ഡി.ആർ. കോംഗോയിലെ എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലും എബോള പ്രതിരോധ മാർഗങ്ങൾ കടുപ്പിച്ചു. ഡി.ആർ. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ തുടങ്ങിയ എബോള ബാധിത രാജ്യങ്ങളിൽനിന്ന് വരുന്നവരോ അവിടങ്ങളിലൂടെ യാത്ര ചെയ്ത് വരുന്നവരോ മുൻകരുതൽ പാലിക്കണം. പനി, ഛർദ്ദി, അകാരണമായ രക്തസ്രാവം, തലവേദന, അല്ലെങ്കിൽ രോഗബാധിതരായ വ്യക്തികളുമായി അടുത്തിടെ സമ്പർക്കം പുലർത്തിയവർ തുടങ്ങിയ ലക്ഷണങ്ങളുള്ള ഏതൊരാളും ഇമിഗ്രേഷൻ ക്ലിയറൻസിന് മുമ്പ് എയർപോർട്ട് ഹെൽത്ത് ഓഫീസർമാരെ ഉടൻ അറിയിക്കണമെന്ന് നിർദേശമുണ്ട്.

To advertise here,

നിലവിൽ ഇന്ത്യയിൽ എബോള കേസുകൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രോഗപ്രതിരോധത്തിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ കർശന നിരീക്ഷണം നടപ്പിലാക്കുന്നുണ്ട്. ഡി.ആർ. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശമുണ്ട്.

അതിനിടെ ഡി.ആർ.കോംഗോയിലെ എബോള വ്യാപനത്തിൽ രോഗികളെന്ന് സംശയിക്കപ്പെടുന്നവരുടെ എണ്ണം 900 കടന്നുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 101 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് ഇക്കാര്യം പങ്കുവെച്ചത്.

ഡി. ആർ. കോംഗോയിൽ രോഗികളെന്ന് സംശയിക്കപ്പെടുന്നവരുടെ എണ്ണം 904 ആയെന്നും 101 കേസുകൾ സ്ഥിരീകരിച്ചുവെന്നും യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) പറഞ്ഞു. രോഗബാധിതരായി മരിച്ചവരെന്ന് സംശയിക്കപ്പെടുന്നവരുടെ എണ്ണം 119 ആയി.

രോഗവ്യാപനംമൂലം ദേശീയ തലത്തിലെ അപകടസാധ്യത വളരെ ഉയർന്നതായി മാറിയെന്ന് ഇക്കഴിഞ്ഞ മെയ് 22-ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. തുടക്കത്തിൽ രോഗവ്യാപനം ഡി.ആർ. കോംഗോയിലെ ഇട്ടൂരി, നോർഡ്-കിവു പ്രവിശ്യകളിൽ ഒതുങ്ങിയിരുന്നെങ്കിലും വൈകാതെ സൗത് കിവു പ്രവിശ്യയിലേക്കുകൂടി വ്യാപിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.

ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിലെ എബോള സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോള പബ്ലിക്ക് ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യ വകപ്പ് അറിയിച്ചിരുന്നു. ഇന്ത്യയിലൊരിടത്തും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ ആശങ്ക വേണ്ടെന്നും തിരുവനന്തപുരം, കൊച്ചി, പരിയാരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാണെന്നും സംസ്ഥാന ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചിരുന്നു

പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലാത്ത എബോളയുടെ അത്യപൂർവ വകഭേദമായ ബൂൻഡി ബുഗ്യോ ആണ് നിലവിലെ വ്യാപനത്തിനു പിന്നിൽ. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണിത്. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റുള്ളവ.

2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തിൽ 28,600-ൽ അധികം പേർക്ക് രോഗം ബാധിച്ചിരുന്നു. 1976-ൽ എബോള കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യാപനമായിരുന്നു ഇത്. കോംഗോയിലെ 17-ാമത്തെ രോഗബാധയാണിത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കോംഗോയിൽ ഇതിനുമുമ്പ് എബോള റിപ്പോർട്ടുചെയ്തത്. അന്ന് 34 പേർ മരിച്ചു. 2018-2020 കാലത്ത് എബോള വൈറസ് ബാധിച്ച് 2300 പേരാണ് ഇവിടെ മരിച്ചത്.

എബോള വൈറസ് വ്യാപനം

വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.

ലക്ഷണങ്ങൾ

വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.

സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾരോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു.

പ്രതിരോധ മാർഗങ്ങൾ

രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യ രോഗമായതിനാൽ തന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയായ മുൻകരുതലിന് രോഗം പകരുന്നത് തടയാൻ കഴിയും.

രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക..