
കൊച്ചി: അതിസങ്കീർണമായ ഹൃദയധമനി രോഗങ്ങളുടെ ചികിത്സയിൽ വൃക്കകളെ സംരക്ഷിച്ചുകൊണ്ടുള്ള നൂതന ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള പുതിയ ചികിത്സാരീതികൾ ചർച്ച ചെയ്ത് കോംപ്ലക്സ് ഹൈ റിസ്ക് ആൻഡ് ഇൻഡിക്കേറ്റഡ് പി.സി.ഐ (ചിപ്പ്) സമ്മിറ്റ് 2026 കൊച്ചി ക്രൗൺ പ്ലാസയിൽ ആരംഭിച്ചു.
സിൻസിഷ്യം ഹാർട്ട് കെയർ ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനം ഡോ. അശോക് സേത്ത്,ഡോ. രാമകൃഷ്ണ പിള്ള എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രൊഫ. ലിം സൂ ടിയ്ക് (സിംഗപ്പൂർ) , ഡോ. വത്താരു നാഗമത്സു (ജപ്പാൻ), ഡോ. തോമസ് മരെക് (പോളണ്ട്), ഡോ. പിയോട്ടർ ജെ. വസീൻസ്കി, ഡോ. അരസി മാരൻ, ഡോ. രമേഷ് ദഗ്ഗുബാട്ടി (അമേരിക്ക), ഓർഗനൈസിങ് ചെയർമാൻ ഡോ. അനിൽകുമാർ ആർ, ഓർഗനൈസിങ് സെക്രട്ടറി ഡോ. സന്ദീപ് .ആർ, കോഴ്സ് ഡയറക്ടർമാരായ ഡോ. ദീപക് ഡേവിഡ്‌സൺ, ഡോ. രാജശേഖർ വർമ്മ, ഡോ. അനിൽ ബാലചന്ദ്രൻ, കോഴ്സ് കോ-ഡയറക്ടർ ഡോ. ജിമ്മി ജോർജ് എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.
ഹൃദ്രോഗ ചികിത്സാ രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഡോ. അശോക് സേത്തിനും (ന്യൂഡൽഹി) ഡോ. രാമകൃഷ്ണ പിള്ളയ്ക്കും (ഗുരുഗ്രാം)ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിച്ചു. സങ്കീർണ ഹൃദയധമനി രോഗങ്ങളുടെ ചികിത്സ കഴിഞ്ഞ ഒരു ദശകത്തിനിടെ വലിയ മാറ്റങ്ങൾക്ക് വിധേയമായതായി ഡോ. അനിൽകുമാർ ആർ പറഞ്ഞു.
മുമ്പ് കത്തീറ്റർ ചികിത്സയ്ക്ക് അനുയോജ്യമല്ലെന്ന് കരുതിയിരുന്ന നിരവധി രോഗികളിൽ ഇന്ന് അത്യാധുനിക ഇമേജിങ് സാങ്കേതിക വിദ്യകൾ, പ്രത്യേക ചികിത്സാ ഉപകരണങ്ങൾ, നൂതന ചികിത്സാരീതികൾ എന്നിവ വഴി സുരക്ഷിതമായ ചികിത്സ സാധ്യമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വൃക്കകളെ സുരക്ഷിതമാക്കിയുള്ള ആൻജിയോപ്ലാസ്റ്റി സമ്മേളനത്തിൽ പ്രധാന ചർച്ചാവിഷയമായി. ദീർഘകാല വൃക്കരോഗമുള്ളവർക്ക് ആൻജിയോപ്ലാസ്റ്റി ആവശ്യമായി വരുമ്പോൾ സാധാരണ ഉപയോഗിക്കുന്ന കോൺട്രാസ്റ്റ് ഡൈ വൃക്കകളെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
"നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇന്ന് വളരെ കുറഞ്ഞ അളവിലുള്ള കോൺട്രാസ്റ്റ് ഉപയോഗിച്ചോ ചില രോഗികളിൽ കോൺട്രാസ്റ്റ് ഉപയോഗിക്കാതെയോ പോലും സങ്കീർണ ആൻജിയോപ്ലാസ്റ്റി നടത്താൻ കഴിയുന്നുണ്ട്. ആധുനിക ഹൃദ്രോഗ ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റങ്ങളിലൊന്നാണ് ഇത്." ഡോ. അനിൽകുമാർ ആർ പറഞ്ഞു.
ഹൃദയധമനികളുടെ ഉൾവശം കൂടുതൽ കൃത്യമായി കാണാൻ സഹായിക്കുന്ന ഇൻട്രാവാസ്കുലർ ഇമേജിങ് സാങ്കേതിക വിദ്യകളുടെ ഉപയോഗമാണ് സമ്മേളനത്തിലെ മറ്റൊരു പ്രധാന ചർച്ചാവിഷയമെന്ന് കോഴ്‌സ് ഡയറക്ടർ ഡോ. ദീപക് ഡേവിഡ്‌സൺ പറഞ്ഞു.
"പരമ്പരാഗത ആൻജിയോഗ്രാമിനെ മാത്രം ആശ്രയിക്കാതെ രക്തക്കുഴലുകളുടെ ഉൾഭാഗം നേരിട്ട് വിലയിരുത്താനും കാൽസ്യം അടിഞ്ഞു കൂടിയതിൻ്റെ അളവ് കൃത്യമായി മനസ്സിലാക്കാനും ഏറ്റവും അനുയോജ്യമായ ചികിത്സാരീതി തിരഞ്ഞെടുക്കാനും സ്റ്റന്റ് കൂടുതൽ കൃത്യതയോടെ സ്ഥാപിക്കാനും ഈ സാങ്കേതിക വിദ്യകൾ സഹായിക്കും. ഇതു വഴി സങ്കീർണ ഹൃദയധമനി ചികിത്സകൾ കൂടുതൽ സുരക്ഷിതവും ഫലപ്രദവുമാകുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർ അവതരിപ്പിക്കുന്ന അതിസങ്കീർണ ചികിത്സാ കേസുകൾ അന്താരാഷ്ട്ര വിദഗ്ധരുമായി ചേർന്ന് വിശകലനം ചെയ്യുന്ന "ചിപ്പ് അവഞ്ചേഴ്സ്" സെഷനുകളും സമ്മേളനത്തിന്റെ പ്രധാന ആകർഷണമാണെന്ന് ഓർഗനൈസിങ് സെക്രട്ടറി ഡോ. സന്ദീപ് ആർ പറഞ്ഞു.
ചികിത്സകൾക്കിടെയുണ്ടാകുന്ന വെല്ലുവിളികളും അവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന രീതികളും സമ്മേളനത്തിൽ പ്രത്യേകമായി ചർച്ച ചെയ്യും.
കാൽസ്യം ബ്ലോക്കുകളുള്ള ഹൃദയധമനികളുടെ ചികിത്സ, പൂർണമായി അടഞ്ഞ ഹൃദയധമനികൾ തുറക്കുന്നതിനുള്ള നൂതന ഇടപെടലുകൾ, ഇടത് പ്രധാന ഹൃദയധമനിയിലെ ചികിത്സ, ബൈപാസ് ശസ്ത്രക്രിയയ്ക്കുശേഷമുള്ള ഹൃദയധമനി രോഗങ്ങൾ, കാർഡിയോജെനിക് ഷോക്ക്, രക്തക്കുഴലുകളിലേക്കുള്ള സുരക്ഷിത പ്രവേശന മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാന ശാസ്ത്ര സെഷനുകൾ നടക്കുന്നത്. സ്കിൽ ലാബുകൾ, മാസ്റ്റർക്ലാസുകൾ, വിദഗ്ധ ചർച്ചകൾ എന്നിവയും സമ്മേളനത്തിന്റെ ഭാഗമാണ്.
ഇന്ത്യ, അമേരിക്ക, ദക്ഷിണാഫ്രിക്ക, ജപ്പാൻ, സിംഗപ്പൂർ, ഇറ്റലി, പോളണ്ട്, മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റുകളാണ് സമ്മേളനത്തിലെ ശാസ്ത്ര സെഷനുകൾക്ക് നേതൃത്വം നൽകുന്നത്. സമ്മേളനം ഞായറാഴ്ച സമാപിക്കും .
Content Highlights: Introduction of kidney-safe angioplasty techniques using minimal contrast., Emphasis on intravascular imaging for precise stent placement
Published: 02 Aug 2026, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented