കുട്ടികളുടെ കുടലിന്റെ ആരോ​ഗ്യം മോശമാകുന്നത് അവരുടെ രോ​ഗപ്രതിരോധശേഷിയേയും ദുർബലപ്പെടുത്തിയേക്കുമെന്നാണ് പുറത്തുവരുന്ന പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ, ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ഡോ. ലവ്നീത് ബത്ര. ഗട്ട് മൈക്രോബയോമിനെക്കുറിച്ചും അവ രോ​ഗപ്രതിരോധശേഷിയെ എങ്ങിനെ ബാധിക്കുമെന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അവർ പറയുന്നു. 

To advertise here,

പ്രതിരോധശേഷി വർധിപ്പിക്കുകയും മാനസികാവസ്ഥയെ സ്വാധീനിക്കുകയും ചെയ്യുന്ന കോടിക്കണക്കിന് സൂക്ഷ്മാണുക്കൾ കുട്ടിയുടെ ശരീരത്തിലുണ്ടെന്നാണ് ഡോക്ടർ പറയുന്നത്. ഇവ കുട്ടിയുടെ ഭാവിയിലെ ആരോ​ഗ്യത്തെപ്പോലും സംരക്ഷിക്കുമെന്നാണ് ഇവർ പറയുന്നത്. എന്നാൽ, ജങ്ക് ഫുഡ് കഴിക്കുന്നത്, ആൻറിബയോട്ടിക്കുകളുടെ അമിത ഉപയോഗം, വർധിച്ച സ്ക്രീൻ സമയം എന്നിവ അടങ്ങുന്ന ജീവിതശൈലി ഈ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു. അതുവഴി, ഇത് നമ്മുടെ കുടലിന്റെ ആരോ​ഗ്യത്തേയും നേരിട്ട് ബാധിക്കുന്നു. 

ഈ ജീവിതശൈലി കുടലിന്റെ ആരോ​ഗ്യത്തിന് ഒട്ടം ​ഗുണകരമല്ലെന്ന് അവർ പറയുന്നു. ചിപ്‌സ്, ബിസ്‌ക്കറ്റ്, മധുരപാനീയങ്ങൾ, അമിതമായി സംസ്കരിച്ച ഭക്ഷണം എന്നിവയെല്ലാം നല്ല ബാക്ടീരിയകളെ ഇല്ലാതാക്കുകയും ശരീരത്തിൽ ഇൻഫ്ലമേഷന് കാരണമാക്കുകയും ചെയ്യുന്നു. ജീവൻ രക്ഷിക്കാൻ സഹായിക്കുമെങ്കിലും ആന്റിബയോട്ടിക്കുകൾ ഉപകാരപ്രദമായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുമെന്നാണ് ഡോക്ടർ പറയുന്നത്. 

അതിനാൽ, കുട്ടിയുടെ ആരോ​ഗ്യത്തിന് ആവശ്യമായ പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്ന് മാതാപിതാക്കളെ ഓർമിപ്പിച്ചുകൊണ്ടാണ് അവർ തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്. ലക്ഷണങ്ങൾ വഷളായി വിട്ടുമാറാത്ത പ്രശ്‌നങ്ങളായി മാറുന്നതിന് മുമ്പ് കുട്ടികളുടെ കുടലിന്റെ ആരോ​ഗ്യം സംരക്ഷിക്കണമെന്നും ഇവർ കൂട്ടിച്ചേർത്തു.