മധുരം നിറഞ്ഞ പാനീയങ്ങൾക്ക് ആരോഗ്യകരമായ ബദലാണ് ഡയറ്റ് സോഡകൾ എന്നൊരു തെറ്റിദ്ധാരണ നമ്മളിൽ പലർക്കുമുണ്ട്. എന്നാൽ, ഇപ്പോഴിതാ ദിവസവും ഒരു കാന്‍ ഡയറ്റ് സോഡ കുടിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ ജേണലിൽ ആണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
ദിവസവും കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ കുടിക്കുന്ന വ്യക്തികളിൽ പക്ഷാഘാതം, അൽഷിമേഴ്സ്, ഡിമെൻഷ്യ എന്നീ രോഗങ്ങൾ വരാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നാണ് കണ്ടെത്തൽ. 45 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള 2,800-ൽ അധികം പേരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
പത്ത് വർഷത്തോളം നീണ്ടുനിന്ന പഠനത്തിൽ ഡയറ്റ് സോഡകളും മറ്റ് ശീതളപാനീയങ്ങളും കുടിക്കുന്നവരുടെ ശീലങ്ങൾ പല ഘട്ടങ്ങളിലായി ഗവേഷകർ രേഖപ്പെടുത്തി. ഇതിൽനിന്ന്, ദിവസവും ഒന്നോ അതിലധികമോ കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ ഉപയോഗിച്ച വ്യക്തികൾക്ക് ഇസ്കെമിക് സ്ട്രോക്ക്, അൽഷിമേഴ്സ് ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത ഏകദേശം മൂന്നിരട്ടിയായിരുന്നു.
പ്രായം, ലിംഗഭേദം, ഭക്ഷണത്തിന്റെ ഗുണനിലവാരം, ശാരീരികക്ഷമത തുടങ്ങിയ ഘടകങ്ങൾ പഠനത്തിൽ പരിഗണിച്ചത് ഫലങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഏതൊക്കെ കൃത്രിമ മധുരങ്ങളാണ് അപകടകാരികൾ എന്ന് പഠനം പറയുന്നില്ല.
ഡയറ്റ് സോഡകൾ ശരീരത്തെ എങ്ങനെ ബാധിക്കുന്നു
പഞ്ചസാര കുറവോ ഒട്ടും ഇല്ലാത്തതോ ആണെങ്കിലും ഡയറ്റ് സോഡകൾ കൃത്രിമ മധുരങ്ങളെ ആശ്രയിക്കുന്നുണ്ട്. ഇത് ഉപാപചയ പ്രവർത്തനത്തേയും കുടലിലെ ബാക്ടീരിയയേയും ബാധിക്കുന്നു. സ്ഥിരമായ ഉപയോഗം നാഡീസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിച്ചേക്കാം. സോഡകളിലെ കഫീൻ, ഫോസ്ഫോറിക് ആസിഡ് എന്നിവ രക്തസമ്മർദ്ദം വർധിപ്പിക്കും. ഇവ ഹൃദയത്തേയും തലച്ചോറിനേയും പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.
പക്ഷാഘാതം, ഡിമെൻഷ്യ എന്നിവയ്ക്ക് പുറമെ മറ്റ് ആരോഗ്യപ്രശ്നങ്ങളും ഡയറ്റ് സോഡകളുടെ സ്ഥിരമായ ഉപയോഗം കാരണമാകുന്നു
- അമിതവണ്ണം: ഓരോ കാനും അമിതവണ്ണ സാധ്യത വർധിപ്പിക്കുന്നു.
- ഹൃദ്രോഗം: ദിവസവും ഒരു കാൻ കുടിക്കുന്നതിലൂടെ അപകടസാധ്യത ഏകദേശം 20% വരെ ഉയരും.
- ടൈപ്പ് 2 പ്രമേഹം: പ്രതിദിനം 1–2 കാനുകൾ കുടിക്കുന്നവർക്ക് 26% കൂടുതലുള്ള അപകടസാധ്യത.
- ദന്തക്ഷയവും എല്ലുകളുടെ ബലക്ഷയവും: പഞ്ചസാരയും ആസിഡും മൂലമുള്ള പല്ലുകളുടെ തേയ്മാനം. കൂടാതെ, എല്ലുകളുടെ ബലക്കുറവ്.
- വൃക്കകളിലെ തകരാറുകൾ: സോഡിയവും ഫോസ്ഫോറിക് ആസിഡും ദീർഘകാലത്ത് വൃക്കകൾക്കും എല്ലുകൾക്കും ദോഷകരം.
Content Highlights: Diet Soda Consumption Linked to Increased Risk of Stroke and Dementia
Published: 20 Aug 2025, 08:25 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented