ഇന്ന് പ്രായമാകുന്നവർ ഏറ്റവുമധികം പേടിക്കുന്ന അസുഖങ്ങളിലൊന്നാണ് ഡിമെൻഷ്യ അല്ലെങ്കിൽ മറവിരോഗം. എന്നാൽ, യുവതലമുറ അതിനെ അത്രകണ്ട് ഭയപ്പെടേണ്ടതില്ലെന്ന് പുതിയ പഠനം. പുതിയ തലമുറയിൽ മറവിരോഗം ബാധിക്കാനുള്ള സാധ്യത കുറവാണ്.
ഓരോ തലമുറ കഴിയുംതോറും മറവിരോഗമുണ്ടാകാനുള്ള സാധ്യത കുറഞ്ഞുവരുന്നു. അതായത് 1890-1913 വർഷം ജനിച്ചവർക്ക് 81-85 വയസ്സിൽ മറവിരോഗം വരാനുള്ള സാധ്യത 25.1 ശതമാനമാണ്. 1939-1943 കാലത്ത് ജനിച്ചവർക്കാകട്ടെ ഇത് 15.5 ശതമാനവും. ബ്രിട്ടൺ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിലാണ് റിപ്പോർട്ട്. സ്ത്രീകളിലാണ് ഈ സാധ്യത കൂടുതൽ കുറയുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നേടാനുള്ള അവകാശം ലഭിച്ചതും ഉന്നതവിദ്യാഭ്യാസം സാർവത്രികമായതും ഈ പ്രതിഭാസത്തിന്റെ കാരണങ്ങളിലൊന്നായി കരുതപ്പെടുന്നു.
മേധാക്ഷയത്തിലേക്ക് നയിക്കാവുന്ന അസുഖങ്ങളായ ഹൃദ്രോഗം, പ്രമേഹം, കേൾവിക്കുറവ് എന്നിവയ്ക്ക് മികച്ച ചികിത്സ ലഭ്യമായതും ഒരു കാരണമാകാം. പൊതുസ്ഥലത്തെ പുകവലി നിരോധനവും ഒരു കാരണമായിക്കരുതുന്നു. ജാമാ നെറ്റ്‌വർക്ക് ഓപ്പൺ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ഡിമെൻഷ്യയെക്കുറിച്ച് ചില കാര്യങ്ങൾ
ലോകത്താകമാനം 55 ദശലക്ഷം പേരാണ് ഡിമെൻഷ്യ ബാധിതരായി ജീവിക്കുന്നത്. എല്ലാ വർഷവും 10 ദശലക്ഷം പുതിയ ഡിമെൻഷ്യ കേസുകൾ ഉണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു.
ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതലുള്ള ഡിമെൻഷ്യ രോഗങ്ങളിലൊന്നാണ് അൽഷൈമേഴ്‌സ് രോഗം. ഡിമെൻഷ്യയിലെ ഏതാണ്ട് 60-70 ശതമാനവും അൽഷൈമേഴ്‌സ് ആണ്.
ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ എന്ന് പൊതുവായി ദ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിശേഷിപ്പിക്കുന്നത്.
ഈ രോഗത്തിന് ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികപരവുമായ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് ലോകാരോഗ്യസംഘടന സൂചിപ്പിക്കുന്നു. ഇത് രോഗികളിൽ മാത്രമല്ല, രോഗികളെ പരിചരിക്കുന്നവർ, കുടുംബങ്ങൾ, സമൂഹം എന്നിവരെയും ബാധിക്കുന്നുണ്ട്.
ഓർമക്കുറവ്, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങൾ, ചിന്താശേഷിയിലെ കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പ്രശ്‌നപരിഹാരത്തിനുള്ള കഴിവ് കുറവ്, പരിചിതമായ പരിസരങ്ങൾ മറന്നുപോവുക, പരിചയമുള്ള വസ്തുക്കളെ വിശേഷിപ്പിക്കുവാൻ അപരിചിതമായ വാക്കുകൾ ഉപയോഗിക്കുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ മറക്കുക, പഴയ ഓർമകൾ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ തുടങ്ങി പലതരം ലക്ഷണങ്ങൾ ഡിമെൻഷ്യ ബാധിതരിൽ കാണാനാവുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ പട്ടികയിൽ പറയുന്നു. ഇത് ഓരോ വ്യക്തിയിലും പ്രത്യേകമായിട്ടായിരിക്കും കാണുക.
നേരത്തെ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ അത് തീവ്രമാകാതെ നോക്കി രോഗത്തെ കൃത്യമായി മാനേജ് ചെയ്യാൻ സാധിക്കും. ഡിമെൻഷ്യയ്‌ക്കൊപ്പമുള്ള ശാരീരിക രോഗങ്ങളെ ചികിത്സിക്കാനും, സ്വഭാവത്തിലെ മാറ്റങ്ങൾ മനസ്സിലാക്കാനും, രോഗികളുടെ പരിചാരകർക്ക് ആവശ്യമായ വിവരങ്ങൾ നൽകാനും നേരത്തെ രോഗം തിരിച്ചറിയുന്നത് സഹായിക്കും.
Content Highlights: New research shows a declining risk of dementia in younger generations
Published: 05 Jun 2025, 09:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented