ആലപ്പുഴ: മഴക്കാലമെത്തിയതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു. എറണാകുളം, കൊല്ലം ജില്ലകളിലാണു ഡെങ്കിപ്പനി വ്യാപനമേറെ. ഈവർഷം ഇതുവരെ എലിപ്പനിയും ഡെങ്കിപ്പനിയും പിടിപെട്ട് 68 പേർ മരിച്ചു. എലിപ്പനി ബാധിച്ചു മരിച്ചവരാണേറെയും- 57 പേർ. 11 പേരാണു ഡെങ്കിപ്പനിയെത്തുടർന്നു മരിച്ചത്.
മഴ ശക്തമാകുന്നതോടെ രണ്ടുരോഗങ്ങളും ഇനിയും വ്യാപിക്കാനാണു സാധ്യത. കൊല്ലം, എറണാകുളം ജില്ലകളിലാണു ഡെങ്കിപ്പനി വ്യാപനമേറുന്നത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും രോഗികളുടെ എണ്ണമുയരുന്നുണ്ട്. കൊല്ലം ജില്ലയിൽ കഴിഞ്ഞദിവസം 40 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ 30 പേർക്ക് ഒറ്റദിവസം രോഗം പിടിപെട്ടു. ഇവിടെ അൻപതോളം പേരാണു ഡെങ്കിപ്പനി സംശയത്തോടെ ദിവസവും ചികിത്സ തേടുന്നത്.
സംസ്ഥാനത്ത് ഡെങ്കിപ്പനി സംശയത്തോടെ ഇതുവരെ 4,939 പേർ ചികിത്സ തേടി. ഇതിൽ 1,805 പേർക്ക് രോഗം സ്ഥിരീകരിച്ചു. 11 മരണവുമുണ്ടായി. ആറുപേരുടെ മരണം ഡെങ്കിപ്പനി സംശയത്തിൽ ചികിത്സയിലിരിക്കുമ്പോഴായിരുന്നു. എലിപ്പനി സംശയിച്ച് 715 പേർ ചികിത്സ തേടിയതിൽ 33 പേർ മരിച്ചു. രോഗം സ്ഥിരീകരിച്ച 442 പേരിൽ 24 പേരാണു മരിച്ചത്.
ഈഡിസ് ഈജിപ്തി വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പെരുകുന്നതാണു ഡെങ്കിപ്പനി വ്യാപകമാകാൻ കാരണം. കൊതുകിന്റെ ഉറവിടനാശനം നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നുണ്ടെങ്കിലും പലയിടത്തും കാര്യക്ഷമമല്ല.
മാലിന്യനീക്കത്തിനു പ്രാധാന്യം നൽകുമ്പോഴും എലിപ്പനി പടരുന്നതിൽ ആശങ്കയുയർന്നിട്ടുണ്ട്. കേരളത്തെ സമ്പൂർണ ശുചിത്വനഗരമായി പ്രഖ്യാപിക്കാനുള്ള സർക്കാർ നീക്കത്തിനു തദ്ദേശസ്ഥാപനങ്ങളെല്ലാം പിന്തുണ നൽകാത്തതാണു പ്രതിസന്ധിക്കു കാരണം.
എന്താണ് ഡെങ്കിപ്പനി ?
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
രോഗലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകടസൂചനകൾ
പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.
ചികിത്സ പ്രധാനം
എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.
തുരത്താം, കൊതുകിനെ
- കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
- ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
- ജലസംഭരണികൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.
- കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
- ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
- ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.
Content Highlights: dengue rat fever spike in kerala, how to prevent dengue fever and rat fever
Published: 05 Jun 2023, 07:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented