സ്റ്റിഫ് പേഴ്സൺ സിൻഡ്രോം എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ച് കനേഡിയൻ ഗായിക സെലിൻ മേരി ഡിയോൺ നേരത്തേ പങ്കുവെച്ചിരുന്നു. പത്തുലക്ഷത്തിലൊരാളെ മാത്രം ബാധിക്കാറുള്ള അത്യപൂർവമായ ന്യൂറോളജിക്കൽ ഡിസോർഡറാണ് താരത്തെ ബാധിച്ചത്. ചികിത്സ ആരംഭിച്ച താരം വേദികൾക്ക് താൽക്കാലികമായി ഇടവേള നൽകിയിരിക്കുകയായിരുന്നു. ഇപ്പോഴിതാ പാരീസ് ഒളിമ്പിക്സ് 2024-ലൂടെ ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് സെലിൻ.
വെള്ളിയാഴ്ച നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിലാണ് താരം സംഗീതപരിപാടി നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി സെലിൻ പാരീസിലെ റോയൽ മോൺസോ ഹോട്ടലിൽ എത്തിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
2022-ൽ ഡിസംബറിൽ രോഗം സ്ഥിരീകരിച്ചതിനുപിന്നാലെ സെലിൻ വേദികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. പതിനേഴ് വർഷത്തോളമായി ഈ രോഗം തിരിച്ചറിയപ്പെടാതെയും സ്ഥിരീകരിക്കാതെയുമാണ് കടന്നുപോയതെന്നും താരം മുമ്പ് പറഞ്ഞിരുന്നു. രണ്ടായിരത്തിന്റെ പകുതിയോടെയാണ് തനിക്ക് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതെന്നാണ് സെലിൻ പറഞ്ഞത്. പേശീസങ്കോചം, ശ്വാസമെടുക്കാനും പാട്ടുപാടാനുമുള്ള ബുദ്ധിമുട്ട് തുടങ്ങിയവാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ശരീരമാസകലം വേദനകൊണ്ട് പുളയാറുമുണ്ടായിരുന്നു. ഇരുപതുവർഷം മുമ്പ് ജർമനിയിൽ വച്ച് ഒരു ടൂറിനിടെയാണ് ആദ്യമായി പേശീവലിവ് അനുഭവപ്പെട്ടതെന്നും പ്രാതൽ കഴിഞ്ഞയുടൻ ഒരുതരം പിരിമുറുക്കം അനുഭവപ്പെടുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
ചൂടുവെള്ളത്തിൽ കുളിക്കുന്നതുമുതൽ, ഓവർ ദി കൗണ്ടർ മരുന്നുകൾ വാങ്ങിയും ഇ.എൻ.ടി. ഡോക്ടർ, ഒഫ്താൽമോളജിസ്റ്റ് തുടങ്ങിയവരെ കണ്ടെങ്കിലും രോഗശമനമുണ്ടായില്ല. ലക്ഷണങ്ങൾ വീണ്ടും മൂർച്ഛിച്ചതോടെ പരിപാടികൾ അവതരിപ്പിക്കാൻ കഴിയാതായി. പതിയെ പേശികൾക്ക് അയവു നൽകുന്ന മരുന്നുകൾ സ്വീകരിച്ചുതുടങ്ങി. തുടക്കത്തിൽ രണ്ടു മില്ലിഗ്രാമിന്റെ മരുന്നുകളാണ് കഴിച്ചതെങ്കിൽ വൈകാതെ അതിന്റെ അളവ് കൂട്ടിക്കൂട്ടി 90 മില്ലിഗ്രാം വരെയെത്തി. അപ്പോഴും രോഗലക്ഷണങ്ങൾക്ക് കുറവുണ്ടായില്ല. വൈകിയാണെങ്കിലും രോഗസ്ഥിരീകരണം നടത്തിയതിനുപിന്നാലെ വേണ്ട ചികിത്സകൾ ചെയ്തതോടെ മാറ്റമുണ്ടായെന്നും സെലിൻ പറഞ്ഞിരുന്നു.
എന്താണ് സ്റ്റിഫ് പേഴ്സൺ സിൻഡ്രോം?
അപൂർവമായി കാണപ്പെടുന്ന ഓട്ടോഇമ്മ്യൂൺ രോഗാവസ്ഥയാണ് ഇത്. കേന്ദ്രനാഡീവ്യവസ്ഥയെ ആണ് ഈ രോഗം ബാധിക്കുന്നത്. കഴുത്തുമുതൽ അരക്കെട്ടു വരെയുള്ള ഭാഗത്തെ പേശികൾക്ക് വഴക്കക്കുറവ് അനുഭവപ്പെടുന്നതാണ് ലക്ഷണങ്ങളുടെ തുടക്കം. വൈകാതെ ഇത് കൈകളിലേക്കും ശരീരത്തിലെ മറ്റു പേശികളിലേക്കും ബാധിക്കും. ക്രമേണ വേദന അനുഭവപ്പെടുന്ന പേശീവലിവിലേക്കും നയിക്കും. ശബ്ദം, മാനസിക പ്രക്ഷോഭം, നേരിയ സ്പർശനം തുടങ്ങിയവ പോലും ചിലഘട്ടങ്ങളിൽ പേശീവലിവ് കൂട്ടിയേക്കാം. തീവ്രമാകുന്ന അവസ്ഥയിൽ നടക്കാനോ ചലിക്കാനോ പോലും ബുദ്ധിമുട്ട് അനുഭവപ്പെടാം.
പത്തുലക്ഷത്തിൽ ഒരാൾക്ക് എന്ന നിലയിൽ അപൂർവമായാണ് ഈ രോഗം ബാധിക്കുക. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏതു പ്രായത്തിലും ലക്ഷണങ്ങൾ അനുഭവപ്പെടാമെങ്കിലും മുപ്പതിനും അറുപതിനും ഇടയിൽ പ്രായമുള്ളവരെയാണ് കൂടുതലും ബാധിക്കുന്നത്. ഡയബറ്റിസ്, തൈറോയ്ഡിറ്റിസ്, വിറ്റിലിഗോ, കടുത്ത അനീമിയ തുടങ്ങിയ രോഗാവസ്ഥകളിൽ ഉള്ളവരിലാണ് സ്റ്റിഫ് പേഴ്‌സൺ സിൻഡ്രം കൂടുതൽ കാണപ്പെടുന്നത്. ചിലതരം അർബുദ ബാധിതരിലും (സ്തനം, ശ്വാസകോശം, വൃക്ക, തൈറോയ്ഡ്, കുടൽ ) രോഗാവസ്ഥ കണ്ടുവരാറുണ്ട്.
എന്താണ് കാരണം?
സ്റ്റിഫ് പേഴ്‌സൺ സിൻഡ്രം എന്ന രോഗാവസ്ഥയ്ക്കു പിന്നിലെ കാരണം എന്തെന്നത് ഗവേഷകരിൽ അവ്യക്തമായി തുടരുകയാണ്. ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളെ പ്രതിരോധശേഷി 'ആക്രമിക്കുന്ന', ഓട്ടോഇമ്മ്യൂൺ രോഗമായാണ് നിർവചിക്കുന്നത്. മാസങ്ങളും വർഷങ്ങളുമെടുത്താണ് സ്റ്റിഫ് പേഴ്‌സൺ സിൻഡ്രമിന്റെ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങുക. ചിലരിൽ കാലക്രമേണ രോഗം അടങ്ങുമെങ്കിലും ചിലരിൽ ഗുരുതരമാവുകയും ചെയ്യും. തുടക്കത്തിൽ വന്നും പോയുമിരിക്കുന്ന വേദനയും പേശീവലിവുമാണെങ്കിൽ പിന്നീട് അത് സ്ഥിരമാവുകയാണ് കാണാറുള്ളത്. ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയാണ് നൽകാറുള്ളത്. വേദനയും അസ്വസ്ഥതകളും കുറയ്ക്കാനും ശരീരത്തിന്റെ ചലനശേഷി പഴയപടി ആക്കാനുമുള്ള ചികിത്സയാണ് നൽകുക.
Content Highlights: celine dion to perform at paris olympics amid stiff person syndrome battle
Published: 24 Jul 2024, 03:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented