തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പ് യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആര്‍.ആര്‍.ടി., ഐ.ഡി.എസ്.പി. യോഗങ്ങള്‍ ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പനിമരണങ്ങള്‍ സംബന്ധിച്ച് കൃത്യമായ വിവരം ശേഖരിക്കണം. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനികള്‍ക്ക് സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ചികിത്സ തേടണമെന്നും മന്ത്രി അറിയിച്ചു.
എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. തൊലിപ്പുറത്തെ മുറിവിലൂടെയല്ലാതെയും എലിപ്പനി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ മഴവെള്ളത്തിലൂടെ നടക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. മഴവെള്ളത്തില്‍ കൂടി നടക്കേണ്ടി വരുന്നവര്‍ കാലും മുഖവും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്. കണ്ണില്‍ ചുവപ്പ് കാല്‍വണ്ണയില്‍ വേദന എന്നിവ കണ്ടാല്‍ എലിപ്പനി സംശയിച്ച് ഉടനടി ചികിത്സ തേടണം.
നേരിയ പനിയോടൊപ്പം വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡെങ്കിപ്പനി സംശയിച്ച് ഉടനടി ചികിത്സ തേടേണ്ടതാണ്. ശരീരവേദനയുണ്ടായില്‍ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും വേദന സംഹാരി വാങ്ങി കഴിക്കരുത്. സ്വയംചികിത്സ പാടില്ല. ജലദോഷമുള്ളവര്‍ പ്രത്യേകമായി തൂവാല കരുതണം. പനിയുള്ള കുട്ടികളെ സ്‌കൂളില്‍ അയക്കരുത്. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.
കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. വീടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ അകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയില്‍ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീട്ടിനകത്തെ ചെടികള്‍ വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമായി കാണുന്നുണ്ട്. അതിനാല്‍ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
ഡെങ്കിപ്പനി ശ്രദ്ധിക്കാം
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിലെ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം. രോഗം കുറഞ്ഞാലും രണ്ടാഴ്ചയോളം വിശ്രമിക്കണം. ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.
എലിപ്പനി തുടക്കത്തിൽ തടയാം
എലിപ്പനി മരണങ്ങൾ പലപ്പോഴും സംഭവിക്കുന്നത് ഉടനടി ചികിത്സ തേടാത്തതിനാലാണ്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഭേദമാകാത്ത പനിയും പേശിവേദനയും ആവർത്തിച്ചുവരുന്ന പനിയും വരുകയാണെങ്കിൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കണം.
എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രം വഴി പകരുന്ന രോഗമാണിത്. ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശിവേദനയുമാണ് പ്രധാനലക്ഷണങ്ങൾ. കൂടാതെ കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തലക്ഷണങ്ങൾ തുടങ്ങിയവയും കണ്ടേക്കാം.
ഡെങ്കിയെ പ്രതിരോധിക്കാം
- ചിരട്ട, ഉപയോഗശൂന്യമായ പാത്രങ്ങൾ എന്നിവ വലിച്ചെറിയാതെ സുരക്ഷിതമായി സംസ്കരിക്കുക.
- റെഫ്രിജറേറ്ററിന്റെ പിറകിലെ ട്രേ, ചെടിച്ചട്ടികൾക്കിടയിലെ പാത്രം, അലങ്കാരച്ചെടികളുടെ പാത്രം, മൃഗങ്ങൾക്കു തീറ്റകൊടുക്കുന്ന പാത്രം തുടങ്ങിയവയിലെ വെള്ളം ആഴ്ചയിലൊരിക്കൽ മാറ്റണം.
- വെള്ളം ശേഖരിക്കുന്ന പാത്രം, ടാങ്കുകൾ എന്നിവ ആഴ്ചയിലൊരിക്കൽ കഴുകണം. വെള്ളംശേഖരിച്ചശേഷം കൊതുക് കടക്കാത്തവിധം വലയോ തുണിയോ കൊണ്ടുമൂടുക.
- കമുകിൻ പാള, മച്ചിങ്ങ, മരപ്പൊത്തുകൾ, ടയറുകൾ തുടങ്ങിയവയിൽ വെള്ളംകെട്ടിനിൽക്കാൻ അനുവദിക്കരുത്.
- റബർ തോട്ടത്തിലെ ചിരട്ടകൾ കമഴ്ത്തിവെക്കുക. ടെറസിലെയും സൺഷെയ്ഡിലെയും വെള്ളം ഒഴുക്കിക്കളയുക.
- പ്ലാസ്റ്റിക് വേലിയുടെ അടിയിൽ വെള്ളംകെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുക. ഉപയോഗിക്കാത്ത കുളം, കിണർ, വെള്ളക്കെട്ട് എന്നിവിടങ്ങളിൽ ഗപ്പി വളർത്തുക.
- കൊതുകുവല ഉപയോഗിക്കുക, വെള്ളംനിറച്ചു കുപ്പികളിൽ ചെടി വീടിനകത്ത് വെക്കുന്നത് ഒഴിവാക്കുക
Content Highlights: Dengue and rat fever spread during intermittent rains
Published: 23 Nov 2023, 04:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented