ഡി.ആർ. കോംഗോയിലെ എബോള വ്യാപനത്തിൽ മരണസംഖ്യ 1700 കടന്നു. എബോളയുടെ ബൂൻഡിബുഗ്യോ വകഭേദം മൂലമുണ്ടായ രോഗബാധയിൽ ഇതിനകം 1707 പേർ മരിച്ചുവെന്നും 3802 പേരിൽ രോഗം സ്ഥിരീകരിച്ചുവെന്നും ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സമ്പർക്കപ്പട്ടികയിലുള്ള 17,000-ലേറെ പേരെ നിരീക്ഷിക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനയും വ്യക്തമാക്കി.
ചരിത്രത്തിലെ രണ്ടാമത്തെ വലിയ എബോള വ്യാപനമാണ് നിലവിലുള്ളത്. എബോളയുടെ മുൻകാല വ്യാപനങ്ങളിൽ നിന്നു വ്യത്യസ്തമായി വേഗത്തിൽ വ്യാപിക്കുന്ന ബൂൻഡിബുഗ്യോ വകഭേദത്തിന് അംഗീകൃത വാക്സിനുകളോ ചികിത്സകളോ നിലവിലില്ല.
മുൻകാല വ്യാപനങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിൽ പരീക്ഷണാത്മക ചികിത്സകൾക്ക് തുടക്കമിടാൻ കഴിഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ R&D ബ്ലൂപ്രിന്റ് പ്രോഗ്രാമിന്റെ ആക്ടിംഗ് മേധാവി വസീ മൂർത്തി പറഞ്ഞു. ക്ലിനിക്കൽ പരീക്ഷണങ്ങൾക്കൊടുവിൽ മാത്രമേ പരീക്ഷണാത്മക മരുന്നുകളും വാക്സിനുകളും ഫലപ്രദമാണോ എന്ന് നിർണ്ണയിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമായും കിഴക്കൻ പ്രവിശ്യയായ ഇത്തൂരിയിലാണ് രോഗവ്യാപനം കൂടുതലുള്ളത്. റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏകദേശം 90 ശതമാനവും ഇവിടെ നിന്നാണ്. കിസംഗാനി എന്ന ഉൾപ്പെടെ അഞ്ച് മറ്റ് പ്രവിശ്യകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ നൂറിലേറെ ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. സമ്പർക്കം കണ്ടെത്താൻ വൈകുന്നതും സായുധ സംഘങ്ങളുണ്ടാക്കുന്ന അക്രമവും ആരോഗ്യ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളും ആരോഗ്യ പ്രവർത്തകരോടുള്ള വിശ്വാസമില്ലായ്മയുമൊക്കെ പ്രതിരോധ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നതായി അധികൃതർ പറയുന്നു.
2014-2016 വ്യാപനത്തിൽ 28,000 കേസുകൾ സ്ഥിരീകരിക്കുകയും 11,000 രോഗികൾ മരിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ വ്യാപനത്തിൽ രണ്ടുമാസത്തിനുള്ളിൽത്തന്നെ മരണനിരക്ക് ആയിരംകടന്നിരിക്കുകയാണ്. നിലവിലെ വ്യാപനത്തിൽ 2014-2016 കാലഘട്ടത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി വേഗത്തിൽ 2,500 കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2014-2016 കാലഘട്ടത്തിലെ എബോള വ്യാപനത്തിൽ ഗിനിയ, ലൈബീരിയ, സിയറ ലിയോൺ എന്നിവിടങ്ങളിൽ രോഗം ദ്രുതഗതിയിൽ വ്യാപിച്ചിരുന്നു. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും ചില കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ വർഷത്തെ വ്യാപനത്തിൽ ഇതുവരെ 40% മരണനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലക്ഷണങ്ങൾ വൈകി റിപ്പോർട്ട് ചെയ്യുന്നതാണ് മിക്ക മരണങ്ങൾക്കും കാരണമാകുന്നതെന്ന് അധികൃതർ പറയുന്നു.
നിലവിലെ വ്യാപനത്തിന്റെ ഏറ്റവും മോശംഘട്ടം ഇനിയും വന്നേക്കാമെന്നാണ് അധികൃതർ കരുതുന്നത്. നിരീക്ഷിക്കപ്പെടുന്ന കേസുകൾക്കു പുറത്തുനിന്നാണ് ഭൂരിഭാഗം പുതിയ കേസുകളും വരുന്നത്. 2014-ൽ ആരംഭിച്ച എബോള വ്യാപനം മൂന്നവർഷത്തോളം നീണ്ടുനിന്ന് 2016-ലാണ് അവസാനിച്ചത്. 2013 ഡിസംബറിലാണ് ആദ്യകേസ് രേഖപ്പെടുത്തിയത്. പക്ഷേ 2014 മാർച്ച് ആകുന്നതുവരെ രോഗവ്യാപനം തിരിച്ചറിഞ്ഞിരുന്നില്ല. 2016 ജൂണിൽ എബോള വ്യാപനത്തിന് അവസാനമായതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എബോള വൈറസ് വ്യാപനം
വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.
ലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.
സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾരോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു.
പ്രതിരോധ മാർഗങ്ങൾ
രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യ രോഗമായതിനാൽ തന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയായ മുൻകരുതലിന് രോഗം പകരുന്നത് തടയാൻ കഴിയും.
രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസോലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക.
Content Highlights: Death toll in DR Congo exceeds 1,700 with over 3,802 confirmed cases., The outbreak is driven by the Bundibugyo strain, which lacks approved vaccines or specific treatments., It is currently the second-largest Ebola outbreak in history
Published: 05 Aug 2026, 04:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented