക്കുന്നു.
- ഇനാമലിന്റെ പുനരുജ്ജീവനം താപനിലയോ ആസിഡുകളോ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ സ്വാഭാവികമായി കുറയ്ക്കാൻ സഹായിച്ചേക്കാം.
- പുതിയ ഇനാമൽ പാളി സ്വാഭാവിക ഇനാമലിന്റെ കാഠിന്യത്തോടും പ്രതിരോധശേഷിയോടും ഏറെക്കുറെ സമാനമാണെന്നാണ് റിപ്പോർട്ടുകൾ. ഇത് പല്ലിന് ദീർഘകാലം സംരക്ഷണം നൽകുന്നു.
Content Highlights: Discover a groundbreaking new gel that can regenerate damaged tooth enamel, offering a potential future for treating cavities and protecting teeth.
Published: 09 Nov 2025, 06:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented